ഇടുക്കി ജില്ലയ്ക്ക് ഇനി സ്വന്തം കലക്ടര്‍
തൊടുപുഴ: 46 വയസ് പൂര്‍ത്തിയായ ഇടുക്കി ജില്ലയ്ക്ക് ആദ്യമായി സ്വന്തം കലക്ടര്‍. തൊടുപുഴ മണക്കാട് സ്വദേശിയായ കെ. ജീവന് ബാബുവിനെ ഇടുക്കിയുടെ 38 ാമത്തെ കലക്ടറായി നിയമിച്ചു. ജി.ആര്. ഗോകുല്‍ ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് പോകാന്‍ അവധിയില്‍ പ്രവേശിച്ചതോടെയാണ് നിലവില്‍ കാസര്‍ഗോഡ് ജില്ലാ കലക്ടറായ ജീവന് ബാബുവിനെ മാറ്റി നിയമിച്ചത്. ഇടുക്കി സ്വദേശിയായ ഒരാള്‍ ജില്ലയില്‍ കലക്ടറാകുന്നത് ആദ്യമാണ്.
2009 ല്‍ ഇന്ത്യന്‍ റവന്യൂ സര്‍വ്വീസിലും 2010 ല്‍ പശ്ചിമ ബംഗാളില്‍ ഐപിഎസ് ഓഫീസറായും ജീവന് ബാബു സേവനമനുഷ്ഠിച്ചിരുന്നു. 2011 ഐഎഎസ് ബാച്ചിലുള്‍പ്പെട്ട ഇദ്ദേഹം തൃശൂരില്‍ അസി. കലക്ടര്‍, കാഞ്ഞങ്ങാട് സബ് കലക്ടര്‍, എക്സൈസ് അസി. കമ്മിഷണര്‍, സര്‍വ്വെ ഡയറക്ടര്‍, ബീവറേജസ് കോര്പ്പറേഷന് എം ഡി, കശുവണ്ടി വികസന കോര്പ്പറേഷന് എം.ഡി, ഇലക്ഷന് ഡെപ്യൂട്ടി കമ്മിഷണര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു.
തൊടുപുഴ മണക്കാട് ജീവന് ജ്യോതിയില്‍ പി. അപ്പുക്കുട്ടന്റെയും (റിട്ട. തഹസില്‍ദാര്‍), കെ ജി ശ്യാമളയുടെയും (റിട്ട. റവന്യൂ ജീവനക്കാരി) മകനാണ്. സഹോദരന് ജ്യോതിഷ് ബാബു കാനറ ബാങ്ക് തിരുവനന്തപുരം സോണല്‍ ഓഫിസില്‍ സീനിയര്‍ ഓഫിസറാണ്. സഹോദരി ദേവപ്രിയ തൊടുപുഴ കോഓപറേറ്റീവ് പബ്ലിക് സ്കൂളില്‍ ഇംഗ്ലീഷ് അധ്യാപികയാണ്. ജീവന് ബാബുവിന്റെ ഭാര്യ എറണാകുളം വൈറ്റില സ്വദേശി അഭി ജാനറ്റ് മിലന്. 1972 ല്‍ രൂപവല്‍ക്കരിച്ച ഇടുക്കി ജില്ലയുടെ ആദ്യ കലക്ടര്‍ ഡോ. ഡി. ബാബു പോളായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."