ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളിലും വസതികളിലും ആദായനികുതിവകുപ്പിന്റെ റെയ്ഡ്്
കൊച്ചി: ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളിലും ഗോകുലം ഗോപാലന്റെ വസതികളിലും ആദായനികുതി വകുപ്പിന്റെ വ്യാപക റെയ്ഡ്. ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീഗോകുലം ചിറ്റ്‌സ് ആന്‍ഡ് ഫിനാന്‍സിന്റെ കേരളത്തിലെ വിവിധ ബ്രാഞ്ചുകളിലും ഗോകുലം ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനങ്ങളിലും വസതികളിലും ഇന്നലെ രാവിലെ ആരംഭിച്ച റെയ്ഡ് രാത്രിയും തുടരുകയാണ്. ചെന്നൈ ആസ്ഥാനമായ ശ്രീഗോകുലം ചിറ്റ്‌സിന്റെ ചെന്നൈയിലെ കേന്ദ്ര ഓഫിസിലും തമിഴ്‌നാട്ടിലെ വിവിധ ശാഖകളിലും റെയ്ഡ് നടക്കുന്നുണ്ട്. കേരളത്തില്‍ മാത്രം 30 ഓളം സ്ഥാപനങ്ങളില്‍ പരിശോധനയുണ്ട്. ആദായ നികുതി വകുപ്പിന്റെ ചെന്നൈ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. ചെന്നൈ ഡയറക്ടറേറ്റിന്റെ നിര്‍ദേശമനുസരിച്ച് കേരളത്തിലെ സ്ഥാപനങ്ങളില്‍ കൊച്ചിയില്‍ നിന്നുള്ള ആദായനികുതി ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്.
ശ്രീഗോകുലം ചിറ്റ്‌സ് ആന്‍ഡ് ഫിനാന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ കുറച്ചു നാളായി ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും നികുതി വെട്ടിപ്പ് നടക്കുന്നതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വ്യാപകമായ പരിശോധന നടത്താന്‍ ചെന്നൈ ഡയറക്ടറേറ്റ് നിര്‍ദേശിച്ചതെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്നലെ രാവിലെ എട്ടു മണിയോടെ എല്ലാ ഓഫിസുകളിലും വസതികളിലും ഒരേ സമയമാണ് റെയ്ഡ് ആരംഭിച്ചത്. ശ്രീഗോകുലം ചിറ്റ്‌സിലെ നിക്ഷേപങ്ങള്‍ സംബന്ധിച്ച മുഴുവന്‍ രേഖകളും ആദായിനികുതി ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള കലൂരിലെ ഗോകുലം ഹോട്ടലിലും എറണാകുളത്തെ അദ്ദേഹത്തിന്റെ വസതിയിലും റെയ്ഡ് നടന്നു. കോഴിക്കോട് വടകരയിലുള്ള വസതിയിലും ചോറോട് ഗോകുലം പബ്‌ളിക് സ്‌കൂളിലും സിനിമാ നിര്‍മാണ കമ്പനിയുടെ ഓഫിസിലും പരിശോധനയുണ്ടായി. റെയ്ഡിനെ തുടര്‍ന്ന് പല സ്ഥാപനങ്ങളിലും ദൈനംദിന ഇടപാടുകള്‍ തടസപ്പെട്ടു. പിടിച്ചെടുത്ത രേഖകള്‍ ചെന്നൈ ഡയറക്ടറേറ്റിന് കൈമാറുമെന്നും അവിടെയാണ് തുടരന്വേഷണം നടക്കുകയെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."