ചൈന ലക്ഷ്യംവയ്ക്കുന്നത് എന്ത് ?
അതിര്‍ത്തിയിലുണ്ടായ രക്തച്ചൊരിച്ചിലിന് ശേഷവും ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍നിന്ന് പിന്മാറാന്‍ ചൈനീസ് സേന ഇതുവരെ സന്നദ്ധമായിട്ടില്ല. സംഘര്‍ഷംകൊണ്ട് ചൈന എന്തോ ലക്ഷ്യംവയ്ക്കുന്നുണ്ടെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്.
കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ നമ്മുടെ 20 സൈനികരാണ് വീരമൃത്യു വരിച്ചത്. പലരെയും കാണാതായിരിക്കുന്നു. നിരവധിപേര്‍ക്ക് പരുക്കേറ്റു. അതില്‍ നാലുപേരുടെ നില അതീവ ഗുരുതരമാണ്. 1975ല്‍ ചൈനയും ഇന്ത്യയുമായുണ്ടായ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് അരുണാചലിലുണ്ടായ വെടിവയ്പ്പില്‍ നമ്മുടെ നാലു സൈനികരാണ് വീരമൃത്യു വരിച്ചത്. അതിനുശേഷം ഇരുരാഷ്ട്രങ്ങളും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പില്‍ അതിര്‍ത്തിതര്‍ക്കങ്ങളില്‍ പരസ്പരം വെടിവയ്ക്കരുതെന്ന കരാര്‍ ഉണ്ടാക്കി. തുടര്‍ന്നും അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനങ്ങള്‍ ഉണ്ടായെങ്കിലും മാരകായുധങ്ങളോ തോക്കോ ഇരുവിഭാഗവും ഉപയോഗിച്ചിരുന്നില്ല. എന്നാല്‍, ഗാല്‍വാന്‍ താഴ്‌വരയില്‍ കഴിഞ്ഞ ദിവസം ചൈനീസ് പട്ടാളം സംഘര്‍ഷത്തിന് തയാറായാണ് എത്തിയതെന്ന് വ്യക്തമാണ്.
വെടിവച്ചില്ലെങ്കിലും ഇരുമ്പ് ദണ്ഡുകളും കല്ലുകളും മറ്റു മാരകായുധങ്ങളും അവര്‍ കരുതിയിരുന്നു. അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയാന്‍ തുടങ്ങിയിട്ട് ഒന്നര മാസമായി. ഇന്ത്യന്‍ പ്രദേശങ്ങളായ ഗാല്‍വാന്‍ താഴ്‌വര, ഹോട്ട് സ്പ്രിങ്‌സ്, പാംഗോങ് എന്നിവിടങ്ങളില്‍ അതിക്രമിച്ചുകയറി ചൈനീസ് പട്ടാളം നിലയുറപ്പിക്കുകയായിരുന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ ഹോട്ട് സ്പ്രിങ്‌സ്, പാംഗോങ് എന്നീ പ്രദേശങ്ങളില്‍ നിന്ന് ചൈനീസ് പട്ടാളം പിന്മാറിയെങ്കിലും ഗാല്‍വാന്‍ താഴ്‌വരയില്‍നിന്ന് പോകാന്‍ കൂട്ടാക്കിയില്ല. പിന്മാറണമെന്ന ഇന്ത്യയുടെ ആവശ്യം അവഗണിച്ച് അക്രമാസക്തരായി പാഞ്ഞടുക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഇരുഭാഗത്തും ആളപായം ഉണ്ടായത്.
ചൈനയുടെ പഴയ തന്ത്രമാണിവിടെ അവര്‍ പുനരാവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഏതാനും ഭാഗം കൈയേറുക, ചര്‍ച്ചകള്‍ക്കൊടുവില്‍ പകുതി സ്ഥലത്തുനിന്ന് പിന്‍മാറുക, ലക്ഷ്യംവച്ച സ്ഥലത്ത് തുടരുക എന്നതാണ് ചൈനയുടെ രീതി. ആ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഹോട്ട് സ്പ്രിങ്‌സ്, പാംഗോങ് എന്നിവിടങ്ങളില്‍നിന്ന് പിന്‍മാറിയത്.
ഗാല്‍വാന്‍ താഴ്‌വരയിലൂടെ ഇന്ത്യയുടെ തന്ത്രപ്രധാനമായ റോഡ് പണി പുരോഗമിക്കുകയാണ്. റോഡ് ചൈനയുടെ വടക്കന്‍ അതിര്‍ത്തിപ്രദേശം വരെ നീളുന്നുണ്ട്. കാറക്കോണം വരെ നീളുന്ന ഈ റോഡ് പണി പൂര്‍ത്തിയാകുന്നതോടെ ഇന്ത്യക്ക് എളുപ്പത്തില്‍ സാധനസാമഗ്രികളും സൈന്യത്തെയും ഇവിടെ എത്തിക്കാന്‍ കഴിയും. മാത്രമല്ല, ഇതുവഴി ചൈന പാകിസ്താന് നല്‍കിവരുന്ന സൈനികസഹായം തടയുവാനും കഴിയും. ചൈനയെ സംബന്ധിച്ചിടത്തോളം ഇത് വലിയ ക്ഷീണമാണ്. പാകിസ്താനുമായുള്ള ചങ്ങാത്തം മുറിയും. അതിനാല്‍ ഗാല്‍വാന്‍ താഴ്‌വരയിലൂടെയുള്ള ഇന്ത്യയുടെ റോഡ് പണി ഏതുവിധേനയും തടയുക ചൈനയുടെ ലക്ഷ്യമാണ്. എന്നാല്‍, ഇത് മാത്രമാണ് ചൈനയുടെ ലക്ഷ്യമെന്ന് പറയുവാനും കഴിയില്ല.
