കല്യാണ ആവശ്യത്തിന് സുഹൃത്തില്‍ നിന്നും കാര്‍ വാങ്ങി: തിരിച്ചു കിട്ടാത്തതിനെ തുടര്‍ന്നുള്ള കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
ഒറ്റപ്പാലം: കല്യാണാവശ്യത്തിനെന്നുപറഞ്ഞ് സുഹൃത്തില്‍ നിന്നും കാര്‍ വാങ്ങി തിരിച്ചുനല്‍കാതെ പറ്റിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഒറ്റപ്പാലം മാന്നന്നൂര്‍ സ്വദേശി രാജേഷിന്റെ പരാതിയില്‍ പാവുക്കോണം ചോലയില്‍വീട്ടില്‍ മുഹമ്മദ് റഷീദ്(42), വയനാട് മാനന്തവാടി എഴുത്തന്‍വീട്ടില്‍ മുഹമ്മദ് റാഫി(25)എന്നിവരെയാണ് ഒറ്റപ്പാലം പൊലിസ് അറസ്റ്റ് ചെയ്തത്.
മുഹമ്മദ് റഷീദിന്റെ സഹോദരിയുടെ വിവാഹാവശ്യത്തിനെന്നു പറഞ്ഞ് കഴിഞ്ഞമാസം 16നാണ് രാജേഷില്‍ നിന്ന് കാര്‍ വാങ്ങിയത്. തുടര്‍ന്ന് വയനാട് സ്വദേശിയായ ഇടനിലക്കാരന് മുഖാന്തരം മുഹമ്മദ് റാഫിക്ക് പണയംവെക്കുകയായിരുന്നു. ഇടനിലക്കാരന് റാഫി ഇതിനായി 50000 രൂപ നല്‍കിയതായി പൊലിസ് പറയുന്നു.
പരാതിക്കാരനായ രാജേഷ് റഷീദിനോട് കാര്‍ തിരിച്ചുചോദിച്ചപ്പോള്‍ 1.90 ലക്ഷം രൂപ തന്നാല്‍ തിരിച്ചുതരാമെന്ന് പറയുകയുംചെയ്തതായാണ് കേസ്. രാജേഷിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് വയനാട്ടിലെത്തി റഷീദിനെയും റാഫിയെയും അറസ്റ്റ് ചെയ്യുകയും പണയംവച്ച കാര്‍ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.ഇടനിലക്കാരനായ വയനാട് സ്വദേശിയെ കുറിച്ചുള്ള അന്വേഷണം നടക്കുന്നു. ഒറ്റപ്പാലം സി.ഐ പി.അബ്ദുള്‍ മുനീറിന്റെയും എസ്.ഐ കെ.വി സുധീഷിന്റെയും നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."