ചരിത്രമുറങ്ങുന്ന പൊലിസ് സ്റ്റേഷനും അഞ്ചല്‍പ്പെട്ടിയും കാടുകയറി നശിക്കുന്നു
മാള: കരിങ്ങോള്‍ച്ചിറയില്‍ ചരിത്രമുറങ്ങുന്ന തിരുവിതാംകൂര്‍ പൊലിസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ പരിസരവും അഞ്ചല്‍പ്പെട്ടിയും കാടുകയറി നശിക്കുന്നു.
കെട്ടിട സംരക്ഷണത്തിന് പഞ്ചായത്ത് അനുവദിച്ച തുക ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് ഉപയോഗിക്കാനായില്ല. മഴ ആരംഭിച്ചതോടെ കെട്ടിടവും പരിസരവും കാടുകയറുകയാണിപ്പോള്‍.
സംരക്ഷണം ഒരുക്കിയിട്ടുള്ള അഞ്ചല്‍പ്പെട്ടിയുടെ തൂണുകളില്‍ വള്ളിപ്പടര്‍പ്പുകള്‍ കയറിയ നിലയിലാണ്. കെട്ടിടവും പരിസരവും മതില്‍ കെട്ടി സംരക്ഷിക്കുന്നതിനു പുത്തന്‍ചിറ പഞ്ചായത്ത് അഞ്ചു ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ഇവിടെയുള്ള പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതു സംബന്ധിച്ച് സ്വകാര്യ വ്യക്തികളുമായി വന്ന തര്‍ക്കത്തില്‍ സംരക്ഷണം തടസപ്പെട്ടു.
ഇവിടെയുള്ള കൊച്ചി തിരുവിതാംകൂര്‍ രാജ്യാതിര്‍ത്തി നിര്‍ണയിച്ചിരുന്ന 'കൊ', 'തി' കല്ലുകളും നാശത്തിന്റെ വക്കിലാണ്.പുരാവസ്തുക്കളുടെ എണ്ണത്തിലും കുറവുവന്നതായി ആക്ഷേപമുണ്ട്. ഭൂമി തര്‍ക്കങ്ങള്‍ പരിഹരിച്ച് പഞ്ചായത്ത് എത്രയും വേഗത്തില്‍ കെട്ടിടവും അഞ്ചല്‍പ്പെട്ടിയും മതില്‍ കെട്ടി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൊച്ചി, തിരുവിതാംകൂര്‍ രാജ്യങ്ങളുടെ അതിര്‍ത്തിയായിരുന്നു ഇവിടം.
ഇരു രാജ്യങ്ങളുടെയും ഭാഗമായിരുന്ന പുത്തന്‍ചിറ ഗ്രാമത്തിലേക്ക് എത്തുന്നവരെ പരിശോധിക്കാനും കുറ്റവാളികളെ അടച്ചിടുവാനുമായി 1811 ല്‍ നിര്‍മിച്ചതാണ് പൊലിസ് എയ്ഡ് പോസ്റ്റ്. തിരുവിതാംകൂര്‍ രാജ്യത്തിന്റെ മുനമ്പം പൊലിസ് സ്റ്റേഷന് കീഴിലായിരുന്നു ഈ പൊലിസ് സ്റ്റേഷന്‍.
ദശാബ്ദങ്ങളുടെ പഴക്കമുള്ള ലോഹ നിര്‍മിത അഞ്ചല്‍പ്പെട്ടിയും ഇവിടെ കാണാം. തിരുവിതാംകൂറിന്റെ രാജമുദ്രയായ ശംഖ് ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന കാഴ്ച ഏറെ അത്ഭുതമുളവാക്കുന്നതാണ്.
100 സെന്റീമീറ്റര്‍ ഉയരവും 700 കിലോഗ്രാമം തൂക്കവുമുള്ള ഈ പെട്ടിയില്‍ മൂവായിരത്തോളം കത്തുകള്‍ ഉള്‍കൊള്ളാനാകും. മണികിലുക്കി കത്തുകള്‍ ഓടി കൊണ്ടുപോയി കൊടുക്കുന്നത് അഞ്ചലോട്ടക്കാരനാണ്.
ചരിത്രമുറങ്ങുന്ന ഇവയുടെ സംരക്ഷണത്തിനായി നീക്കങ്ങള്‍ നടത്തിയവര്‍ അതിലൂടെ ആവശ്യത്തിന് പരസ്യം കിട്ടിയപ്പോള്‍ പിന്‍വാങ്ങിയോയെന്നാണ് ജനങ്ങള്‍ അടക്കം പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."