കൊവിഡ് പ്രതിരോധത്തിലെ സംഘ്പരിവാര്‍ അജന്‍ഡ
കൊവിഡ് വ്യാപനം കൂടാന്‍ പോകുകയാണെന്നും സമൂഹവ്യാപനം തന്നെ സംഭവിച്ചേക്കും എന്നുമുള്ള വിദഗ്ധരുടെ മുന്നറിയിപ്പും ആപത്തും അവഗണിച്ചാണ് ആരാധനാലയങ്ങള്‍ തുറക്കാനുള്ള തീരുമാനം ഇളവുകളുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അയോധ്യയിലെ രാമജന്മഭൂമിയില്‍ ക്ഷേത്ര നിര്‍മാണം വേഗം തുടങ്ങാനുള്ള സംഘ്പരിവാര്‍ അജന്‍ഡ, മാളുകളും ഹോട്ടലുകളും ഭക്ഷണശാലകളും മറ്റുമായി ചേര്‍ത്ത് കടത്തിവിടുകയായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസ് വഴി ആഭ്യന്തരമന്ത്രാലയം ഈ ഇളവുകള്‍ പ്രഖ്യാപിച്ച ദിവസംതന്നെയാണ് കൊവിഡ് വ്യാപനം കൂടുകയാണെന്നും പ്രതിരോധം ശക്തമാക്കണമെന്നു ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. പല മതമേധാവികളും തീരുമാനം നടപ്പാക്കുന്നതിനെതിരേ പരസ്യമായി രംഗത്ത് വന്നിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് അയോധ്യയിലെ രാമജന്മഭൂമിയില്‍ ശ്രീരാം ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ രാമക്ഷേത്ര നിര്‍മാണത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി മോദി ജൂണ്‍ എട്ടിന് നടത്തുമെന്നുള്ള പ്രഖ്യാപനമുണ്ടായത്. രുദ്രാഭിഷേകമെന്ന മതപരമായ ചടങ്ങിനു പിന്നാലെ പുതിയ രാമക്ഷേത്ര മന്ദിര ശിലാസ്ഥാപനം പ്രധാനമന്ത്രി നടത്തുമെന്ന് മഹന്ത് കമല്‍ നയന്‍ദാസ് അറിയിച്ചത്. സര്‍ക്കാര്‍ തലത്തിലോ രാംമന്ദിര്‍ ട്രസ്റ്റിന്റെ പേരിലോ ഈ പ്രഖ്യാപനം ആരും നിഷേധിച്ചില്ല. എന്നാല്‍ ശിലാസ്ഥാപന ദിവസം കമല്‍ നയന്‍ദാസ് ഒഴികെ ട്രസ്റ്റ് അംഗങ്ങളോ സംഘ്പരിവാര്‍ പ്രതിനിധികളോ ചടങ്ങിനെത്തിയില്ല. ശിലാസ്ഥാപനത്തിന്റെ മുന്നോടിയായ രുദ്രാഭിഷേക പൂജ പക്ഷെ നടന്നു. മഹന്ത് നൃത്യഗോപാല്‍ ദാസിന്റെ പ്രതിനിധിയും വക്താവുമായ കമല്‍ നയന്‍ദാസ് അറിയിച്ചത് കൊവിഡ് കാരണമുള്ള പ്രധാനമന്ത്രിയുടെ അസൗകര്യം മൂലമാണ് ശിലാസ്ഥാപനം വൈകുന്നതെന്നാണ്. ഇക്കാര്യം മാധ്യമങ്ങളോട് രാംമന്ദിര്‍ ട്രസ്റ്റിന്റെ ഭാരവാഹികളായ പ്രമുഖരും സ്ഥിരീകരിച്ചു. തങ്ങള്‍ പ്രധാനമന്ത്രിയുമായും പ്രധാനമന്ത്രിയുടെ ഓഫിസുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും.
