ഡല്‍ഹി പിടിക്കാന്‍ കൊല്‍ക്കത്ത
ഡല്‍ഹി: ആദ്യ രണ്ടു മത്സരങ്ങളും ജയിച്ചു കയറിയ കൊല്‍ക്കത്തയ്ക്ക് ഇന്നത്തെ എതിരാളികള്‍ യുവനിരയുടെ ഡല്‍ഹി കാപ്പിറ്റല്‍സ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ തിളങ്ങുന്ന ആന്ദ്രേ റസലാണ് കൊല്‍ക്കത്തയുടെ കുന്തമുന. റസല്‍ എത്ര സമയം ക്രീസില്‍ നില്ക്കുന്നുവോ അത്രയും സമയം എതിരാളികളുടെ നെഞ്ചിടിപ്പു കൂടും. ഉത്തപ്പയും നിതീഷ് റാണയും ഫോമിലേക്കുയര്‍ന്നത് കൊല്‍ക്കത്തയ്ക്ക് ആശ്വാസമാണ്. ഓപ്പണിങ് ബാറ്റ്സ്മാന് ക്രിസ് ലിന്നും കൂടി മികവിലേക്കുയര്‍ന്നാല്‍ കൊല്‍ക്കത്തയ്ക്ക് ബാറ്റിങ്ങില്‍ ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍ രണ്ടു മത്സരങ്ങളിലും തല്ലു വാങ്ങിയ സുനില്‍ നരെയ്ന് ഉള്‍പ്പെടുന്ന ബൗളിങ് നിരയാണ് ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കിന്റെ മുന്നിലുള്ള വെല്ലുവിളി. നരെയ്ന് തന്റെ മാന്ത്രികതയുള്ള ബൗളിങ് മികവ് ഒരിക്കല്‍ കൂടി വീണ്ടെടുക്കാനായാല്‍ എതിരാളികള്‍ ഭയക്കണം ഈ നൈറ്റ് റൈഡേഴ്സിനെ.
ധോണിയുടെ പിന്‍ഗാമിയായി വാഴ്ത്തപ്പെടുന്ന ഋഷഭിന്റെ ഡല്‍ഹി ആദ്യ മത്സരത്തില്‍ മുന്‍ ചാംപ്യന്മാരായ മുംബൈയെ പരാജയപ്പെടുത്തിയാണ് തുടങ്ങിയത്. മിന്നല്‍ പിണറായി മാറിയ ഋഷഭിന്റെ ബാറ്റിങ് പ്രകടനം കൊണ്ട് അവര്‍ മുംബൈയെ മറി കടന്നപ്പോള്‍ രണ്ടാം മത്സരത്തില്‍ ധോണിയുടെ ചെന്നൈയ്ക്കു മുന്നില്‍ വീണു. വയസന് പടയെ തുരത്താനിറങ്ങിയ ഡല്‍ഹിയുടെ ചുണകുട്ടികളെ ഇപ്പോഴും ട്രിപ്പിള്‍ സ്ട്രോങ് തന്നെയാണ് താനും തന്റെ ടീമെന്നും കാണിച്ചു കൊടുത്താണ് ധോണിയും കൂട്ടരും ഡല്‍ഹി വിട്ടത്. ഋഷഭ് പന്തിനെ കൂടുതല്‍ ആശ്രയിക്കുന്നതാണ് ഡല്‍ഹിക്ക് വിനയാകുന്നത്.
ശ്രേയസ് അയ്യരും പൃഥ്വി ഷായും മികവിലേക്കുയരാത്തതും പരാജയ കാരണങ്ങളാണ്. ശിഖര്‍ ധവാന് ഫോമിലാണെന്നത് ഡല്‍ഹിയുടെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്. ബൗളിങ്ങില്‍ ഇശാന്തും അക്സര്‍ പട്ടേലും അമിത് മിശ്രയും ആശാവഹമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. എന്നാല്‍ ഫിറോസ് ഷാ കോട്ലയിലേക്ക് കാലെടുത്തുവയ്ക്കുന്ന ഓരോ ഡല്‍ഹി ആരാധകരും കാത്തിരിക്കുന്നത് ഋഷഭിന്റെ അടുത്ത വെടിക്കെട്ടിനാണ്. രാത്രി എട്ടിനാണ് മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."