ഞാനും കാവല്‍ക്കാരന്‍ എന്നെഴുതിയ ചായക്കപ്പുകള്‍ റെയില്‍വേ പിന്‍വലിച്ചു
ന്യൂഡല്‍ഹി: വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്ന് മോദിയുടെ ചിത്രമുള്ള റെയില്‍വേ ടിക്കറ്റുകള്‍ പിന്‍വലിച്ചതിനു പിന്നാലെ മേം ഭീ ചൗക്കീദാര്‍(ഞാനും കാവല്‍ക്കാരന്‍) എന്നെഴുതിയ പേപ്പര്‍ ചായക്കപ്പുകളും ഇന്ത്യന്‍ റെയില്‍വേ പിന്‍വലിച്ചു.
ശതാബ്ധി ട്രെയിനുകളില്‍ വിറ്റ ചായക്കപ്പുകളിലാണ് ഞാനും കാവല്‍ക്കാരന്‍ എന്നെഴുതിയിരുന്നത്. ഇത് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് ഇത് റെയില്‍വേ പിന്‍വലിച്ചത്.
തെരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കെ ഇത്തരം പ്രചാരണങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തുകയാണെന്ന ആരോപണം ശക്തമായിട്ടുണ്ട്. ചായക്കപ്പുകള്‍ പിന്‍വലിച്ചെന്നും കരാറുകാരനില്‍നിന്ന് ഒരു ലക്ഷം രൂപ പിഴയീടാക്കിയെന്നുമാണ് ഇന്നലെ റെയില്‍വേ അറിയിച്ചത്.
തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ആരോപിച്ച് നിരവധിപേരാണ് ചായക്കപ്പ് ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷനെ ടാഗ് ചെയ്തുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്. അതേസമയം ഇത് ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ പിന്‍വലിച്ചതായും കരാറുകാരനില്‍നിന്ന് പിഴയീടാക്കിയതായും റെയില്‍വേ അറിയിച്ചു.
ഐ.ആര്‍.സി.ടി.സിയുടെ അനുമതിയില്ലാതെ ഇത്തരം കപ്പുകള്‍ ഇറക്കാന്‍ കഴിയില്ലെന്നതുകൊണ്ട് പാന്‍ട്രി ചുമതലയുള്ള സൂപ്പര്‍വൈസറില്‍ നിന്ന് വിശദീകരണം തേടിയതായും റെയില്‍വേ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."