ബാവിക്കര സംഭരണിയില്‍ നിന്നുള്ള പമ്പിങ് നിര്‍ത്തി
ബോവിക്കാനം: ജില്ലയിലെ ശുദ്ധജല വിതരണത്തിന്റെ പ്രധാന സ്രോതസ്സായ പയസ്വിനി പുഴയിലെ ബാവിക്കര ജലസംഭരണിയിലെ പമ്പിങ് നിര്‍ത്തി വച്ചു. ഉപ്പിന്റെ അംശം കൂടുതലായതിനെ തുടര്‍ന്നും ജലവിതരണം താഴ്ന്നതിനാലുമാണ് പമ്പിങ് നിര്‍ത്തിയത്. ഇതോടെ കാസര്‍കോട് നഗരസഭയിലും സമീപത്തെ മൂന്നു പഞ്ചായത്തുകളിലും വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം നിലച്ചു.
ബാവിക്കര പുഴയിലെ ജലനിരപ്പ് ഉയര്‍ന്നാല്‍ മാത്രമേ പമ്പിങ് പുനരാരംഭിക്കാന്‍ കഴിയുകയുള്ളൂവെന്ന് അസിസ്റ്റന്റ് എക്‌സിക്യുട്ടിവ് എന്‍ജിനിയര്‍ അറിയിച്ചു. ഇതോടെ വരും ദിവസങ്ങളില്‍ കാസര്‍കോട് നഗരസഭാ പരിധിയും സമീപ പ്രദേശങ്ങളും രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലാകുമെന്ന് ഉറപ്പായി.
ബാവിക്കര പുഴയില്‍ നിന്നുള്ള പമ്പിങ് നിര്‍ത്തിവച്ചതോടെ കാസര്‍കോട് നഗരസഭാ പരിധി കൂടാതെ ചെങ്കള, മുളിയാര്‍, മധൂര്‍ പഞ്ചായത്തുകളിലെ കുടിവെള്ള വിതരണ ശൃഖലയാണ് നിലച്ചിരിക്കുന്നത്. ഇതോടെ ആയിരക്കണക്കിനു കുടുംബങ്ങളും വ്യാപാര സ്ഥാപനങ്ങളും കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ടി വരും.
ബാവിക്കര പുഴയില്‍ നിന്നെടുക്കുന്ന വെള്ളമാണു വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് മുഖേനയും കിയോസ്‌കുകള്‍ വഴിയും വിതരണം ചെയ്തിരുന്നത്. പമ്പിങ് നിര്‍ത്തിയതോടെ ഈ വെള്ളത്തെ ആശ്രയിച്ചിരുന്ന ഹോട്ടലുകളടക്കമുള്ള വ്യാപാര സ്ഥാപനങ്ങളെ ബാധിക്കും.
സാധാരണ വരള്‍ച്ചാ ഘട്ടങ്ങളില്‍ ബാവിക്കര പുഴയില്‍ ഉപ്പിന്റെ അംശം ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ ഇതു വളരെ കൂടിയ അളവിലാണുള്ളത്. ഉപ്പുവെള്ളം കയറാതിരിക്കാന്‍ നിര്‍മിച്ച താല്‍ക്കാലിക തടയണകള്‍ക്ക് അടിയില്‍ കൂടി ഉപ്പുവെള്ളം കയറിയും കനത്ത ചൂടുമാണ് ഉപ്പിന്റെ അംശം കൂടാന്‍ കാരണമെന്നു പറയുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ഉപ്പുവെള്ളം പമ്പ് ചെയ്തതിനെ തുടര്‍ന്ന് മോട്ടോര്‍ അടക്കമുള്ള ഉപകരണങ്ങള്‍ക്ക് കേടുപാട് സംഭവിച്ചതായും സംശയമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."