തീരദേശത്ത് സന്തോഷച്ചാകര ഫിഷറീസ് വകുപ്പ് ദ്രോഹിക്കുന്നതായി മത്സ്യത്തൊഴിലാളികള്‍
പൊന്നാനി: ട്രോളിങ് നിരോധവും ഫോര്‍മാലിന്‍ കലര്‍ന്ന മീന്‍ വില്‍പനയും താറുമാറാക്കിയ മത്സ്യമേഖലയില്‍ ആഹ്ലാദവും ആശ്വാസവുമായി ചാകര. രണ്ടു ദിവസമായി തീരദേശം സക്രിയമാണ്. ഇന്നലെ വൈകിട്ടാണ് ചെമ്മീനുമായി വള്ളങ്ങള്‍ എത്തിത്തുടങ്ങിയത്.
ചൊവ്വാഴ്ച രാവിലെ മുതല്‍ അയലയും പാരമീനുമായി നിരവധി വള്ളങ്ങളെത്തിയിരുന്നു. ട്രോളിങ് നിരോധന കാലത്ത് ഇതര ദേശത്തുനിന്നെത്തുന്ന മീനാണ് വില്‍പന നടത്താറ്. വിഷം കലര്‍ന്ന മീനെന്ന പ്രചാരണം വില്‍പനയെ സാരമായി ബാധിച്ചിരുന്നു. തൊഴിലാളികള്‍ ജോലിയില്ലാതെ വലയുന്ന ഘട്ടത്തിലാണ് ചാകരയെത്തിയിരിക്കുന്നത്.
അതേസമയം, കടലില്‍നിന്നു പിടിച്ചുകൊണ്ടുവരുന്ന മത്സ്യങ്ങള്‍ നിസാര കാരണങ്ങള്‍ പറഞ്ഞ് ഫിഷറീസ് വകുപ്പ് പിടികൂടി വന്‍ തുക പിഴ ചുമത്തുകയാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. പോത്തന്‍ വലകള്‍ ഉപയോഗിച്ചു മത്സ്യബന്ധനം നടത്തിയെന്നാരോപിച്ചു രണ്ടു വള്ളങ്ങളില്‍നിന്ന് ഇന്നലെ മുപ്പതിനായിരം രൂപയാണ് ഫിഷറീസ് വകുപ്പ് പിഴ ഈടാക്കിയത്.
ഏറെ നഷ്ടം സഹിച്ചു കടലില്‍ പോകുമ്പോള്‍ ഫിഷറീസ് വകുപ്പ് ദ്രോഹിക്കുകയാണ് ചെയ്യുന്നതെന്നു മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു.
പോത്തന്‍ വലകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിച്ചതാണെന്നും തങ്ങള്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്നും ഫിഷറീസ് വകുപ്പ് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം നാല്‍പതിനായിരം ടണ്‍ നിരോധിത മത്സ്യങ്ങള്‍ പിടികൂടിയത് ഫിഷറീസ് വകുപ്പ് കണ്ടെത്തി കടലിലേക്കുതന്നെ നിക്ഷേപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."