മലപ്പുറം വര്‍ഗീയ മേഖലയെന്നു പറഞ്ഞിട്ടില്ല: കടകംപള്ളി
തിരുവനന്തപുരം: മലപ്പുറം വര്‍ഗീയ മേഖലയാണെന്നു താന്‍ പറഞ്ഞിട്ടില്ലെന്നും ഒരു ചാനല്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മലപ്പുറം തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പല കാരണങ്ങള്‍ പറഞ്ഞ കൂട്ടത്തില്‍ മലപ്പുറം മണ്ഡലം ന്യൂനപക്ഷ വര്‍ഗീയതയുടെ ശാക്തീകരണം വരുന്ന മേഖല കൂടിയാണെന്നാണ് പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ലീഗ് അവിടെ ന്യൂനപക്ഷ വര്‍ഗീയാടിസ്ഥാനത്തിലുള്ള പ്രചാരണമാണ് നടത്തിയത്. ലീഗിന്റെ തട്ടകം കൂടിയാണത്. ആ അര്‍ഥത്തില്‍ താന്‍ പറഞ്ഞത് അടര്‍ത്തിയെടുത്ത് കുപ്രചാരണം നടത്തുകയാണ് ഒരു മതസംഘടനയുടെ ചാനലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും. ന്യൂനപക്ഷ വിഭാഗം ഒന്നടങ്കമോ മലപ്പുറത്തെ മുഴുവന്‍ വോട്ടര്‍മാരോ അവിടെ ലീഗിനു വോട്ട് ചെയ്തിട്ടില്ല.
ഇടതുപക്ഷ എം.എല്‍.എമാരുള്ള ജില്ലയാണ് മലപ്പുറം. ഇക്കഴിഞ്ഞ മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ വര്‍ധനയുണ്ടാക്കിയത് സഹിക്കാനാവാത്ത ചിലരാണ് വാര്‍ത്തകള്‍ വളച്ചൊടിക്കുന്നത്. അന്തരിച്ച ഇ അഹമ്മദിനെ അപമാനിച്ചെന്നാണ് മറ്റൊരു പ്രചാരണം. ശാരീരിക അവശതകള്‍ ഉണ്ടായിരുന്ന അഹമ്മദിനെ മത്സരിപ്പിക്കുന്നതിനെതിരേ പൊതുതെരഞ്ഞെടുപ്പ് വേളയില്‍ ലീഗില്‍നിന്നു തന്നെ എതിര്‍പ്പുയര്‍ന്നിരുന്നു. ശാരീരിക അവശതകളുണ്ടായിട്ടും ലീഗില്‍ നിന്നു തന്നെ എതിര്‍പ്പുണ്ടായിട്ടും അഹമ്മദ് നേടിയ ഭൂരിപക്ഷം ഇത്തവണ കുഞ്ഞാലിക്കുട്ടിക്ക് കിട്ടിയില്ല എന്ന് പറഞ്ഞതില്‍നിന്ന് ഒരു ഭാഗം മാത്രം എഡിറ്റ് ചെയ്ത് സംപ്രേഷണം ചെയ്യുകയാണുണ്ടായതെന്നും കടകംപള്ളി വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."