ലക്ഷങ്ങളുടെ വിസത്തട്ടിപ്പ്: യുവാക്കള്‍ അറസ്റ്റില്‍
നിലമ്പൂര്‍: ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ നിരവധിപേരെ വിസ നല്‍കാമെന്നു പറഞ്ഞു തട്ടിപ്പുനടത്തിയ യുവാക്കള്‍ നിലമ്പൂര്‍ പൊലിസിന്റെ വലയിലായി. കോഴിക്കോട് കല്ലാച്ചി വെളേളരിമീത്തല്‍ സൗജിക് (35), തൃശൂര്‍ കയ്പമംഗലം വഴിയമ്പലത്തെ വെട്ടുകാട്ടില്‍ ഫൈസല്‍(29) എന്നിവരാണു പിടിയിലായത്. നഗരത്തിലെ ടൂറിസ്റ്റ് കേന്ദ്രത്തിനടുത്ത ലോഡ്ജില്‍ ഒരുമാസത്തോളം താമസിച്ചാണ് പ്രതികള്‍ തട്ടിപ്പുനടത്തിയിരുന്നത്.
ഗള്‍ഫില്‍ നിന്നുള്ള വിസിറ്റിങ് കാര്‍ഡുകളും മറ്റും കാണിച്ചു വിശ്വാസം നേടിയാണ് പ്രതികള്‍ ആളുകളെ വലയിലാക്കിയിരുന്നത്. പ്രതികള്‍ക്കു വര്‍ഷങ്ങളായി ഗള്‍ഫിലുള്ള പരിചയം മുതലെടുത്തായിരുന്നു തട്ടിപ്പ്. പണം നേരിട്ടു സ്വീകരിക്കുന്നതിനു പകരം അതതുസ്ഥലങ്ങളിലെ നാട്ടുകാരെ പരിചയപ്പെട്ട് അവരുടെ അക്കൗണ്ടുകളിലേക്കു പണം അയപ്പിക്കുകയാണ് ചെയ്തിരുന്നത്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളിലെ വിവിധ ഭാഗങ്ങളിലും മംഗലാപുരത്തും ഇത്തരത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയതായി ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു.
അസം സ്വദേശികളായ ആസാദുള്‍, മോനുള്‍ ഹഖ് എന്നിവരില്‍നിന്നു 52000 രൂപവീതം തട്ടിപ്പു നടത്തിയതായി കാണിച്ച് നിലമ്പൂര്‍ സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്.ഐയും സംഘവും നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്ന് നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."