ക്രൈസ്റ്റ് ചര്‍ച്ചില്‍ വീണ്ടും സമാധാന സ്‌നേഹികളുടെ വെള്ളിയാഴ്ച
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിലെ വെള്ളിയാഴ്ചകളെല്ലാം ഇപ്പോള്‍ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരോട് സ്‌നേഹം പ്രകടിപ്പിക്കാനുള്ളതാണ്. ഇന്നലെ 20,000 പേരാണ് രണ്ടാഴ്ച മുന്‍പ് പള്ളികളിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഒത്തുകൂടിയത്.
പാടിയില്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡേനും വെടിവെപ്പിനെ അതിജീവിച്ച ഫാരിദ് അഹ്മദും ജനാവലിയെ അഭിമുഖീകരിച്ചു.
ലോകപ്രശസ്ത ഗായകന്‍ യൂസുഫ് ഇസ്‌ലാമിന്റെ ഗാനാലാപനവും ഉണ്ടായിരുന്നു. 1970ലെ തന്റെ പ്രശസ്തമായ സമാധാന തീവണ്ടി, ലജ്ജിക്കേണ്ടതില്ല എന്നീ ഗാനങ്ങളാണ് അദ്ദേഹം പാടിയത്. ചടങ്ങ് വീക്ഷിക്കാന്‍ വിവിധ ലോകരാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകരും എത്തിയിരുന്നു. ഫാരിദ് അഹ്മദിന്റെ ഭാര്യ ഹുസ്‌ന വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു.
വിധിയില്‍ വിശ്വസിക്കുന്ന ഒരു മുസ്‌ലിമെന്ന നിലയില്‍ തന്റെ ഭാര്യയുടെ ഘാതകനോട് താന്‍ ക്ഷമിച്ചിരിക്കുന്നു- ഫാരിദ് പറഞ്ഞപ്പോള്‍ സദസ് ഒരു നിമിഷം സ്തബ്ധമായി. പിന്നെ കൈയടിച്ചു. മതനേതാക്കളും പ്രാദേശിക ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളുമെല്ലാം സംസാരിച്ചു.
വംശീയത എക്കാലത്തുമുണ്ട്, എന്നാല്‍ നമ്മുടെ രാജ്യത്ത് അതിനു സ്ഥാനമില്ല- ഭീകരാക്രമണത്തെ സമചിത്തതയോടെ നേരിട്ട് ലോകത്തിന്റെ പ്രശംസ നേടിയ പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞപ്പോള്‍ സദസ് കൈയടിയോടെ ആ വാക്കുകളെ സ്വാഗതം ചെയ്തു. അക്രമവും തീവ്രവാദവും ഒരിക്കലും ഇവിടെ പൊറുപ്പിക്കില്ല- അവര്‍ വ്യക്തമാക്കി. വന്നവരെല്ലാം പരസ്പരം ആശ്ലേഷിച്ച് മുസ്‌ലിം സുഹൃത്തിനെ ആശ്വസിപ്പിച്ചാണ് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."