താപനില ഉയരും; ഇന്ന് അതീവ ജാഗ്രത
കണ്ണൂര്‍: ജില്ലയില്‍ താപനില ശരാശരിയില്‍ നിന്നു രണ്ടുമുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നു സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സൂര്യാഘാതം ഒഴിവാക്കുന്നതിനായി പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ ദുരന്ത നിവാരണ വകുപ്പ് നിര്‍ദേശം നല്‍കി.
മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം കുപ്പിയില്‍ കരുതുക, രോഗികള്‍ രാവിലെ 11നും മൂന്നിനും ഇടയില്‍ സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക, പരമാവധി ശുദ്ധജലം കുടിക്കുക, കാപ്പി, ചായ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക, അയഞ്ഞ ഇളംനിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക എന്നിവയാണു നിര്‍ദേശങ്ങള്‍. വിദ്യാര്‍ഥികള്‍ക്കു പരീക്ഷാ കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തണം. കുട്ടികളെ അവധി പ്രമാണിച്ച് വിനോദ സഞ്ചാരത്തിനു കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 മുതല്‍ മൂന്നുവരെ കുട്ടികള്‍ക്കു നേരിട്ട് സൂര്യതപം ഏല്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം, അങ്കണവാടി കുട്ടികള്‍ക്കു ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതത് പഞ്ചായത്ത് അധികൃതരും അങ്കണവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
തൊഴിലാളികള്‍ക്കു സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടിവരുന്ന തൊഴില്‍സമയം പുനഃക്രമീകരിച്ചുള്ള ലേബര്‍ കമ്മിഷണര്‍ ഉത്തരവ് തൊഴില്‍ദാതാക്കള്‍ പാലിക്കണം. ഇരുചക്ര വാഹനങ്ങളില്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ചസമയത്ത് സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തുകയും അവര്‍ക്കു ചൂടേല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണത്തിനു നിര്‍ദേശിക്കുകയും ചെയ്യണം. ആവശ്യമെങ്കില്‍ യാത്രയ്ക്കിടയില്‍ അല്‍പസമയം വിശ്രമിക്കാനുള്ള അനുവാദവും നല്‍കണം. മാധ്യമപ്രവര്‍ത്തകരും പൊലിസ് ഉദ്യോഗസ്ഥരും പകല്‍ 11നും മൂന്നിനും ഇടയില്‍ കുടകള്‍ ഉപയോഗിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ ഈ മുന്നറിയിപ്പ് സന്ദേശം ശ്രദ്ധിക്കണമെന്നും തുടര്‍ന്നുള്ള ദിവസങ്ങളിലും ചൂട് ശരാശരിയില്‍ നിന്ന് ഉയര്‍ന്ന നിലയില്‍ തുടരുവാനാണ് സാധ്യതയെന്നും ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."