നിര്‍ണായകമായത് ഇളയകുട്ടിയുടെ മൊഴി
തൊടുപുഴ: ഏഴുവയസുകാരനേറ്റ ക്രൂരമര്‍ദനം പുറത്തറിയിച്ചത് ഇളയകുട്ടിയുടെ മൊഴി. കഴിഞ്ഞ ദിവസം രാത്രി നടന്ന മര്‍ദനത്തെത്തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ ഏഴുവയസുകാരനുമായി മാതാവും കുട്ടിയെ മര്‍ദിച്ചതിന് അറസ്റ്റിലായ അരുണ്‍ ആനന്ദും അശുപത്രിയിലേക്ക് പോയത് ഇളയവനായ നാലുവയസുകാരനെ വീട്ടില്‍ തനിച്ചാക്കിയാണ്. പിന്നീട് അയല്‍ വീട്ടുകാര്‍ എത്തി രാത്രി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. പിറ്റേന്ന് കാലത്ത് ഈ വീട്ടുകാര്‍ കാര്യം ചോദിച്ച് മനസിലാക്കുകയായിരുന്നു. ചേട്ടനെ എടുത്തെറിഞ്ഞു, ചേട്ടന്‍ ചത്തു എന്നാണ് കുട്ടി ഈ വീട്ടുകാരോട് പറഞ്ഞത്. തലയിലും മുഖത്തും മുറിവുണ്ടായി രക്തം വന്നുവെന്നും ഇത് താനാണ് തുടച്ച് കളഞ്ഞതെന്നും അനുജന്‍ പറയുന്നു.
ഭക്ഷണം പോലും നല്‍കാതെ മര്‍ദിച്ചതായാണ് വിവരം. ഇളയകുട്ടിയുടെ കഴുത്തില്‍ സിഗരറ്റ് കൊണ്ട് കുത്തിയ നിരവധി പാടുകളും കണ്ടെത്തി. ഇളയ കുട്ടിക്കും മര്‍ദനത്തില്‍ താടിക്കും കൈക്കും കാലിനും പരുക്കുണ്ട്. ഒരു മാസം മുന്‍പ് മാത്രം ഇവിടെ വാടകയ്‌ക്കെത്തിയ കുടുംബത്തിന് നാട്ടുകാരുമായി കാര്യമായ അടുപ്പമില്ലായിരുന്നു.
അതിനിടെ കുട്ടി വീണ് പരുക്കേറ്റതാണെന്ന് ആദ്യം പൊലിസിനോട് പറഞ്ഞ മാതാവ് ഇന്നലെ ഡിവൈ.എസ്.പിയോട് മൊഴി മാറ്റിപ്പറഞ്ഞു. മൂത്രമൊഴിച്ചതാണ് പ്രകോപനമെന്നും മുന്‍പും മര്‍ദിച്ചിരുന്നതായും മൊഴി നല്‍കി. ചവിട്ടി വീഴ്ത്തിയതായും കുട്ടി വീണ്ടും എഴുന്നേറ്റപ്പോള്‍ എടുത്തെറിഞ്ഞതായും ഈ സമയം അലമാരയില്‍ തലയിടിച്ചതായും മാതാവ് പറയുന്നു. വീണ കുട്ടിയെ നിലത്തിട്ട് ചവിട്ടി. പൊലിസ് വീട്ടില്‍ നടത്തിയ പരിശോധനിയില്‍ ഭിത്തിയില്‍ രക്തം തെറിച്ചതായും അടിക്കാന്‍ ഉപയോഗിച്ച വടി ഒടിഞ്ഞനിലയിലും കണ്ടെത്തി.
ഉടുമ്പന്നൂര്‍ സ്വദേശിനിയായ യുവതിയെ തിരുവനന്തപുരത്തേക്ക് വിവാഹം കഴിച്ച് അയച്ചതായിരുന്നു. വര്‍ക്ക്‌ഷോപ്പ് നടത്തുകയായിരുന്ന ഭര്‍ത്താവ് ഒരു വര്‍ഷം മുന്‍പ് മരിച്ചതോടെ യുവതി അരുണിനൊപ്പം മക്കളുമായി നാട് വിടുകയായിരുന്നു. പിന്നീട് കേസ് കോടതിയില്‍ എത്തുകയും തനിക്ക് അരുണിനൊപ്പം പോയാല്‍ മതിയെന്ന് യുവതി പറയുകയും ചെയ്തു.
