കൊവിഡ് രോഗിയില്‍ നടത്തിയ പ്ലാസ്മാ തെറാപ്പി പരീക്ഷണം വിജയം
കൊച്ചി: തൃശൂരില്‍ കൊവിഡ് 19 രോഗിയില്‍ നടത്തിയ പ്ലാസ്മാ തെറാപ്പി പരീക്ഷണം വിജയിച്ചു. ഇതോടെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയ രോഗി സുഖംപ്രാപിക്കുന്നു. ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ 51 കാരനെയാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്ലാസ്മ തെറാപ്പി നടത്തി ആറു ദിവസം കഴിഞ്ഞ് വെന്റിലേറ്ററില്‍ നിന്ന് മാറ്റിയത്.
കൊവിഡ് രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ രക്തത്തിലേക്ക് കൊവിഡ് മുക്തനായ വ്യക്തിയില്‍ നിന്നെടുക്കുന്ന ആന്റിബോഡിയുള്ള പ്ലാസ്മ കയറ്റുന്നതാണ് ചികിത്സാ രീതി.
അതീവ ഗുരുതര സാഹചര്യത്തിലാണ് തൃശൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്ലാസ്മ തെറാപ്പി നടത്തിയത്.
ജൂണ്‍ ആറിനായിരുന്നു ഡല്‍ഹിയില്‍ നിന്നെത്തിയ രോഗി കൊവിഡ് പോസറ്റീവായത്. അഞ്ച് ദിവസത്തിന് ശേഷം പ്രതിരോധശേഷി ഏറെ വഷളാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. ജൂണ്‍ 11ന് രാത്രിയിലാണ് രോഗിക്ക് കൊവിഡ് രോഗമുക്തനായ വ്യക്തിയുടെ പ്ലാസ്മ നല്കിത്തുടങ്ങിയത്. ആറ് ദിവസം വെന്റിലേറ്ററിലായിരുന്ന രോഗിയെ തിങ്കളാഴ്ച ഐ.സി.യുവിലേക്ക് മാറ്റി.
കൊവിഡ് മുക്തരായ 18 വയസില്‍ മേല്‍ പ്രായമുള്ള വ്യക്തികളുടെ പ്ലാസ്മയാണ് തെറാപ്പിയ്ക്കായി ദാനം ചെയ്യേണ്ടതെന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. എം.എ ആന്‍ഡ്രൂസ് പറഞ്ഞു. രോഗമുക്തി നേടി ഒരു മാസത്തിന് ശേഷവും നാലു മാസത്തിനുള്ളിലുമുള്ള പ്ലാസ്മയാണ് ദാനത്തിന് ശേഖരിക്കുന്നത്. കൊവിഡ് മുക്തരായവരുടെ രക്തദാനം നിലവിലുള്ള രോഗികള്‍ക്ക് ജീവദാനത്തിനു സഹായകമാണെന്ന് അദ്ദേഹം പറഞ്ഞു.
ദാതാവില്‍ നിന്നുള്ള രക്തം പ്രത്യേക ഉപകരണത്തിലൂടെ കയറ്റി വിട്ട് അതില്‍ നിന്നും പ്ലാസ്മ വേര്‍തിരിക്കുകയും വേര്‍തിരിച്ച രക്തം തിരികെ ദാതാവിലേക്ക് തന്നെ കയറ്റുകയും ചെയ്യുകയാണ് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."