മലപ്പുറം നല്‍കുന്നത് വിനാശത്തിന്റെ സന്ദേശം: കെ. സുരേന്ദ്രന്‍
പാലക്കാട്: മലപ്പുറത്ത് യു.ഡി.എഫ് നേടിയത് ഒരു ശതമാനം പോലും മതേതര വിജയമല്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. മുസ്‌ലിംകള്‍ക്ക് മാത്രം അംഗത്വം നേടാനാകുന്ന പാര്‍ട്ടി നേടിയ വിജയം കടുത്ത വര്‍ഗീയതയുടെ മാത്രം വിജയമാണെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പി സംസ്ഥാന നിര്‍വാഹക സമിതി യോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍.
ശക്തമായ വര്‍ഗീയ പ്രചാരണമാണ് ഇടത്-വലത് മുന്നണികള്‍ മലപ്പുറത്ത് നടത്തിയത്. 73 ശതമാനത്തോളം വരുന്ന മുസ്‌ലിം വോട്ടുകള്‍ കൈക്കലാക്കാന്‍ ഇരു മുന്നണികളും ശക്തമായ പരിശ്രമമാണ് നടത്തിയത്. മുസ്‌ലിം സമുദായത്തിനിടയില്‍ ആശങ്കയും പരിഭ്രാന്തിയും പരത്തി രക്ഷകരായി ചമയാനാണ് ഇരു കൂട്ടരും ശ്രമിച്ചത്. മലപ്പുറത്ത് അത് പ്രയോജനം ചെയ്‌തെങ്കിലും വിദൂരഭാവിയില്‍ വിനാശകരമായി ഭവിക്കും. അതില്‍ മുസ്‌ലിം ലീഗിനും സി.പി.എമ്മിനും തുല്യ പങ്കുണ്ട്.
കേരളത്തിലെ മറ്റ് 19 ലോകസഭാ മണ്ഡലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബി.ജെ.പി ഏറ്റവും ദുര്‍ബലമായ മണ്ഡലമാണ് മലപ്പുറം. അവിടെ മികച്ച പ്രകടനമാണ് പാര്‍ട്ടി നടത്തിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."