HOME
DETAILS
MAL
പരിഹരിക്കാനാവാതെ പ്രതിസന്ധി; ഒരു വെടിപോലുമുതിര്‍ക്കാതെ സംഘര്‍ഷം
backup
June 17 2020 | 03:06 AM
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ മൂന്ന് ഇന്ത്യന്‍ സൈനികരുടെ ജീവന്‍ നഷ്ടപ്പെട്ടത് ഒരു വെടിപോലും ഉതിര്‍ക്കാതെ. കല്ലുകൊണ്ടും ഇരുമ്പു ദണ്ഡു കൊണ്ടും തോക്കിന്‍ പാത്തികൊണ്ടും നടത്തിയ ആക്രമണമാണ് സൈനികരുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയത്.
ജമ്മു കശ്മീര്‍ മുതല്‍ അരുണാചല്‍ പ്രദേശ് വരെ 3488 കിലോമീറ്റര്‍ അതിര്‍ത്തിയാണ് ഇന്ത്യയും ചൈനയും തമ്മിലുള്ളത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ മേഖലകളിലൂടെയാണ് ഇതു കടന്നുപോകുന്നത്. അതിര്‍ത്തി വിഷയത്തിലുള്ള തര്‍ക്കം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പതിവാണ്.
ചൈനീസ് അതിര്‍ത്തി പെട്രോളുകള്‍ പലപ്പോഴും യഥാര്‍ഥ നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ ഭാഗത്തേക്കു വരാറുണ്ട്. എന്നാല്‍ 1962-ലെ യുദ്ധത്തിനു ശേഷം ഇന്ത്യക്കും ചൈനയ്ക്കും ഇടയില്‍ അതിര്‍ത്തി വിഷയത്തിലുള്ള സംഘര്‍ഷം ഇത്രത്തോളം മൂര്‍ച്ഛിക്കുന്നത് ഇതാദ്യമാണ്.
ഇരുരാജ്യവും തമ്മിലുള്ള പതിവ് തര്‍ക്കപ്രദേശമായ ലഡാക്കില്‍ 1865-ല്‍ ബ്രിട്ടീഷുകാര്‍ വരച്ച അതിര്‍ത്തിയാണ് ഇന്ത്യ അംഗീകരിക്കുന്നത്. ഇതനുസരിച്ച് കശ്മീരിലെ അക്‌സായി ചിന്‍ ഇന്ത്യയുടെ ഭാഗമാണ്. എന്നാല്‍ ഇത് ചൈന അംഗീകരിക്കുന്നില്ല. അംഗീകരിക്കുന്നില്ലെന്ന് അറിയിക്കാനായി 1950-കളില്‍ വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഷിന്‍ജിയാങ്ങിനെയും ടിബറ്റിനെയും ബന്ധിപ്പിച്ച് അക്‌സായി ചിന്നിലൂടെ ചൈന റോഡ് പണിതിട്ടുണ്ട്.
വടക്കുകിഴക്കു ഭാഗത്തെത്തിയാല്‍ അതിര്‍ത്തിരേഖയായി ഇന്ത്യ അംഗീകരിക്കുന്നത് മക്മഹോന്‍ രേഖയാണ്. 1914-ലെ ഷിംല സമ്മേളനത്തില്‍ ബ്രിട്ടന്റെയും ടിബറ്റിന്റെയും പ്രതിനിധികള്‍ അംഗീകരിച്ച ഈ രേഖയെ ചൈന വിലവയ്ക്കുന്നില്ല. ചൈനീസ് അധീനതയിലുള്ള ടിബറ്റിനെ സ്വതന്ത്ര പരമാധികാര രാജ്യമായി ചൈന കണക്കാക്കുന്നില്ല. ദലൈ ലാമയുടെ നേതൃത്വത്തിലുള്ള ടിബറ്റന്‍ സര്‍ക്കാറാകട്ടെ ഇന്ത്യയില്‍ പ്രവാസി സര്‍ക്കാറായാണ് നിലനില്‍ക്കുന്നത്.
അരുണാചല്‍ പ്രദേശ് ടിബറ്റിന്റെ ഭാഗമാണെന്നാണ് ഇപ്പോഴും ചൈന വാദിക്കുന്നത്. തെക്കന്‍ ടിബറ്റ് എന്നാണ് അരുണാചലിനെ വിളിക്കുന്നത്. ഉത്തരാഖണ്ഡിലും ഹിമാചല്‍പ്രദേശിലും ഇത്തരം തര്‍ക്കഭൂമികളുണ്ട്.
ഇന്ത്യ സ്വതന്ത്രമായി രണ്ടു വര്‍ഷത്തിനുശേഷം രൂപവത്കൃതമായ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുമായി നല്ല ബന്ധം എന്നതായിരുന്നു ഇന്ത്യയുടെ എക്കാലത്തെയും നയം. എന്നാല്‍ ടിബറ്റില്‍ ചൈന അധിനിവേശം നടത്തിയതോടെ ഈ ബന്ധത്തില്‍ വിള്ളലുണ്ടായി. 1962 ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചു. യുദ്ധാനന്തരം 1976-ല്‍ നയതന്ത്രബന്ധങ്ങള്‍ പുനഃസ്ഥാപിച്ചെങ്കിലും അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കുന്നതില്‍ നടത്തിയ ശ്രമങ്ങള്‍ക്ക് ഇതുവരെ പുരോഗതി കൈവരിക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."