നാവിക് വീണ്ടും പ്രവര്‍ത്തനരഹിതമായി
വിഴിഞ്ഞം: കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി വിതരണം ചെയ്ത മുന്നറിയിപ്പ് സംവിധാനമായ നാവിക് വീണ്ടും പ്രവര്‍ത്തനരഹിതമെന്ന് ആക്ഷേപം. തുടക്കം മുതല്‍ പാളിച്ചകള്‍ നേരിട്ട നാവികിന്റെ പരിഷ്‌കരിച്ച രൂപവും പരാജയമാണെന്നാണു മത്സ്യത്തൊഴിലാളികളുടെ വാദം.ഐ.എസ്.ആര്‍.ഒയുടെ സാങ്കേതിക സഹായത്തോടെ കെല്‍ട്രോണ്‍ നിര്‍മിച്ച ഉപകരണമാണ് നാവിക്. മുന്നറിയിപ്പ് സന്ദേശങ്ങള്‍ നല്‍കുന്നതിനുള്ള ചുമതല ഹൈദരാബാദിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍കോയിസിനാണ്. എന്നാല്‍ മുന്നറിയിപ്പുകള്‍ ഇംഗ്ലിഷില്‍ മാത്രം നല്‍കി മലയാളം മാത്രമറിയാവുന്ന മത്സ്യത്തൊഴിലാളിളെ തുടക്കത്തില്‍ വെള്ളം കുടിപ്പിച്ച അധികൃതര്‍ നിലവില്‍ അതും നിര്‍ത്തിയെന്നാണ് ഉപകരണം കൈപ്പറ്റിയവര്‍ പറയുന്നത്.
ഓഖി ദുരന്ത ശേഷം മത്സ്യത്തൊഴിലാളികളുടെ രക്ഷയ്ക്കായി അധികൃതര്‍ തയാറാക്കിയ ഉപകരണമാണ് നാവിക്. കാറ്റിന്റെ ശക്തിയും ഗതിയും കടല്‍ക്ഷോഭവും മത്സ്യലഭ്യതയുമെല്ലാം മുന്‍കൂട്ടി അറിയിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഒരുവര്‍ഷം മുന്‍പ് നടത്തിയ ആദ്യ പരീക്ഷണം പോലും വന്‍ പരാജയമായിരുന്നു. അധികൃതരുടെ വാക്കില്‍ വിശ്വസിച്ച് ഉപകരണവുമായി ഉള്‍ക്കടലില്‍ പോയവര്‍ ശക്തമായ കാറ്റില്‍പെട്ട് വലഞ്ഞു. അന്നു ഭാഗ്യംകൊണ്ട് കരപറ്റിയവരാണ് ഇതേകുറിച്ച് പരാതികളുടെ കെട്ടഴിച്ചത്.
ലഭിച്ചതെല്ലാം തെറ്റായ സന്ദേശങ്ങളായിരുന്നുവെന്ന മത്സ്യത്തൊഴിലാളികളുടെ വാദത്തെ എതിര്‍ക്കാനും അധികൃതര്‍ക്ക് കഴിഞ്ഞില്ല. പോരായ്മകള്‍ പരിഹരിച്ച് പുതിയ സാങ്കേതിക വിദ്യയില്‍ നാവിക് പരിഷ്‌കരിച്ച് നല്‍കുമെന്ന ഉറപ്പും ബന്ധപ്പെട്ടവര്‍ അന്നു നല്‍കി.
തുടര്‍ന്ന് അടുത്തകാലത്ത് തിരഞ്ഞെടുക്കപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കു സൗജന്യമായി വിതരണം നടത്തിയ പരിഷ്‌കരിച്ച നാവികിന്റെ പ്രവര്‍ത്തനവും പരാജയത്തില്‍ കലാശിച്ചുവെന്നാണ് നിലവിലെ ആരോപണം. ആന്‍ഡ്രോയ്ഡ് മൊബൈലുകളുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് ഇതിന്റെ നിര്‍മാണം.
പക്ഷേ ഇത്തരം വിലകൂടിയ മൊബൈലുകള്‍ മത്സ്യബന്ധനത്തിനു കൊണ്ടുപോവുക സുരക്ഷിതമല്ലെന്ന് പരമ്പരാഗത തൊഴിലാളികള്‍ പറയുന്നു. കൂടാതെ ശക്തമായ തിരയടിയുടെ ശബ്ദത്തില്‍ അധികൃതര്‍ അയക്കുന്ന യാതൊരുവിധ സിഗ്‌നല്‍ സന്ദേശങ്ങളും ഇവര്‍ അറിയാറുമില്ല. ഇവയ്‌ക്കെല്ലാം പരിഹാരമുണ്ടാക്കി ശബ്ദസന്ദേശത്തിലൂടെ പ്രയോജനമുണ്ടാക്കാമെന്ന വാദമാണു ഫലം കാണാതെ പോയത്. 15,000ത്തോളം രൂപ വിലയുള്ള ഉപകരണം പത്തു ശതമാനം ഗുണഭോക്തൃവിഹിതം വാങ്ങി വിതരണം നടത്താനാണ് അധികൃതരുടെ തീരുമാനം.
അതുപ്രകാരം നിരവധി പേര്‍ വിഹിതം നല്‍കിയിട്ടുണ്ട്. ഇതിനിടയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ കൈപറ്റിയ ഉപകരണം നാളിതുവരെ ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്ന ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."