ഗുരുതരമായി പരുക്കേറ്റ ഏഴുവയസുകാരനുമായി തൊടുപുഴയിലെ ആശുപത്രിയിലേക്ക് ഇരുവരും പോയെങ്കിലും രണ്ട് മണിക്കൂറിന് ശേഷമാണ് അവിടെ എത്തിയത്. ഭക്ഷണം കഴിക്കാന്‍ കയറിയെന്നാണ് പൊലിസിനോട് പറഞ്ഞതെങ്കിലും കുട്ടിയെ ഉപേക്ഷിക്കാന്‍ പദ്ധതി ഉണ്ടായിരുന്നതായാണ് വിവരം. പൊലിസ് പിടിച്ചെടുത്ത കാറില്‍നിന്ന് മദ്യവും മഴുവും രണ്ട് പ്രഷര്‍ കുക്കറും വലിയ രണ്ട് ബക്കറ്റും കണ്ടെത്തി. സ്ഥിരമായി മദ്യവും ലഹരി പദാര്‍ഥങ്ങളും ഉപയോഗിക്കുന്ന ആളായിരുന്നു പ്രതിയെന്നാണ് വിവരം.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടുക്കി ജില്ലാ ചെയര്‍മാന്‍ പ്രൊഫ. ജോസഫ് അഗസ്റ്റിനാണ് ആദ്യം സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസിന്റെ മേല്‍നോട്ടത്തിലാണ് നിലവില്‍ കേസന്വേഷണം പുരോഗമിക്കുന്നത്. സയന്റിഫിക് വിദഗ്ധര്‍ വീട്ടിലും കാറിലും പരിശോധന നടത്തി. 2013ല്‍ സമാനമായ രീതിയില്‍ ഇടുക്കി കുമളിയില്‍ ഷെഫീക്ക് എന്ന ബാലന് നേരെ രണ്ടാനമ്മയും അച്ഛനും നടത്തിയ മര്‍ദനം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
പ്രതി അരുണ്‍ സ്ഥിരം കുറ്റവാളി
കൊലക്കേസിലും പ്രതി
തിരുവനന്തപുരം: തൊടുപുഴയില്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അറസ്റ്റിലായ പ്രതി അരുണ്‍ ആനന്ദ് സ്ഥിരം കുറ്റവാളി. 2008 ല്‍ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത വിജയരാഘവന്‍ കൊലക്കേസിലെ പ്രതിയാണ് അരുണ്‍ ആനന്ദ്. തിരുവനന്തപുരം നന്തന്‍ കോട് സ്വദേശിയായ ഇയാള്‍ മദ്യപാനത്തിനിടെ സുഹൃത്തായ വിജയരാഘവനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ചു കൊന്നു എന്നതാണ് കേസ്.
നാല് കേസുകളാണ് തിരുവനന്തപുരം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം ഇയാള്‍ക്കെതിരേ ഉള്ളത്. കൊലപാതകം, ഭീഷണിപ്പെടുത്തല്‍, പണം തട്ടല്‍ എന്നിവയാണ് കേസുകള്‍. 2008 ലാണ് അരുണ്‍ ആനന്ദിനെതിരേ ചുമത്തിയ വധക്കേസിന് ആസ്പദമായ സംഭവം. ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ സുഹൃത്തായ തിരുവനന്തപുരം സ്വദേശി വിജയരാഘവനുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഇയാളെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആകെ എട്ട് പ്രതികളാണ് കേസിലുള്ളത്. ഇതില്‍ മുഖ്യപ്രതികളിലൊരാളാണ് അരുണ്‍ ആനന്ദ്. മറ്റൊരു കേസ് ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിനാണ്. പരാതിക്കാരെ ഭീഷണിപ്പെടുത്തിയതാണ് ഇയാള്‍ക്കെതിരേയുള്ള മറ്റ് രണ്ട് കേസുകള്‍.
ബാലാവകാശ കമ്മിഷന്‍ കേസെടുത്തു
തിരുവനന്തപുരം: തൊടുപുഴയില്‍ ഏഴു വയസുകാരന് ക്രൂരമര്‍ദനം ഏറ്റ സംഭവത്തില്‍ ബാലാവകാശ സംരക്ഷണ കമ്മിഷന്‍ കേസെടുത്തു.
മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് കമ്മിഷന്‍ ഗൗരവത്തോടെയാണ് കാണുന്നത്. കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ ഉറപ്പ് വരുത്താന്‍ കമ്മിഷന്‍ ജാഗ്രത പാലിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ പി. സുരേഷ് അറിയിച്ചു. ജില്ലാ കലക്ടര്‍, സംസ്ഥാന പൊലിസ് മേധാവി എന്നിവരില്‍ നിന്ന് കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."