ക്ഷേത്രനിര്‍മാണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. പ്രധാനമന്ത്രിയുടെ അനുവാദം മാത്രമേ ശേഷിക്കുന്നുള്ളൂ. ഇപ്പോള്‍ പുറത്തുവരുന്നത് ജൂലൈ ഒന്നിന് ശിലാസ്ഥാപനം പ്രധാനമന്ത്രി നിര്‍വഹിക്കുമെന്നാണ്. എന്നാല്‍, ഒന്നാം തിയതി ഹിന്ദുക്കള്‍ക്ക് ആഷാഢമാസത്തിലെ പതിനൊന്നാം ചന്ദ്രദിനമാണ്. ജൂലൈ ഒന്ന് ഏകാദശിയാണ്. ഏകാദശിയും ദ്വാദശിയും ചതുര്‍മാസങ്ങളാണ്. വിവാഹം മുതല്‍ യജ്ഞംവരെയുള്ള കര്‍മങ്ങള്‍ക്ക് അശുഭമായ കാലം. രാമക്ഷേത്ര നിര്‍മാണം പിന്നെയും നാലു മാസംകൂടി വൈകിപ്പിക്കുന്നതില്‍ സംഘ്പരിവാറിനും ട്രസ്റ്റ് ഭാരവാഹികള്‍ക്കും ഏറെ ഉത്ക്കണ്ഠയുണ്ട്.
രാമജന്മഭൂമി സംബന്ധിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രിം കോടതിക്ക് മുന്‍പിലാണ്. രാമജന്മഭൂമിയില്‍ ക്ഷേത്രം പണിയാനുള്ള അനുമതി 2019 നവംബര്‍ ഒന്‍പതിന് സുപ്രിം കോടതി വിധിയിലൂടെ പ്രഖ്യാപിച്ചു. തര്‍ക്കഭൂമിയിലെ 2.77 ഏക്കര്‍ ഭൂമി രാംലല്ലയ്ക്ക് അനുവദിക്കുകയാണ് സുപ്രിം കോടതി ചെയ്തത്. തകര്‍ക്കപ്പെട്ട മുസ്‌ലിംപള്ളി നിര്‍മിക്കാന്‍ അയോധ്യയില്‍തന്നെ അഞ്ച് ഏക്കര്‍ ഭൂമി അനുവദിക്കണമെന്നും യു.പി. സര്‍ക്കാരിനോട് വിധിയില്‍ നിര്‍ദേശിച്ചിട്ടുണ്ട്.1992 ല്‍ ബാബരി മസ്ജിദ് കര്‍സേവകര്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട് എല്‍.കെ അദ്വാനി മുതല്‍ ബി.ജെ.പിയുടെയും മറ്റ് സംഘ്പരിവാര്‍ നേതാക്കളുടെയും പേരിലുള്ള കേസില്‍ വിധി പറയുന്നത് അടുത്തുവരികയാണ്. ഇതിനു മുന്‍പ് പ്രധാനമന്ത്രിയുടെ വിശ്വസ്തനും പ്രധാന സഹായിയുമായിരുന്ന നൃപേന്ദ്ര മിശ്രയുടെ നേതൃത്വത്തിലുള്ള ക്ഷേത്ര നിര്‍മാണ സമിതി നിര്‍മാണം തുടങ്ങണമെന്നതാണ് സംഘ്പരിവാറിന്റെ അടിയന്തര താല്‍പര്യം. 