വേമ്പനാട് കായലിനെ വീണ്ടെടുക്കാനാകുമോ
ആലപ്പുഴ: വേമ്പനാട് കായലിലെ കൈയേറ്റവും മലിനീകരണവും ഹൈക്കോടതി പരിശോധിക്കണമെന്ന സുപ്രിംകോടതി നിര്‍ദേശം സംരക്ഷണ നടപടികള്‍ക്കു പ്രതീക്ഷ പകരുന്നു.
വേമ്പനാട് കായലിനെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന രൂക്ഷമായ മലിനീകരണവും കൈയേറ്റവും പരിശോധിക്കണമെന്നും മലിനീകരണം തടയുന്നതിനു നടപടി നിര്‍ദേശിക്കണമെന്നും സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്. കോടതി ഇടപെടലുകള്‍ വേമ്പനാട് കായലിനെ പഴയപ്രതാപത്തിലേക്ക് നയിക്കുമെന്നാണ് പരിസ്ഥിതി സംഘടനകളുടെ പ്രതീക്ഷ.
സംസ്ഥാനത്തെ ഏറ്റവും നീളംകൂടിയ കായലായ വേമ്പനാട്കായല്‍ നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങളാണു നേരിടുന്നത്. അനവധി പഠന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍തലത്തില്‍ കായല്‍സംരക്ഷണത്തിന് യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. എന്നാല്‍ സുപ്രിംകോടതി ഇടപെടല്‍ വേമ്പനാടിന്റെ പുനരുജ്ജീവനത്തിന് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതീവ ലോല തീരദേശമായിട്ടാണ് 2011ലെ തീരദേശ നിയമം വേമ്പനാടിനെ നിര്‍വചിച്ചിരിക്കുന്നതെങ്കിലും കൈയേറ്റവും മലിനീകരണവും വേമ്പനാട് കായലിനെ തകര്‍ക്കുകയാണ്. രാജ്യത്തെ സുപ്രധാന തണ്ണീര്‍ത്തടങ്ങളെ റാംസര്‍ പ്രദേശങ്ങളായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്തര്‍ദേശീയപ്രാധാന്യമുള്ള തണ്ണീര്‍ത്തടമായി വേമ്പനാട് കായലിനെയും പ്രഖ്യാപിച്ചിരിക്കുന്നത്.
വേമ്പനാട് തണ്ണീര്‍ത്തടത്തിന് ചുറ്റുമായി നിലകൊള്ളുന്ന വ്യവസായങ്ങള്‍ നദികളിലേക്കും കായലുകളിലേക്കും തള്ളുന്ന മാലിന്യമാണ് സ്വാഭാവിക ആവാസവ്യവസ്ഥയെ തകര്‍ക്കുന്നത്. ഏകദേശം ഒരു ലക്ഷം ലീറ്റര്‍ മലിനജലമാണ് പ്രതിദിനം കൊച്ചിയില്‍ നിന്ന് മാത്രം വേമ്പനാട് കായലിലേക്ക് തള്ളുന്നത്.
വേമ്പനാട് കായലിലെ ഘനലോഹ മനിലീകരണത്തെ സംബന്ധിച്ചും നിരവധി പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കോപ്പര്‍, മെര്‍ക്കുറി, ലെഡ് എന്നിവയുടെ അപകടകരമായ സാന്നിധ്യം ഇവിടെ കണ്ടെത്തിയിട്ടുണ്ട്. കുട്ടനാട്ടിലെ വയലുകളില്‍ മാത്രം പ്രതിവര്‍ഷം 20000 ടണ്‍ രാസവളങ്ങളാണ് ഉപയോഗിക്കുന്നത്. പുഞ്ചകൃഷിക്ക് 370 ടണ്‍ കീടനാശിനിയും രണ്ടാം കൃഷിക്ക് 130 ടണ്‍ കീടനാശിനിയുമാണ് കുട്ടനാട്ടില്‍ ഉപയോഗിക്കുന്നത്. ഇവയെല്ലാം വേമ്പനാട് കായലില്‍ പതിക്കുന്നു. ഇതിന്റെ ഫലമായി ജലത്തിലെ കോളിഫോം ബാക്ടീരിയയുടെ അളവ് 100 മി.ലിറ്ററിന് 31000 വരും.
കായല്‍ മലിനീകരണത്തോടൊപ്പം കൈയേറ്റവും വേമ്പനാടിനെ തകര്‍ക്കുന്നു. ഏഴുപതിറ്റാണ്ട് കൊണ്ട് വിസ്തൃതിയില്‍ 43 ശതമാനമാണ് കുറവുണ്ടായത്. വേമ്പനാടിന്റെ ജലവാഹകശേഷി 78 ശതമാനം കുറഞ്ഞിട്ടുണ്ട്. 89 മീറ്ററായിരുന്ന ശരാശരി ആഴം 33.35 മീറ്ററായി ചുരുങ്ങി. കുമരകത്തും ആലപ്പുഴയിലുമാണ് കായല്‍ കൈയേറ്റങ്ങള്‍ കൂടുതല്‍ നടക്കുന്നത്.
തണ്ണീര്‍മുക്കത്തിന് വടക്കുഭാഗങ്ങളിലെ കായല്‍ കരകളെ റിസോര്‍ട്ടു മാഫിയകള്‍ കൈയടക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."