വന്ദേഭാരത് മിഷന്‍ ; നാളത്തെ റിയാദ് ദമ്മാം സർവീസുകൾ റദ്ദാക്കി
ജിദ്ദ: കൊവിഡ് പശ്ചാത്തലത്തിൽ സഊദിയിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിൽ എത്തിക്കുന്നതിന് വന്ദേഭാരത് മിഷന്‍ പ്രകാരം റിയാദില്‍ നിന്നും ദമാമില്‍ നിന്നുംഇന്ന് (ബുധന്‍) പോകേണ്ട എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി.
റിയാദില്‍ നിന്ന് കൊച്ചിയിലേക്കുള്ള എ.ഐ 0924 വിമാനം വെള്ളിയാഴ്ചത്തേക്കും ദമാമില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എഐ 1942 വിമാനം ശനിയാഴ്ചത്തേക്കും മാറ്റിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു.
അതേ സമയം മുന്നറിയിപ്പ് ഇല്ലാതെ അവസാന നിമിഷം മാറ്റിയത് നിരവധി പേരെ പ്രതിസന്ധിയിലാക്കി. സർവിസ് മാറ്റിയത് ചൊവ്വാഴ്ച വൈകീട്ട് മാത്രമാണ് യാത്രക്കാരെ അറിയിച്ചത്. ഇതു സഊദിയിലെ വിവിധ ഭാഗങ്ങളിൽനിന്ന് റിയാദിലും ദമ്മാമിലും എത്തിയ യാത്രക്കാരെയാണ് ഏറെ വലച്ചത്.
നിലവിൽ സഊദിയിൽ രാത്രി സമയങ്ങളിലെ കർഫ്യു നിയന്ത്രണങ്ങൾ കാരണം കൊച്ചി വിമാനത്തിൽ പോകാൻ ഒരു ദിവസം മുമ്പെ റിയാദിലെത്തി ഹോട്ടലിൽ കഴിയുന്ന ഗർഭിണികളടക്കമുള്ള യാത്രക്കാരാണ് പാതിവഴിയിൽ കുടുങ്ങിയത്. ഇവരിൽ പ്രായംചെന്നവരും രോഗികളും വിസ കാലാവധി കഴിഞ്ഞ സന്ദർശന വിസക്കാരും ഉണ്ട്. കഴിഞ്ഞ ദിവസം റിയാദിൽ വൃക്ക സംബന്ധമായ അസുഖം മൂലം മരണമടഞ്ഞ മലയാളിയുടെ കുടുംബവും ഈ വിമാനത്തിൽ പോകാൻ ടിക്കറ്റ് എടുത്തിരുന്നു.
ബുറൈദ, ഹാഇൽ, ദാവാദ്മി, ഹുത്ത സുദൈർ, മജ്‌മഅ, അൽഖർജ് തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് റിയാദിൽ എത്തിച്ചേർന്നവർക്കാണ് തിരിച്ചുപോകാനാകാതെ അടുത്ത മൂന്ന് ദിവസം കൂടി റിയാദിൽ കഴിയേണ്ട അവസ്ഥയുണ്ടായത്. നിലവിൽ സഊദിയിലെ പ്രവാസി മലയാളികളോട് കടുത്ത അവഗണനയാണ് അധികൃതരുടെ ഭാഗത്തു നിന്നും നേരിട്ടേടിവരുന്നത്. വന്ദേഭാരത് മിഷനിൽ മൂന്നാം ഘട്ടത്തിൽ 22 വരെയുള്ള വിമാനങ്ങളുടെ ഷെഡ്യൂൾ ഇന്ത്യൻ എംബസി പുറത്തിറക്കിയപ്പോൾ കേരളത്തിലേക്ക് ഒരൊറ്റ സർവീസ് പോലുമില്ല. 19ന് ദമാമിൽനിന്ന് ലഖ്‌നൗവിലേക്കാണ സർവീസ് 21ന് ദമാമിൽനിന്ന് ട്രിച്ചി, ഗയ, അഹമ്മദാബാദ്, മംഗളൂരു എന്നിവടങ്ങളിലേക്ക് സർവീസുണ്ട്. 22ന് ജിദ്ദയിൽനിന്ന് പൂനെ, ലഖ്‌നൗ, കോയമ്പത്തൂർ, റിയാദിൽനിന്ന് ഭുവനേശ്വർ-കൊൽക്കത്ത, ഗയ, ബംഗളൂരു എന്നിവടങ്ങളിലേക്കും സർവീസുണ്ട്.
19ന് ലഖ്‌നൗവിലേക്കുള്ള സർവീസ് ഗോ എയറാണ് നടത്തുന്നത്. ബാക്കിയെല്ലാ സർവീസുകളും ഇൻഡിഗേയാണ് നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."