സാമ്പത്തിക പ്രതിസന്ധി രൂക്ഷം; വമ്പന്മാരുടെ നികുതി കുടിശ്ശിക കോടികള്‍
പാലക്കാട്: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും സ്വകാര്യമേഖലയിലെ വന്‍കിട കമ്പനികള്‍ സര്‍ക്കാരിലേക്കടയ്ക്കാനുള്ളത് കോടികള്‍. വില്‍പന നികുതി, മോട്ടോര്‍ വാഹന നികുതി, വൈദ്യുതി ബില്ല് തുടങ്ങിയ ഇനങ്ങളിലായി 5,000 കോടിയിലധികം രൂപയാണ് സര്‍ക്കാര്‍ ഖജനാവിലെത്താതെ കിടക്കുന്നത്.
വില്‍പന നികുതി 2,464 കോടി, മോട്ടോര്‍ വാഹന നികുതി 23 കോടി, വൈദ്യുതി ബില്ല് 3,000 കോടി, കാര്‍ഷിക നികുതി 32 കോടി എന്നിങ്ങനെയാണ് മാര്‍ച്ച് വരെയുള്ള സംസ്ഥാനത്തെ കുടിശ്ശിക.
കോളക്കമ്പനികളും ഇരുമ്പുരുക്കു ഫാക്ടറികളും സ്ഥിതിചെയ്യുന്ന പാലക്കാട് ജില്ലയില്‍ 400 കോടി രൂപയാണ് പിരിഞ്ഞുകിട്ടാനുള്ളത്. പെപ്‌സി ഉള്‍പ്പടെയുള്ള കമ്പനികള്‍ നല്‍കാനുള്ള വില്‍പന നികുതിയാണ് ഇതിലേറെയും.
ഔദ്യോഗിക കണക്കനുസരിച്ച് 240,65,79,796 രൂപയുടെ ജപ്തി നടപടികള്‍ പൂര്‍ത്തിയാകാതെ കിടക്കുന്നുണ്ട്. ഈ തുകയ്‌ക്കൊപ്പം പലിശയും ജപ്തി നടപടികള്‍ ആരംഭിക്കാത്ത കേസുകളിലെ തുകയും ഉള്‍പ്പെടുത്തിയാല്‍ കുടിശ്ശിക ഇരട്ടിയാകും. ഹൈക്കോടതിയുടെയും കീഴ്‌ക്കോടതികളുടെയും ഉത്തരവുകള്‍ മൂലം തടസപ്പെട്ട ജപ്തി നടപടികളാണ് കൂടുതലായുള്ളത്.
ജില്ലയില്‍ 712 കേസുകളിലായി 182,02,03,569 രൂപയാണ് ഈ വിഭാഗത്തിലുള്ളത്. കൂടാതെ വില്‍പന നികുതി വിഭാഗത്തിനു കീഴിലുള്ള അപ്പീല്‍ (അപ്പലറ്റ്) അതോറിറ്റി തടഞ്ഞുവച്ച 12,760 കേസുകളിലെ 18,47,31,000 രൂപയും ഖജനാവിലെത്തിയിട്ടില്ല.
2,097 കേസുകളിലായി മന്ത്രിമാരും കലക്ടര്‍മാരും നല്‍കിയ സ്റ്റേ കാരണം 37,29,56,000 രൂപയും ജപ്തി നടപടി പൂര്‍ത്തിയാകാതെ ജില്ലയിലുണ്ട്. കഞ്ചിക്കോട്ടെ പെപ്‌സി കമ്പനിയാണ് (72,72,59,508 രൂപ ഹൈക്കോടതി സ്‌റ്റേ ചെയ്യ്തത്) ജില്ലയില്‍ വില്‍പന നികുതിയിനത്തില്‍ ഏറ്റവും കൂടുതല്‍ തുക അടയ്ക്കാനുള്ളത്. കഞ്ഞിക്കോട്ടെ മദ്രാസ് സ്പിന്നേഴ്‌സിന്റെ വൈദ്യുതി കുടിശ്ശികയായ രണ്ടേ മുക്കാല്‍ കോടി രൂപയുടെ ലേല നടപടി തൊഴിലാളികളുടെ എതിര്‍പ്പുകാരണം മുടങ്ങിക്കിടക്കുകയാണ്.
ജപ്തി തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവുകള്‍ നീക്കിക്കിട്ടാനുള്ള നടപടികള്‍ക്കു വില്‍പന നികുതി, വൈദ്യുതി മേലാധികാരികള്‍ കാലതാമസം വരുത്തുന്നതായും പരാതിയുണ്ട്. പെപ്‌സിയുടെ നികുതി കുടിശ്ശികയായ 73 കോടി രൂപയുടെ ജപ്തി നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്യ്തത് വെക്കേറ്റ് ചെയ്യാന്‍ ഇനിയുമായിട്ടില്ല. നികുതി കണക്കാക്കിയതില്‍ വീഴ്ചപറ്റിയിട്ടുണ്ടെന്ന് കാണിച്ചായിരുന്നു വിധി. എന്നാല്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ മൗനം പാലിച്ചതാണ് കേസിലെ സര്‍ക്കാര്‍ പരാജയത്തിനു കാരണമെന്നാണ് ആക്ഷേപം. വില്‍പന നികുതി വിഭാഗത്തിന്റെ കീഴിലുള്ള അപ്പലറ്റ് അതോറിറ്റിയുടെ മന്ദഗതിയിലുള്ള പ്രവര്‍ത്തനവും നികുതി പിരിവിനെ ബാധിക്കുന്നുണ്ട്.
നികുതി നിര്‍ണയവുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ പേരില്‍ അപ്പലറ്റ് അതോറിറ്റി സ്‌റ്റേ ചെയ്യ്ത അരലക്ഷത്തിലധികം കേസുകള്‍ സംസ്ഥാനത്തു തീര്‍പ്പാകാതെ കിടക്കുകയാണ്.
ജില്ലാ കേന്ദ്രങ്ങളിലുണ്ടായിരുന്ന അപ്പലറ്റ് അസിസ്റ്റന്റ് കമ്മിഷണര്‍ തസ്തിക എടുത്തുകളഞ്ഞതാണ് ഇതിനു കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വാറ്റ് വന്നതോടെ സംസ്ഥാനത്ത് നോര്‍ത്ത്, സെന്‍ട്രല്‍, സൗത്ത് സോണുകളിലായി മൂന്ന് അപ്പലറ്റ് അതോറിറ്റികളാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."