2020 ഫെബ്രുവരി ആറിന് ഒന്‍പത് സ്ഥിരാംഗങ്ങളും കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന ആറ് അംഗങ്ങളും ഉള്‍പ്പെട്ട ശ്രീരാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് മോദി ലോക്‌സഭയില്‍ പ്രഖ്യാപിച്ചു. സംഘ്പരിവാര്‍ അജന്‍ഡയനുസരിച്ച് ഏപ്രില്‍ രണ്ടിന് രാമന്റെ ജന്മദിനത്തില്‍ ക്ഷേത്ര നിര്‍മാണം ആരംഭിക്കേണ്ടതായിരുന്നു. അതിനിടയ്ക്കാണ് മാര്‍ച്ച് 22ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വന്നത്. എന്നിട്ടും ഒരുക്കങ്ങള്‍ തടസ്സപ്പെടാതിരിക്കാന്‍ ശ്രദ്ധിച്ച് മാര്‍ച്ച് 25ന് തന്നെ രാംലല്ല വിഗ്രഹം മറ്റൊരിടത്തേക്ക് മാറ്റി. ട്രസ്റ്റിന്റെ അധ്യക്ഷന്‍ മഹന്ദ് നൃത്യഗോപാല്‍ ദാസ് പൂജ നടത്തിയാണ് അയോധ്യാ കേസില്‍ കക്ഷിയായിരുന്ന രാലല്ലയെ വെടിയേല്‍ക്കാത്ത സംവിധാനങ്ങളുള്ള ഒരു താല്‍കാലിക ക്ഷേത്രത്തിലേക്ക് മാറ്റി പ്രതിഷ്ഠിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സാന്നിധ്യത്തിലായിരുന്നു ലോക്ക്ഡൗണിന്റെ ആദ്യ ദിവസത്തെ ഈ കര്‍മം.
ക്ഷേത്ര നിര്‍മാണത്തിനുവേണ്ടി സ്ഥലം നികത്തല്‍ പരിപാടി വന്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് ലോക്ക്ഡൗണിലും നിര്‍വഹിച്ചു. സ്ഥലം നികത്തിയപ്പോള്‍ കണ്ടെത്തിയ പ്രതിമകളില്‍ ചിലത് പഴയ ബുദ്ധ പ്രതിമകളാണ്. ഈ തെളിവുകളുടെ പശ്ചാത്തലത്തില്‍ സുപ്രിം കോടതി വിധി തെറ്റാണ് എന്ന് ഒരു വിഭാഗം ചരിത്രപണ്ഡിതരും പുരാവസ്തു ഗവേഷകരും ചൂണ്ടിക്കാട്ടുന്നുണ്ട്. സുപ്രിം കോടതിയോ സര്‍ക്കാരോ ഈ കൊവിഡ് കാല സാഹചര്യത്തില്‍ അത് കേട്ടതായി ഭാവിക്കുന്നില്ലെങ്കിലും. പ്രത്യേക രാമക്ഷേത്ര നിര്‍മാണ ഫണ്ടിലേക്ക് ദേശ, വിദേശങ്ങളില്‍നിന്ന് പണം ഒഴുകിയെത്തുന്നതായും എത്രയും വേഗം നിര്‍മാണം ആരംഭിക്കുമെന്നും ട്രസ്റ്റ് വക്താക്കള്‍ ആവര്‍ത്തിച്ചിരുന്നു. ലാര്‍സണ്‍ ആന്റ് ടൂബ്രോ എന്ന വന്‍കിട നിര്‍മാണ കമ്പനിയെയാണ് ക്ഷേത്ര നിര്‍മാണത്തിന്റെ മേല്‍നോട്ടം ഏല്‍പ്പിച്ചിരിക്കുന്നത്.
