കാര്‍ തടഞ്ഞു നിര്‍ത്തി മുഖംമൂടി സംഘം ദമ്പതികളെയും മകനെയും ആക്രമിച്ചു
രാജപുരം: കുടുംബത്തെ കാര്‍ തടഞ്ഞ് നിര്‍ത്തി മുഖംമൂടി സംഘം അക്രമിച്ചു. കാറില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികള്‍ക്കും മകനും അക്രമത്തില്‍ പരുക്കേറ്റു. ഇവര്‍ സഞ്ചരിച്ച കാര്‍ അക്രമി സംഘം അടിച്ചു തകര്‍ത്തു. പരുക്കേറ്റവരെ കാസര്‍കോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബേഡകം പൊലിസ് സംഭവത്തില്‍ അന്വേഷണം തുടങ്ങി.
കുറ്റിക്കോല്‍ സുഗന്ധി പാറയിലെ അബ്ദുള്‍ നാസര്‍ (56), ഭാര്യ ഖൈറുന്നീസ (42), മകന്‍ ഇര്‍ഫാദ് (എട്ട്) എന്നിവര്‍ക്കാണു മുഖംമൂടി സംഘത്തിന്റെ അക്രമണത്തില്‍ പരുക്കേറ്റത്. ടൗണില്‍ പോയി മടങ്ങുമ്പോള്‍ വീടിന്റെ തൊട്ടടുത്തുള്ള ഭജന മന്ദിരത്തിനു സമീപം വച്ചാണ് അക്രമം നടന്നത്. റോഡില്‍ മരകഷ്ണങ്ങളും കല്ലും വച്ച് തടസ്സപ്പെടുത്തിയതു കണ്ടു കാര്‍ നിര്‍ത്തി ഇറങ്ങി ഇതു മാറ്റുന്നതിനിടയിലാണ് അക്രമം നടന്നത്. തൊട്ടടുത്ത കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന സംഘം ഇവരെ അക്രമിക്കുകയായിരുന്നു. നിലവിളി കേട്ടുനാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. വാഹനത്തിലാണ് അക്രമികള്‍ രക്ഷപ്പെട്ടത്. വാഹനം തിരിച്ചറിഞ്ഞിട്ടില്ല.
വിദേശത്ത് ജോലി ചെയ്യുന്ന അബ്ദുല്‍ നാസര്‍ മാസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്. നാസറിന്റെ മൊബൈല്‍ ഫോണിലേക്ക് നിരവധി തവണ ഭീഷണിപ്പെടുത്തികൊണ്ടുള്ള ഫോണ്‍കോളുകള്‍ വന്നതായി നാസര്‍ പൊലിസിനു മൊഴി നല്‍കിയിട്ടുണ്ട്. ഇരുമ്പ് ദണ്ഡ്, മരക്കമ്പ് തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിച്ചാണ് ദമ്പതികളെയും മകനെയും അക്രമിച്ചതെന്ന് പരുക്കേറ്റവര്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."