അഭ്യര്‍ഥനയുമായി സിനിമാ മേഖലയിലെ പ്രമുഖര്‍
ന്യൂഡല്‍ഹി: ബി.ജെ.പിയെ വീണ്ടും അധികാരത്തിലേറാന്‍ രാജ്യത്തെ സമ്മതിദായകര്‍ തയാറാകരുതെന്ന അഭ്യര്‍ഥനയുമായി ഇന്ത്യന്‍ സിനിമാ മേഖലയിലെ പ്രമുഖരായ നൂറോളം പേര്‍ രംഗത്തെത്തി.
രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കപ്പെടാന്‍ ബി.ജെ.പിയെ ഭരണത്തില്‍നിന്ന് അകറ്റി നിര്‍ത്തണമെന്നാണ് സിനിമാ മേഖലയിലെ പ്രമുഖരായ വെട്രി മാരന്‍, ആനന്ദ് പട്്‌വര്‍ധന്‍, സനല്‍കുമാര്‍ ശശിധരന്‍, സുദേവന്‍, ദീപ ധന്‍രാജ്, ഗുര്‍വിന്ദര്‍ സിങ്, പുഷ്‌പേന്ദ്ര സിങ്, കബിര്‍ സിങ് ചൗധരി, ആഷിക് അബു, ബീനാ പോള്‍ തുടങ്ങിയവര്‍ ജനങ്ങളോട് അഭ്യര്‍ഥനയുമായി രംഗത്തെത്തിയത്.
നമ്മുടെ രാജ്യം കൂടുതല്‍ സങ്കീര്‍ണമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. സംസ്‌കാരത്തിലും ഭൂമിശാസ്ത്രപരമായ അവസ്ഥയിലും വ്യത്യസ്തത പുലര്‍ത്തുന്ന നാം പക്ഷെ രാജ്യത്തിന്റെ ഐക്യത്തിലും അഖണ്ഡതയിലും ഒന്നിച്ചുനില്‍ക്കണം. എന്നാല്‍ ഫാസിസം വലിയ ഭീഷണിയായി വളരുകയാണ്. അതിനെ പ്രതിരോധിക്കാന്‍ വോട്ടര്‍മാര്‍ തയാറാകണമെന്നും ആര്‍ട്ടിസ്റ്റ് യുനൈറ്റ് ഇന്ത്യാ.കോം എന്ന വെബ്‌സൈറ്റിലൂടെ അവര്‍ അഹ്വാനം ചെയ്തു.
ദേശസ്‌നേഹം എന്നത് ബി.ജെ.പിയുടെ അധികാരത്തിലേറാനുള്ള തുറുപ്പുചീട്ടാണ്. ഇതിന്റെപേരില്‍ വ്യക്തികളെയും സ്ഥാപനങ്ങളെയും അവര്‍ ദേശവിരോധികളാക്കി മുദ്രകുത്തുകയാണ്. ദേശസ്‌നേഹത്തിലൂടെ അവര്‍ വോട്ട്ബാങ്ക് രാഷ്ട്രീയമാണ് അവതരിപ്പിക്കുന്നത്.
ഭരണഘടനയെയും നമ്മുടെ സ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തിന് അനുവദിക്കുന്നതുമായ ഭരണാധികാരികളെ അധികാരത്തിലേറാന്‍ ജനങ്ങള്‍ തയാറാകണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."