മാറിയ ലോക സാമ്പത്തിക, സൈനികശക്തിയില്‍ ചൈന നിര്‍ണായകസ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. അതിന്റെ അഹങ്കാരവും അവര്‍ക്കുണ്ട്. ലോകത്തെ ഒന്നാം സാമ്പത്തികശക്തിയായി വളരാനുള്ള ചൈനയുടെ ശ്രമം അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് കൊവിഡ് മഹാമാരി ചൈനയെ പിറകോട്ടടിപ്പിച്ചത്. കൊറോണ വൈറസ് ചൈനീസ് ലാബോറട്ടറിയില്‍ നിന്നാണ് ഉല്‍പാദിപ്പിച്ചതെന്ന ട്രംപിന്റെ ആരോപണവുംകൂടി വന്നതോടെ ചൈന ലോകരാഷ്ട്രങ്ങളില്‍ ഒറ്റപ്പെടുകയും പ്രതിരോധത്തിലാവുകയും ചെയ്തു. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരബന്ധം ഇതിനിടയില്‍ ശിഥിലമാകുകയും ചെയ്തിരുന്നു. ഇതേസമയത്താണ് ഇന്ത്യ അമേരിക്കയോട് കൂടുതല്‍ ചായ്‌വ് പ്രകടിപ്പിച്ചുകൊണ്ടിരുന്നതും. ഇതും ചൈനയെ പ്രകോപിച്ചതില്‍ പ്രധാന ഘടകമാണ്.
ചൈനയ്ക്കുമേലുള്ള കൊവിഡ് ആരോപണത്തെ തുടര്‍ന്നും അമേരിക്കയുമായുള്ള വ്യാപാരബന്ധം തകര്‍ന്നതിനാലും അമേരിക്കന്‍ കമ്പനികളും ഇതര രാഷ്ട്രങ്ങളിലെ കമ്പനികളും ചൈന വിടാന്‍ തുടങ്ങിയിട്ടുണ്ട്. ഇതില്‍ പല കമ്പനികളും ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യം കാണിച്ചിട്ടുണ്ട്. ഇതും ചൈനയെ ഇന്ത്യക്കെതിരേ തിരിയാന്‍ പ്രേരിപ്പിച്ച ഘടകമാണ്.
വലിയ സാമ്പത്തികശക്തിയും സൈനികശക്തിയുമാണെന്ന ഹുങ്കില്‍ ഇന്ത്യയ്‌ക്കെതിരേ മാത്രമല്ല ചൈന തിരിഞ്ഞിരിക്കുന്നത്. അതിര്‍ത്തിപങ്കിടുന്ന വിയറ്റ്‌നാം, തായ്‌വാന്‍, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ എന്നീ രാഷ്ട്രങ്ങളുമായും നല്ല ബന്ധത്തിലല്ല ചൈന. ലോകരാഷ്ട്രങ്ങളിലെ ഒറ്റപ്പെടലും രാജ്യത്ത് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനുണ്ടായ പ്രതിച്ഛായാ നഷ്ടവും ചൈനയെ ഇന്ത്യക്കെതിരേ തിരിച്ച ഘടകങ്ങളാണ്. ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചയും ലോകരാഷ്ട്രങ്ങളില്‍ ഇന്ത്യയെക്കുറിച്ചുള്ള നല്ല ധാരണകളും ചൈനയെ പ്രകോപിപ്പിച്ച മറ്റ് ഘടകങ്ങളാണ്. ഇതിലെല്ലാമുപരി ചൈനയെ അസ്വസ്ഥപ്പെടുത്തുന്നത് കശ്മിരിലെ ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയതാണ്. ലഡാക്കിന്റെ ഒരുഭാഗവും അക്‌സായി ചിന്‍ പ്രദേശവും ഇപ്പോള്‍ ചൈനയുടെ നിയന്ത്രണത്തിലാണ്. ഇത് തിരിച്ചുപിടിക്കുമെന്ന അമിത്ഷായുടെ പ്രസ്താവനയും ചൈനയെ ചൊടിപ്പിച്ചിട്ടുണ്ട്. കശ്മിര്‍ വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ച നടപടി പാകിസ്താനെ മാത്രമല്ല അരിശംകൊള്ളിച്ചത്, ചൈനയെയും കൂടിയാണ്.
ഗാല്‍വാന്‍ താഴ്‌വരയിലെ ഇന്ത്യയുടെ റോഡ് പണി പൂര്‍ത്തിയായാല്‍ പാകിസ്താനെയും നേപ്പാളിനെയും ഉപയോഗിച്ച് ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ചൈനയുടെ ദീര്‍ഘകാല പദ്ധതി പൊളിയും. അതിനാല്‍ റോഡ് പണി തടസപ്പെടുത്തേണ്ടത് ചൈനയുടെ ആവശ്യമാണ്. ചുരുക്കത്തില്‍ അതിര്‍ത്തിയിലെ സംഘര്‍ഷം അടുത്തൊന്നും അവസാനിക്കാന്‍ പോകുന്നില്ല. ഏത് പ്രക്ഷുബ്ധാവസ്ഥയെയും നേരിടാനുള്ള തന്റേടം ഇന്ത്യക്കുണ്ട്. എന്നാല്‍, പ്രശ്‌നത്തെ ക്ഷമയോടെയും സംയമനത്തോടെയും അഭിമുഖീകരിക്കാന്‍ കഴിയേണ്ടതുണ്ട്. നമുക്ക് അത് സാധിക്കുക തന്നെ ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."