ആറ്റിങ്ങലില്‍ ആവേശം പകര്‍ന്ന് സ്ഥാനാര്‍ഥികളുടെ പര്യടനങ്ങള്‍
ആറ്റിങ്ങല്‍: തെരഞ്ഞെടുപ്പ് രംഗത്ത് ആവേശം പകര്‍ന്ന് സ്ഥാനാര്‍ഥികളുടെ പര്യടനങ്ങള്‍. ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. എ. സമ്പത്തിന്റെ വാഹനപര്യടനത്തിന്റെ ആദ്യഘട്ടം അഞ്ചു നിയമസഭാ മണ്ഡലങ്ങളും പിന്നിട്ടു. യു.ഡി.എഫും എന്‍.ഡി.എയും മണ്ഡലത്തിലെ പ്രധാന ജങ്ഷനുകള്‍ കേന്ദ്രീകരിച്ചുള്ള വോട്ടുതേടല്‍ തുടരുകയാണ്.
പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനുള്ള ശ്രമമാണ് സ്ഥാനാര്‍ഥികള്‍ നടത്തുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. എ. സമ്പത്തിന്റെ നെടുമങ്ങാട് നിയമസഭാ മണ്ഡലത്തിലെ ഒന്നാംഘട്ട പര്യടന പരിപാടി കഴിഞ്ഞദിവസം വേങ്ങോട് കബറടിയില്‍ നിന്നാരംഭിച്ചിരുന്നു. വ്യാഴാഴ്ച അരുവിക്കര നിയോജക മണ്ഡലത്തില്‍ ആദ്യഘട്ട പര്യടനം നടത്തി.
യു.ഡി.എഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് ബുധനാഴ്ച പുലര്‍ച്ചെ വര്‍ക്കലയില്‍നിന്ന് പര്യടനം ആരംഭിച്ചു. പാപനാശം ബീച്ചിലും നഗരത്തിലും വെട്ടൂര്‍ ഭാഗങ്ങളിലുമെത്തി വോട്ട് തേടി. പത്തരയോടെ ആറ്റിങ്ങലിലെത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് നഗരത്തിനുള്ളിലും പോത്തന്‍കോട്, വട്ടപ്പാറ മേഖലകളിലുമെത്തി പ്രചാരണം നടത്തി.
എന്‍.ഡി.എ സ്ഥാനാര്‍ഥി ക്ഷേത്രത്തിലെ തുലാഭാരത്തോടെയാണു കഴിഞ്ഞദിവസം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് കയര്‍ തൊഴിലാളികളോട് വോട്ട് തേടുകയും അവരുടെ പരാതികള്‍ കേള്‍ക്കുകയും ചെയ്തു. ഉച്ചയ്ക്കുശേഷം സുരേഷ്‌ഗോപി നയിച്ച റോഡ് ഷോയിലും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."