മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍വരും: മുഖ്യ വിവരാവകാശ കമ്മിഷണര്‍
തൃശൂര്‍: മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സംസ്ഥാന മുഖ്യവിവരാവകാശ കമ്മിഷണര്‍ വിന്‍സന്‍ എം പോള്‍. വിവരാവകാശം സംബന്ധിച്ച് ഓര്‍ഗ് പീപ്പിള്‍ ഇന്ത്യാ ഫൗണ്ടേഷന്‍ തൃശൂര്‍ ചങ്ങമ്പുഴ ഹാളില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിസഭാ തീരുമാനങ്ങള്‍ സംബന്ധിച്ച വിവരം അപേക്ഷകര്‍ക്ക് വേണമെങ്കില്‍ കൊടുക്കാമെന്നല്ല, നിര്‍ബന്ധമായും കൊടുക്കണമെന്നാണ് വിവരാവകാശ നിയമം നിഷ്‌കര്‍ഷിക്കുന്നത്. മന്ത്രിസഭ തീരുമാനങ്ങള്‍ എടുത്ത് 48 മണിക്കൂറിനകം തന്നെ അത് പ്രസിദ്ധീകരിക്കണം. എന്നാല്‍ ഇതുസംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ വിവാദങ്ങളിലേക്ക് കടക്കുന്നില്ലെന്നും വിന്‍സന്‍ എം പോള്‍ പറഞ്ഞു.
വിവരങ്ങള്‍ ലഭ്യമാക്കാന്‍ പൗരന് അധികാരം നല്‍കുന്ന നിയമമാണ് വിവരാവകാശം. രേഖകള്‍ ലഭ്യമാക്കുന്നതിനായി തിരച്ചില്‍ ഫീസ് ഈടാക്കുന്ന രീതിയോട് യോജിപ്പില്ല. ഈ ഫീസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിന് കത്തയക്കും. വിവരാവകാശ നിയമം ഔദാര്യമല്ല, പൗരന്റെ അധികാരവും അവകാശവുമാണ്.
എന്നാല്‍ അത് ദുരുപയോഗം ചെയ്യുന്ന രീതിയില്‍ മാറ്റമുണ്ടാകണം.
അപേക്ഷ നല്‍കിയാല്‍ 30 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് വ്യവസ്ഥ. ഉദ്യോഗസ്ഥന്‍ മറുപടി നല്‍കിയില്ലെങ്കില്‍ അപ്പീല്‍ അധികാരിക്ക് പരാതി നല്‍കാം. എന്നിട്ടും നടപടിയുണ്ടായില്ലെങ്കില്‍ 90 ദിവസത്തിനുള്ളില്‍ വിവരാവകാശ കമ്മിഷനേയും സമീപിക്കാം.
90 ദിവസം വരെ കാത്തിരിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വിവരം നല്‍കേണ്ടതില്ലാത്ത ചില വിഷയങ്ങളുണ്ടെങ്കിലും ഈ വിഷയങ്ങളിലെ പൊതുതാല്‍പര്യം, അഴിമതി, മനുഷ്യാവകാശം എന്നിവ ചൂണ്ടിക്കാട്ടിയാല്‍ മറുപടി നല്‍കണമെന്നുണ്ട്.
വിവരാവകാശ നിയമപ്രകാരം മറുപടി തേടുന്നത് വ്യക്തിയെ ഇടിച്ചുതാഴ്ത്തുന്നതിനോ, ഉദ്യോഗസ്ഥരോട് വൈരാഗ്യം തീര്‍ക്കാനോ ആകരുത്. മാന്യമായ ഭാഷ ഉപയോഗിക്കാത്തവര്‍ക്കെതിരേ ക്രിമിനല്‍ നടപടി പ്രകാരം കേസെടുക്കാന്‍ വ്യവസ്ഥയുണ്ടെന്നും വിന്‍സന്‍ എം. പോള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."