തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് പ്രസക്തിയില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍
ചെറുവറ്റ: കേരളത്തിലെ ഇടതുപക്ഷത്തിന് ഈ തെരഞ്ഞെടുപ്പില്‍ എന്ത് രാഷ്ട്രീയ പ്രസക്തിയാണുള്ളതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത അടിസ്ഥാന വരുമാന പദ്ധതിയെ പരിഹസിച്ച സി.പി.എം ഒരിക്കലും നടക്കാത്ത വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ചെറുവറ്റയില്‍ യു.ഡി.എഫ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി എം.കെ രാഘവന്റെ എലത്തൂര്‍ അസംബ്ലി മണ്ഡലം തെരഞ്ഞെടുപ്പ് പര്യടന പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി. വിപ്ലവകരമായ മാറ്റങ്ങളാണ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ മുന്‍കാലങ്ങളില്‍ രാജ്യത്ത് കൊണ്ടുവന്നത്. ഏറ്റവുമൊടുവില്‍ രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ച തൊഴിലുറപ്പ് പദ്ധതി, വിദ്യാഭ്യാസ അവകാശ നിയമം, ഭക്ഷ്യസുരക്ഷാ നിയമം, അറിയാനുള്ള അവകാശം എന്നിവ കഴിഞ്ഞ യു.പി.എ സര്‍ക്കാരുകള്‍ നടപ്പിലാക്കി. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചിരിക്കുന്ന അടിസ്ഥാന വരുമാന പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
തുല്യതയില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ 10 വര്‍ഷം കൊണ്ട് മണ്ഡലത്തില്‍ നടപ്പാക്കിയതെന്ന് എം.കെ രാഘവന്‍ പറഞ്ഞു. ഒരു എം.പി എന്ന നിലയില്‍ എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും തന്നെ സമീപിക്കാമായിരുന്നെന്നും തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇതേ രീതി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ് എലത്തൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ അക്കിനാരി മുഹമ്മദ് ചടങ്ങില്‍ അധ്യക്ഷനായി. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ. പി.എം നിയാസ്, ഡി.സി.സി മുന്‍ പ്രസിഡന്റ് കെ.സി അബു, നാസര്‍ എസ്റ്റേറ്റ്മുക്ക്, ഐ.പി രാജേഷ്, ടി.കെ രാജേന്ദ്രന്‍, കെ.ടി ശ്രീനിവാസന്‍, ഒ.പി നസീര്‍, എം.പി ഹമീദ് മാസ്റ്റര്‍, പി.എം അബ്ദുറഹ്മാന്‍, യു.വി ദിനേശ് മണി, മലയില്‍ അബ്ദുല്ലക്കോയ, മുഹമ്മദ് മാസ്റ്റര്‍, സി. ചേക്കൂട്ടി ഹാജി, സി. മുഹമ്മദ്, കെ.സി ചന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."