സ്‌കൂള്‍ മൈതാനിയിലെ കെട്ടിട നിര്‍മാണം: ആര്‍.ഡി.ഒ റിപ്പോര്‍ട്ട് തേടി
കാഞ്ഞങ്ങാട്: സ്‌കൂള്‍ മൈതാനിയില്‍ മുന്നറിയിപ്പില്ലാതെ കെട്ടിട നിര്‍മാണം തുടങ്ങിയതുമായി ബന്ധപ്പെട്ടു ആര്‍.ഡി.ഒ നഗരസഭാ അധികൃതരോട് വിശദീകരണം തേടി. ഇതേ തുടര്‍ന്നു നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തി വച്ചു. ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിന് റവന്യൂ വകുപ്പില്‍ നിന്ന് അനുവദിച്ചു കൊടുത്ത രണ്ടേക്കര്‍ മൈതാനിയിലാണ് കാഞ്ഞങ്ങാട് നഗരസഭാ അധികൃതര്‍ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ കീഴിലുള്ള വയോജന മന്ദിരം സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ തുടങ്ങിയത്. ഇക്കഴിഞ്ഞ വിഷുദിനത്തിലാണ് മൈതാനിയില്‍ കെട്ടിട നിര്‍മാണത്തിനു വേണ്ടിയുള്ള ജോലികള്‍ തുടങ്ങിയത്. ഹൊസ്ദുര്‍ഗ് സ്‌കൂളിനു പുറമെ നഗരത്തിലെ മറ്റു രണ്ടു സ്‌കൂളിലെ വിദ്യാര്‍ഥികളും കാഞ്ഞങ്ങാട്ടെ മറ്റു കായിക പ്രതിഭകളും ഉപയോഗിച്ച് വന്നിരുന്ന ഈ മൈതാനിയില്‍ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി പോലും തേടാതെയാണ് നഗരസഭാ അധികൃതര്‍ വയോജന മന്ദിരം നിര്‍മിക്കാന്‍ ഒരുങ്ങിയതെന്നാണ് ആരോപണം.
സംഭവം വിവാദമായതോടെ കെ.എസ്.യു, എം.എസ്.എഫ്, എ.ബി.വി.പി തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളും വിവിധ രാഷ്ട്രീയ കക്ഷികളും ഇതിനെതിരേ രംഗത്തിറങ്ങിയിരുന്നു. ഇതിനിടയില്‍ സ്‌കൂള്‍ അധികൃതരും ചില കായിക പ്രേമികളും നിര്‍മാണ പ്രവര്‍ത്തനം സംബന്ധിച്ച് ആര്‍.ഡി.ഒക്ക് രേഖാമൂലം പരാതി നല്‍കുകയും ചെയ്തു. പരാതി സംബന്ധിച്ച് അന്വേഷണം നടത്തിയ ആര്‍.ഡി.ഒ നഗരസഭാ അധികൃതരോട് വിശദീകരണം തേടുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാന്‍ ഉത്തരവിടുകയും ചെയ്തു. വില്ലേജിലെ രേഖകള്‍ പരിശോധിച്ച ശേഷമാണ് ആര്‍.ഡി.ഒയുടെ നടപടി.
1980ലാണ് കോടതിക്കു സമീപത്തെ സ്ഥലം ഹൊസ്ദുര്‍ഗ് സ്‌കൂളിന് സര്‍ക്കാര്‍ അനുവദിച്ചത്. ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തുമ്പോള്‍ കുറഞ്ഞത് മൂന്നേക്കര്‍ സ്ഥലമെങ്കിലും വേണമെന്ന നിബന്ധനയുള്ളതിനാലാണ് കോടതിക്ക് സമീപത്തെ ഈ സ്ഥലം നല്‍കിയത്. നിര്‍മാണ കമ്മിറ്റി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ അവിഭക്ത കണ്ണൂര്‍ കലക്ടറായിരുന്ന എം.എ കോശിയാണ് ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചത്. മിനി സ്റ്റേഡിയമായി സ്‌കൂള്‍ സ്ഥലം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗിച്ചു വരുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."