ബേപ്പൂര്‍ തുറമുഖം ഷാര്‍ജ അന്താരാഷ്ട്ര ഫ്രീ സോണ്‍ അധികാരികള്‍ സന്ദര്‍ശിച്ചു
ബേപ്പൂര്‍: ഷാര്‍ജ അന്താരാഷ്ട്ര ഫ്രീസോണ്‍ അധികാരികള്‍ ബേപ്പൂര്‍ തുറമുഖത്തെത്തി. തുറമുഖത്തേക്ക് ചെറുകിട കപ്പലുകള്‍ വഴി ചരക്കുകള്‍ നേരിട്ട് അയക്കുന്നതിനെ കുറിച്ചുള്ള പ്രാഥമിക നടപടികളെക്കുറിച്ച് പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ അശ്വിനി പ്രതാപുമായി ചര്‍ച്ച ചെയ്തു. യു.എ.ഇയിലെ ഖോര്‍ ഫഖാന്‍, ഫുജയ്‌റ എന്നീ തുറമുഖങ്ങളില്‍ നിന്നും ചെറുകിട കപ്പലുകള്‍ വഴി കണ്ടെയ്‌നര്‍ ചരക്കുകള്‍ അയക്കുന്നതിനെ സംബന്ധിച്ചാണ് ഫ്രീ സോണ്‍ അധികാരികള്‍ പ്രധാനമായും ചര്‍ച്ച നടത്തിയത്. നിലവില്‍ കൊച്ചി, മുംബൈ വഴി വരുന്ന കാര്‍ഗോ കപ്പലുകള്‍ അന്താരാഷ്ട്ര തുറമുഖങ്ങളില്‍ നിന്നും നേരിട്ട് ബേപ്പൂര്‍ തുറമുഖത്തെത്തിക്കുന്നതിലൂടെ കയറ്റുമതി, ഇറക്കുമതി ചെലവ് കുറക്കാമെന്നും അത് വഴി കടല്‍ ചരക്കു ഗതാഗതം ഊര്‍ജിതപ്പെടുത്താമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത പോര്‍ട്ട് അഡൈ്വസറി കൗണ്‍സില്‍ അംഗവും കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രതിനിധിയുമായ മുന്‍ഷിദ് അലി തുറമുഖ വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. ബേപ്പൂര്‍ തുറമുഖത്ത് വിദേശ കണ്ടെയ്‌നറുകളുടെ ക്ലിയറിംഗിന് ആവശ്യമായ ഇ.ഡി.ഐ (ഇലക്ട്രോണിക് ഡാറ്റാ ഇന്റര്‍ ചെയിഞ്ച്) പ്രവര്‍ത്തനം, വാര്‍ഫ് നീളം വര്‍ദ്ധിപ്പിക്കല്‍, ഡ്രെഡ്ജിങ് നടത്തി ആഴം കൂട്ടല്‍ എന്നിവയുടെ പ്രവര്‍ത്തന പുരോഗതി പോര്‍ട്ട് ഓഫിസര്‍ ഫ്രീ സോണ്‍ അധികാരികള്‍ക്ക് വിവരിച്ചു കൊടുത്തു. അമേരിക്കയും ചൈനക്കും ശേഷം രാജ്യത്തെ മൂന്നാമത്തെ പങ്കാളിത്ത വ്യാപാരിയായ യു.എ.ഇ.യില്‍ മുതല്‍ മുടക്കുന്നതിനെക്കുറിച്ചു കയറ്റിറക്കുമതിക്കാരെ ബോധ്യപ്പെടുത്തുവാനാണ് ഷാര്‍ജ ഇന്റര്‍നാഷണല്‍ ഫ്രീ സോണ്‍ ഡയറക്ടറും യു.എ.ഇ സ്വദേശിയുമായ അലി മുഹമ്മദ് ഖല്ലാഫിയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം കേരളത്തിലെത്തിയത്. ന്യൂഡല്‍ഹിയിലെ ഫെഡറേഷന്‍ ഓഫ് എക്‌സ് പോര്‍ട്ട് ഓര്‍ഗനൈസേഷന്റെ സഹകരണത്തോടെ കഴിഞ്ഞ ദിവസം കോഴിക്കോട് വ്യാപാര വികസന സെമിനാറും നടത്തി. മാറി വരുന്ന സാഹചര്യത്തില്‍ അമേരിക്കക്കും ചൈനക്കും ശേഷം ഭാരതവുമായി പങ്കാളിത്ത വ്യാപാര ബന്ധത്തില്‍ മൂന്നാം സ്ഥാനമാണ് യു.എ.ഇക്കുള്ളത്. ഷാര്‍ജ അന്താരാഷ്ട്ര തുറമുഖ ഫ്രീ സോണില്‍ കയറ്റിറക്കുമതി വ്യാപാരികള്‍ക്ക് ആവശ്യമായ ലൈസന്‍സ്, അലോട്ട്‌മെന്റ് മെമ്മോ, വിസ തുടങ്ങിയ നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ഫ്രീസോണ്‍ അധികാരികള്‍ അറിയിച്ചു. കൂടാതെ ഇന്ത്യ, മലേഷ്യ, ചൈന എന്നിവിടങ്ങളില്‍ നിന്ന് ആഫ്രിക്ക, കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളിലേക്ക് എളുപ്പത്തില്‍ ചരക്കുകള്‍ അയക്കുവാന്‍ ഫ്രീ സോണിലൂടെ സാധ്യവുമാണ്.
പോര്‍ട്ട് ഓഫിസറെ കൂടാതെ ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ് ഏഷ്യ ഇന്റര്‍നാഷണല്‍ അധികാരികള്‍, കോസ്റ്റല്‍ ഷിപ്പിംഗ് മാനേജര്‍ മൂസാ അനസ്, അജിനേഷ് മാടാങ്കര എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."