ജിദ്ദയില്‍ കേരള ടൂറിസം റോഡ് ഷോ സംഘടിപ്പിച്ചു
റിയാദ്: ടൂറിസം മേഖലയില്‍ ഏറ്റവും സാധ്യതയുള്ള കേരളത്തിലേക്ക് കൂടുതല്‍ സഊദി, വിദേശ പൗരന്മാരെ ആകര്‍ഷിക്കാനായി ടൂറിസം റോഡ് ഷോ സംഘടിപ്പിച്ചു. അസോസിയേഷന്‍ ഓഫ് അറബ് ടൂര്‍ ഓപ്പറേറ്റേഴ്‌സി (ആറ്റോ) ന്റെ ആഭിമുഖ്യത്തിലാണ് ജിദ്ദയിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ ജിദ്ദയിലെ വദക് ഇന്റര്‍നാഷനല്‍ കമ്പനിയുടെ സഹകരണത്തോടെ കേരള ടൂറിസം റോഡ് ഷോ സംഘടിപ്പിച്ചത്. കേരളത്തിലെ പ്രധാന കേന്ദ്രങ്ങളായ കൊച്ചി, കുമരകം, കുമളി, തേക്കടി തുടങ്ങിയ സ്ഥലങ്ങളിലെ സ്റ്റാര്‍ ഹോട്ടലുകള്‍, ആയുര്‍വേദ ആശുപത്രികള്‍, സുഖചികിത്സാ കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രതിനിധികള്‍, അറബ് ടൂര്‍ ഓപ്പേറേറ്റര്‍ എന്നിവരടക്കം കേരളത്തില്‍നിന്ന് 25 ഓളം സ്ഥാപനങ്ങളുടെ പ്രതിനിധികളാണ് റോഡ്‌ഷോയില്‍ പങ്കെടുത്തത്. സ്ത്രീകളടക്കം അറബ് വിനോദ സഞ്ചാരികളും ജിദ്ദയിലെ ടൂര്‍ ഓപ്പറേറ്റര്‍മാരുമടക്കം ഇരുനൂറിലേറെ പേര്‍ പരിപാടിയില്‍ സംബന്ധിച്ചത് വന്‍ വിജയമായാണ് സംഘാടകര്‍ കരുതുന്നത്.
വിനോദ സഞ്ചാര മേഖലയില്‍ കേരളത്തിന്റെ സാധ്യതകളും പ്രധാന കേന്ദ്രങ്ങളും സൗകര്യങ്ങളും പരിചയപ്പെടുത്തുകയായിരുന്നു ഷോയുടെ ലക്ഷ്യം. പങ്കെടുത്ത സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തങ്ങളുടെ സൗകര്യങ്ങളും തങ്ങള്‍ നല്‍കുന്ന സേവനങ്ങളും പരിപാടിയില്‍ പരിചയപ്പെടുത്തി.
അബ്ദുറഹ്മാന്‍ അല്‍ യാമിയാണ് വദക് ഇന്റര്‍നാഷനല്‍ കമ്പനിയുടെ ചെയര്‍മാന്‍. വൈസ് കോണ്‍സല്‍ സഞ്ജയ് കുമാര്‍ ശര്‍മ റോഡ് ഷോ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവര്‍ത്തകനായ ഡോ. ടി.എം.എ റഊഫ്, സഊദി ബിസിനസ് നെറ്റ്‌വര്‍ക് (എസ്.ഐ.ബി.എന്‍) ജന. സെക്രട്ടറി ഗസന്‍ഫര്‍ അലി സാക്കി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
അസോസിയേഷന്‍ ഓഫ് അറബ് ടൂര്‍ ഓപ്പറേറ്റേഴ്‌സ് പ്രസിഡന്റ് തോമസ് ബാബു, ജന. സെക്രട്ടറി സക്കീര്‍ ഹുസൈന്‍ മണ്ണഞ്ചേരി, ട്രഷറര്‍ മുഹമ്മദ് അനീസ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ആറ്റോ മുന്‍ പ്രസിഡന്റ് റഷീദ് കക്കാട്ട് അവതാരകനായിരുന്നു. മുഹമ്മദ് ബാബ കേരളത്തെക്കുറിച്ചുള്ള പ്രസന്റേഷന്‍ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."