അധ്യാപകര്‍ക്ക് ശമ്പളമില്ല; ഇടതുപക്ഷം കനിയുമോ ഇവരുടെ അടുപ്പില്‍ തീ പുകയാന്‍
എടച്ചേരി: ശമ്പളമില്ലാതെ ജോലി ചെയ്തു കഴിഞ്ഞ മൂന്നു വര്‍ഷത്തിലേറെയായി കേരളത്തിലെ ഒരു വിഭാഗം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകര്‍ ദുരിതജീവിതം നയിക്കുകയാണ്. 2014ല്‍ സംസ്ഥാന സര്‍ക്കാര്‍ പുതുതായി അനുവദിച്ച ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും, മറ്റു സ്‌കൂളുകളിലെ പുതിയ ബാച്ചുകളിലെ വിവിധ തസ്തികകളിലുമായി നിയമിതരായ ആയിരക്കണക്കിന് വരുന്ന ഗസ്റ്റ് അധ്യാപകരാണ് ഇത്തരത്തില്‍ കഷ്ടപ്പെടുന്നത്. ഈ അധ്യയനവര്‍ഷത്തിന്റെ ഒന്നാംമാസം പിന്നിട്ടിട്ടും ഇവര്‍ക്ക് ശമ്പളം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതരുടെ ഭാഗത്തു നിന്ന് ഒരു നീക്കവുമുണ്ടായിട്ടില്ല.
2014 ജൂലൈ 31ന് ഇറക്കിയ ഉത്തരവിന്റെ വെളിച്ചത്തിലാണ് 131 സ്‌കൂളുകള്‍ ഹയര്‍ സെക്കന്‍ഡറിയായി അപ്‌ഗ്രേഡ് ചെയ്തത്. അതേ ഉത്തരവിലൂടെ തന്നെ സര്‍ക്കാര്‍, എയിഡഡ് മേഖലകളിലായി വിവിധ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പുതിയ ബാച്ചുകളും അനുവദിക്കുകയുണ്ടായി. ഇത്തരത്തില്‍ അധികമായി അനുവദിച്ച 700 ഹയര്‍ സെക്കന്‍ഡറി ബാച്ചുകളില്‍ ജോലി ചെയ്തുവരുന്ന ഗസ്റ്റ് അധ്യാപകരാണ് ശമ്പളമില്ലാതെ വലയുന്നത്. നിശ്ചിത യോഗ്യത ഉള്ളവരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിച്ച് അധ്യയനത്തിന് തടസമില്ലാതാക്കണമെന്നതായിരുന്നു അന്നത്തെ സര്‍ക്കാര്‍ നിര്‍ദേശം.ആദ്യ അധ്യയനവര്‍ഷം ഒരു ബാച്ചില്‍ കുറഞ്ഞത് 40 കുട്ടികളും തുടര്‍ന്നുളള വര്‍ഷങ്ങളില്‍ കുറഞ്ഞത് 50 കുട്ടികളും ഉണ്ടായിരിക്കണമെന്നും സര്‍ക്കാര്‍ വ്യവസ്ഥ വച്ചു. വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടുതന്നെ പി.ജി ബിരുദവും ബി.എഡും സെറ്റ് യോഗ്യതയുമുള്ളവരാണ് നിയമനം ലഭിച്ച മുഴുവന്‍ അധ്യാപകരും. മാത്രമല്ല ഇവരില്‍ പലരും ഒന്നിലധികം ബിരുദവും ബിരുദാനന്തര ബിരുദവുമുളളവരാണ്. രണ്ടുവര്‍ഷം ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാത്തതിനാല്‍ ഏറെ നിരാശയിലാണ് ഈ അധ്യാപകര്‍. ഇടതുപക്ഷ സര്‍ക്കാര്‍ തങ്ങളുടെ രക്ഷയ്‌ക്കെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം പോറ്റാന്‍ പാടുപെടുന്ന ഈ അധ്യാപക സമൂഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."