കെട്ടിട നികുതി അടച്ചില്ല; ബി.എസ്.എന്‍.എല്‍ തൃക്കരിപ്പൂര്‍ ഓഫിസിനെതിരേ ജപ്തി നോട്ടിസ്
തൃക്കരിപ്പൂര്‍: കെട്ടിട നികുതി അടക്കാത്തതിന്റെ പേരില്‍ തൃക്കരിപ്പൂരിലെ ബി.എസ്.എന്‍.എല്‍ ഓഫിസ് ജപ്തി ചെയ്യാന്‍ തൃക്കരിപ്പൂര്‍ പഞ്ചായത്തിന്റെ നോട്ടിസ്. തൃക്കരിപ്പൂര്‍ മുനവ്വിര്‍ വിദ്യാഭ്യാസ സമുച്ചയ പരിസരത്ത് പ്രവര്‍ത്തിക്കുന്ന ടെലഫോണ്‍ എക്‌സേഞ്ച് കെട്ടിടത്തിന്റെ നികുതി അടക്കാന്‍ ബന്ധപ്പെട്ടവര്‍ കാണിച്ച വീഴ്ചയെ തുടര്‍ന്നാണ് നടപടി. തൃക്കരിപ്പൂര്‍ പഞ്ചായത്ത് സെക്രട്ടറി രാഹുല്‍ രാമചന്ദ്രന്‍ ഒപ്പുവെച്ച നോട്ടിസ് ഇന്നലെ ഉച്ചകഴിഞ്ഞ് പഞ്ചായത്ത് ജീവനക്കാര്‍ ടെലഫോണ്‍ എക്‌സേഞ്ച് കെട്ടിടത്തിന്റെ ചുവരില്‍ പതിപ്പിച്ചു. ബി.എസ്.എന്‍.എല്‍ കണ്ണൂര്‍ ജനറല്‍ മാനേജരുടെ പേരിലാണ് ജപ്തി നോട്ടിസ്. 2018 സെപ്റ്റംബര്‍ 30ന് അവസാനിച്ച 2018-19 വര്‍ഷത്തെ കെട്ടിട നികുതിയായ 6322 രൂപയും അഞ്ചു രൂപയുടെ വാറണ്ട് ഫീസടക്കം ഒടുക്കണമെന്നാണ് നോട്ടിസില്‍ പറയുന്നത്. ഒരാഴ്ചയ്ക്കകം കുടിശ്ശിക അടച്ചില്ലെങ്കില്‍ നടപടിയുമായി മുന്നോട്ടുപോകുമെന്നും നോട്ടിസിലുണ്ട്. ബി.എസ്.എന്‍.എല്‍ ജനറല്‍ മാനേജരോട് നികുതിയടക്കാന്‍ ആവശ്യപ്പെട്ടിട്ടും അടക്കുകയോ അടക്കാതിരിക്കാന്‍ മതിയായ കാരണം കാണിക്കുകയോ ചെയ്യാതിരുന്നതിനാലാണ് ജപ്തി നടപടിയെന്ന് ബി.എസ്.എന്‍.എല്‍ ഓഫിസ് ചുവരില്‍ പതിച്ച നോട്ടിസില്‍ പറയുന്നുണ്ട്. ജപ്തി നോട്ടിസ് പതിപ്പിക്കാനെത്തിയ ജീവനക്കാര്‍ക്ക് പഞ്ചായത്ത്പ്രസിഡന്റ് വി.പി ഫൗസിയ, സെക്രട്ടറി രാഹുല്‍ രാമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫോണ്‍ ടവറിന്റെ നികുതി കുടിശ്ശിക അടക്കാത്തതിന്റെ പേരില്‍ കോടതി നടപടിയുമായി മുന്നോട്ടുപോകുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. രണ്ടു ടവറുകളുടെ നികുതിയാണ് കുടിശ്ശികയായിട്ടുളളത്. ഇതില്‍ ഒന്ന് സ്വകാര്യ കമ്പനിയുടേതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."