കൊറോണ മഹാമാരി രാജ്യത്തെ വന്‍പ്രതിസന്ധിയിലേക്കും അനിശ്ചിതത്വത്തിലേക്കും നയിക്കുകയാണെന്ന് ഇന്ത്യയിലെയും വിദേശത്തെയും ആരോഗ്യ വിദഗ്ധരും ശാസ്ത്രജ്ഞരും വെളിപ്പെടുത്തിയത് ക്ഷേത്ര നിര്‍മാണത്തിന് വീണ്ടും വലിയ തടസങ്ങള്‍ ഉയര്‍ത്തുകയാണ്. ഏറ്റവും ഒടുവില്‍ നവംബര്‍ മധ്യമാകുമ്പോള്‍ കൊവിഡ്-19 ഇന്ത്യയില്‍ ഉച്ഛസ്ഥായിയില്‍ എത്തുമെന്നുള്ള ഐ.സി.എം.ആര്‍ മുന്നറിയിപ്പ് സംഘ്പരിവാര്‍ നീക്കങ്ങള്‍ക്ക് വെല്ലുവിളിയായി. വെന്റിലേറ്ററുകളും ഐ.സി.യു ബെഡ്ഡുകളും ലഭ്യമല്ലാത്ത അവസ്ഥയാണ് വരാന്‍ പോകുന്നതന്ന ഐ.സി.എം.ആറിന്റെ ഗവേഷക ഗ്രൂപ്പിന്റെ വിലയിരുത്തല്‍ രാജ്യമാകെ ആശങ്കയിലാണ്. രാജ്യത്തിന്റെ പൊതുജനാരോഗ്യ താല്‍പര്യങ്ങളും സുരക്ഷിതത്വവും പ്രധാനമന്ത്രി മോദിയുടെയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ തലപ്പത്തിരിക്കുന്ന ആഭ്യന്തരമന്ത്രി അമിത്ഷായുടെയും രാഷ്ട്രീയ അജന്‍ഡകള്‍ എങ്ങനെ അപകടത്തിലാക്കുന്നു എന്നതിന്റെ വെളിപ്പെടുത്തലാണ് ഈ സംഭവം. പ്രമുഖരായ ആരോഗ്യ വിദഗ്ധര്‍ ആഭ്യന്തര മന്ത്രിയെ കൊവിഡ് പ്രതിരോധ ദേശീയ സമിതിയുടെ നേതൃത്വത്തില്‍നിന്ന് ഒഴിവാക്കണമെന്ന് ശക്തിയായി ആവശ്യപ്പെടുന്നതായി ചരിത്രകാരന്‍ രാമചന്ദ്രഗുഹ തന്റെ പംക്തിയില്‍ വെളിപ്പെടുത്തിയത് ഈയിടെയാണ്.
എന്നിട്ടും ശബരിമല പ്രശ്‌നം ചൂണ്ടിക്കാട്ടി കേരളത്തിലെ ബി.ജെ.പിയും യു.ഡി.എഫും സംസ്ഥാന സര്‍ക്കാരിനെതിരേ കടന്നാക്രമണം നടത്തി. അതില്‍ കേന്ദ്രമന്ത്രി മുരളീധരനും മുന്നില്‍നിന്നു. പാര്‍ട്ടി ഏതായാലും കൊറോണ മഹാമാരിയുടെ മുന്നേറ്റം കേരളമടക്കം ഇന്ത്യയെ വരുംമാസങ്ങളില്‍ അതിഗുരുതരമായി ബാധിക്കാന്‍ പോകുകയാണ് എന്ന സത്യം കണ്ടറിയാതെ മുന്നോട്ടുപോകുന്നത് പരിഹാസ്യമാണ്. വേണ്ടത്ര ആശുപത്രികളില്ല, ചികിത്സാ സൗകര്യമില്ല, അതിനു ചെലവഴിക്കാന്‍ പണമില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ നിസ്സങ്കോചം വെളിപ്പെടുത്തുന്നു. രോഗികളെ കണ്ടെത്താനുള്ള പരിശോധനയുടെ കാര്യത്തില്‍ ഇന്ത്യ വളരെ പിന്നിലാണ്. ഇത്തരമൊരു അവസ്ഥ മുന്‍പില്‍ നില്‍ക്കുമ്പോഴും നമ്മുടെ കേന്ദ്ര ഭരണ കര്‍ത്താക്കള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കൊവിഡിനു മുന്‍പുള്ള രാഷ്ട്രീയ ശൈലിയില്‍ മാത്രമേ പ്രവര്‍ത്തിക്കാനാവുന്നുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."