അനുകൂല സാഹചര്യത്തില്‍ കണ്ണുനട്ട് കോണ്‍ഗ്രസ്
റായ്പൂര്‍: ഛത്തിസ്ഗഡിലെ മാവോയിസ്റ്റ് സ്വാധീന മേഖലയായ ബസ്തര്‍ ലോക്‌സഭാ സീറ്റില്‍ മത്സരിക്കുന്നത് ഏഴ് സ്ഥാനാര്‍ഥികള്‍. സംസ്ഥാനത്തെ 11 ലോക്‌സഭാ സീറ്റുകളില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 11നാണ് ബസ്തര്‍ മണ്ഡലത്തിലും തെരഞ്ഞെടുപ്പ് നടക്കുന്നത്.
കോണ്‍ഗ്രസിലെ യുവ നേതാവും തീപ്പൊരി പ്രാസംഗികനുമായ ദീപക് ബാജി, മുതിര്‍ന്ന ബി.ജെ.പി നേതാവ് ബെയ്ദുറാം കാശ്യപ് എന്നിവരാണ് മത്സരാര്‍ഥികളില്‍ പ്രമുഖര്‍. 1998 മുതല്‍ ഈ മണ്ഡലത്തില്‍ വിജയിച്ചുവരുന്നത് ബി.ജെ.പിയാണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ വ്യാഴാഴ്ചയാണ് ഏഴുപേര്‍ മത്സരരംഗത്തുള്ള ചിത്രം വ്യക്തമായത്. എട്ടുപേരാണ് ഇവിടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്.
ഇവരില്‍ രാഷ്ട്രീയ ജനസഭാ സ്ഥാനാര്‍ഥി ജെയ്‌സിങ് കാവ്‌ദേയുടെ പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളിയിരുന്നു. ബി.ജെ.പിയില്‍ നിലവിലെ എം.പിയെ മാറ്റിയത് പാര്‍ട്ടിക്കുള്ളില്‍ കടുത്ത പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. എന്നും ബി.ജെ.പിക്ക് അനുകൂലമായി വിധിയെഴുതുന്ന മണ്ഡലത്തില്‍ അനുകൂല സാഹചര്യം സൃഷ്ടിച്ചെടുക്കാനാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്.
ബസ്തറില്‍ ബി.ജെ.പിയുടെ സിറ്റിങ് എം.പി ദിനേശ് കാശ്യപിന് സീറ്റ് നിഷേധിച്ചാണ് ബെയ്ദുറാം കാശ്യപിനെ സ്ഥാനാര്‍ഥിയാക്കിയത്.
ബി.ജെ.പിയിലെ കരുത്തനും ലോക്‌സഭാംഗവുമായിരുന്ന ബലിറാം കാശ്യപിന്റെ മകനാണ് ദിനേശ് കാശ്യപ്. പിതാവിന്റെ മരണത്തെ തുടര്‍ന്നാണ് 2011ലെ ഉപതെരഞ്ഞെടുപ്പിലൂടെ ബസ്തറില്‍ നിന്ന് ദിനേശ് വിജയിക്കുന്നത്. തുടര്‍ന്ന് 2014ല്‍ വീണ്ടും മത്സരിച്ച് ജയിച്ചു. 1998 മുതല്‍ നാല് തവണയാണ് ബലിറാം ഇവിടെ വിജയിച്ചിരുന്നത്. ഇത്തവണ ബി.ജെ.പിയുടെ ബസ്തര്‍ ജില്ലാ പ്രസിഡന്റ് ബെയ്ദുറാമിന് സീറ്റ് നല്‍കിയാണ് ബി.ജെ.പി പുതിയ പരീക്ഷണത്തിന് മുതിര്‍ന്നത്. രണ്ട് തവണ എം.എല്‍.എ ആയ വ്യക്തികൂടിയാണ് അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."