മാണിക്ക് ക്ഷണം: കോണ്‍ഗ്രസ് നേതൃയോഗത്തില്‍ രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം: കെ.എം മാണിയെ യു.ഡി.എഫിലേക്കു തിരികെ ക്ഷണിച്ചുകൊണ്ടുള്ള കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്റെ പരമാര്‍ശത്തിനെതിരേ പാര്‍ട്ടി നേതൃയോഗങ്ങളില്‍ രൂക്ഷ വിമര്‍ശനം. ഇന്നലെ കെ.പി.സി.സി ആസ്ഥാനത്തു നടന്ന ഡി.സി.സി പ്രസിഡന്റുമാരുടെ യോഗത്തിലും തുടര്‍ന്നു നടന്ന സംസ്ഥാന നേതാക്കളുടെ സംയുക്ത യോഗത്തിലുമാണ് വിമര്‍ശനമുയര്‍ന്നത്. മാണിയുടെ പാര്‍ട്ടിക്കു സ്വാധീനമുള്ള മേഖലയില്‍നിന്നുള്ള നേതാക്കളും ഐ വിഭാഗത്തിലെ ചിലരുമാണ് ഹസന്റെ പരാമര്‍ശത്തില്‍ എതിര്‍പ്പു പ്രകടിപ്പിച്ചത്.
സംസ്ഥാന നേതാക്കളുടെ സംയുക്ത യോഗത്തിലാണ് ഏറ്റവും രൂക്ഷമായ വിമര്‍ശനമുയര്‍ന്നത്. യു.ഡി.ഫിനെ നിരന്തരം അധിക്ഷേപിച്ചുകൊണ്ടിരിക്കുന്ന മാണിയെ വീണ്ടും മുന്നണിയിലേക്കു ക്ഷണിച്ചത് ഒട്ടും ശരിയായില്ലെന്ന് പി.ടി തോമസ് എം.എല്‍.എ പറഞ്ഞു.
മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ മാണിയുടെ പിന്തുണ കൊണ്ട് യു.ഡി.എഫിനു വലിയ പ്രയോജനമൊന്നും ഉണ്ടായിട്ടില്ല. മലപ്പുറത്ത് മാണി പറഞ്ഞ കാര്യങ്ങള്‍ പലതും യു.ഡി.എഫിന് അനുകൂലമായിരുന്നില്ലെന്നും തോമസ് പറഞ്ഞു. മാണി അവകാശപ്പെടുന്ന ശക്തിയൊന്നും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കില്ലെന്ന് ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് (എം) ശക്തി പെരുപ്പിച്ചു കാട്ടുകയാണ്. അവര്‍ക്കു സ്വാധീനമുള്ള പല സ്ഥലങ്ങളിലും സ്വീകരിക്കുന്ന നിലപാട് യു.ഡി.എഫിന് അനുകൂലമല്ല. ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അവര്‍ എല്‍.ഡി.എഫുമായി ഭരണം പങ്കിടുന്നുണ്ടെന്നും വാഴയ്ക്കന്‍ പറഞ്ഞു.
മാണിയെ യു.ഡി.എഫിലേക്കു ക്ഷണിച്ചുവരുത്തേണ്ട കാര്യമില്ലെന്ന് എം.എം ജേക്കബ്. യു.ഡി.എഫ് വിട്ടുപോയ ചിലര്‍ പിന്നീട് ക്ഷണിക്കാതെ തന്നെ തിരിച്ചുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റു ചില നേതാക്കളും ഹസന്റെ പരാമര്‍ശത്തെ വിമര്‍ശിച്ചു.
എന്നാല്‍, മാണിയെ യു.ഡി.എഫിലേക്കു ക്ഷണിക്കുകയല്ല താന്‍ ചെയ്തതെന്ന് യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഹസന്‍ വ്യക്തമാക്കി.
മാണിയെ യു.ഡി.എഫില്‍ തിരിച്ചെടുക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തിരിച്ചുവന്നാല്‍ സ്വാഗതംചെയ്യുമെന്ന് മറുപടി നല്‍കുക മാത്രമാണ് ചെയ്തത്. അത് കോണ്‍ഗ്രസിന്റെ നിലപാടാണ്. പാര്‍ട്ടിയുടെ നിലപാട് പറയുക മാത്രമാണ് താന്‍ ചെയ്തതെന്നും ഹസന്‍ വിശദീകരിച്ചു. നേതൃയോഗത്തില്‍ ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ശശി തരൂര്‍ എം.പി തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.
മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച വിജയം മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കും പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കും എതിരായ ജനവിധിയാണെന്നും ഇത് മതനിരപേക്ഷതയുടെ വിജയമാണെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. മലപ്പുറത്ത് വര്‍ഗീയ ധ്രുവീകരണം ഉണ്ടണ്ടായി എന്ന സി.പി.എം കണ്ടെണ്ടത്തല്‍ ശരിയല്ല. രാഷ്ട്രീയമായ വിധിയെഴുത്താണ് മലപ്പുറത്ത് നടന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മലപ്പുറത്തെ വോട്ടര്‍മാരെ അധിക്ഷേപിച്ച് നടത്തിയ പ്രസ്താവനയെ യോഗം ശക്തിയായി അപലപിച്ചു.
വൈദ്യുതി നിരക്ക് വര്‍ധന പിന്‍വലിക്കണം. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടണം.
ലൈംഗിക വിവാദത്തില്‍ കുടുങ്ങി എ.കെ ശശീന്ദ്രന്‍ മന്ത്രിസഭയില്‍നിന്ന് രാജിവച്ചതുകൊണ്ടണ്ടുമാത്രം പ്രശ്‌നം തീരില്ല. അദ്ദേഹത്തിനെതിരേ ക്രിമിനല്‍ കേസെടുക്കണം.
ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ ഡി.ജി.പി ഓഫിസിനു മുന്നില്‍ പൊലിസ് വലിച്ചിഴച്ചതിനെ യോഗം അപലപിച്ചു. ദേവികുളത്ത് സര്‍ക്കാര്‍ ഭൂമി കൈയേറിയത് ഒഴിപ്പിക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ സി.പി.എം തടഞ്ഞതും റവന്യു ഉദ്യോഗസ്ഥര്‍ക്ക് പൊലിസ് സംരക്ഷണം നല്‍കാതിരുന്നതും നിയമവാഴ്ച കൈവിട്ടുപോയതിന്റെ തെളിവാണ്. കേരള സര്‍ക്കാര്‍ ഭൂമാഫിയയുടെ നിയന്ത്രണത്തിലാണെന്നും നേതൃയോഗം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."