100 കോടി രൂപ ചെലവഴിച്ച് മത്സ്യഫെഡ് 10 കോള്‍ഡ് സ്റ്റോറേജുകള്‍ തുറക്കും
ആലപ്പുഴ: മത്സ്യഫെഡ് 100 കോടി രൂപ ചെലവഴിച്ച് 100 ടണ്‍ വീതം സംഭരണ ശേഷിയുള്ള 10 കോള്‍ഡ് സ്റ്റോറേജുകള്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിക്കുമെന്ന് ചെയര്‍മാന്‍ പി.പി ചിത്തരഞ്ജന്‍ അറിയിച്ചു.
ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളിയിലും ജില്ലയുടെ വടക്കേ അറ്റമായ ചെല്ലാനത്തും ശീതീകരണ സംഭരണകേന്ദ്രം തുറക്കുന്നുണ്ട്. കോള്‍ഡ്‌സ്റ്റോറേജുകള്‍ ആരംഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ 50 കോടി രൂപ ലഭ്യമാക്കും. ശേഷിക്കുന്ന തുക ദേശീയ സഹകരണ വികസന ഏജന്‍സി വായ്പയായി ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ പ്രസ്‌ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യസഹകരണ സംഘങ്ങളുമായി സഹകരിച്ച് ശുദ്ധമായ പച്ച മത്സ്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനായി തലസ്ഥാനത്ത് ആരംഭിച്ച അന്തിപ്പച്ച പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. അന്തിപ്പച്ച പദ്ധതി പ്രകാരം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും രണ്ട് വീതം കേന്ദ്രങ്ങളില്‍ വാഹനങ്ങളില്‍ മത്സ്യമെത്തിച്ച് വിപണനം നടത്തും. ഇതിനാവശ്യമായ വാഹനങ്ങള്‍ മത്സ്യഫെഡ് സജ്ജമാക്കും. ഇതിനും പുറമെ ശുദ്ധവും സുരക്ഷിതവുമായ മത്സ്യം സംഘങ്ങള്‍ വഴി സംഭരിച്ച് വില്‍പ്പന നടത്തുന്ന 20 ഹൈടെക് മത്സ്യമാര്‍ട്ടുകളും (ഫിഷ് സ്റ്റാള്‍) ആരംഭിക്കും.
ജില്ലയിലെ അരൂരില്‍ ആരംഭിക്കുന്ന ഹൈടെക് മത്സ്യമാര്‍ട്ടിന്റെ ഉദ്ഘാടനം ഉടന്‍ നടക്കും. ദേശീയപാതയോരങ്ങളില്‍ ആധുനിക സൗകര്യങ്ങളോടെ മത്സ്യവിഭവങ്ങളുടെ റെസ്റ്റോറന്റ് 'സീഫുഡ് കിച്ചണ്‍' ആരംഭിക്കും. ഇത്തരത്തിലുള്ള ആദ്യ റെസ്റ്റോറന്റ് ചേര്‍ത്തലക്ക് സമീപം ഉടന്‍ തുറക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. ആലപ്പുഴയിലും കൊല്ലത്തും ആധുനിക ഫിഷ് സൂപ്പര്‍മാര്‍ക്കറ്റും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. സഹകരണ സംഘങ്ങളുടെ ശാക്തീകരണത്തിന്റെ ഭാഗമായി 200 സംഘങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന വികസനം, സെക്രട്ടറിമാര്‍ക്കുള്ള ധനസഹായം എന്നിവ നടപ്പാക്കും.
200ലധികം സ്ത്രീതൊഴിലാളികള്‍ക്ക് ജോലി ലഭ്യമാകുന്ന യാണ്‍ ട്വിസ്റ്റ് യൂനിറ്റ് ആലപ്പുഴയില്‍ ആരംഭിക്കും. മത്സ്യത്തൊഴിലാളികള്‍ക്കുള്ള തൊഴിലുപകരണങ്ങള്‍ക്ക് പലിശ രഹിത വായ്പ, മത്സ്യ സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണത്തിനായി പ്രത്യേക പാക്കേജ്, മത്സ്യത്തൊഴിലാളികള്‍ക്ക് 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷ്വറന്‍സ് എന്നീ പദ്ധതികളും മത്സ്യഫെഡ് നടപ്പാക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."