അപൂര്‍വയിനം പക്ഷികളെ വളര്‍ത്തിയ വീട്ടമ്മ പിടിയില്‍
കാക്കനാട്: ഹിമാലയനിരകളില്‍ കാണപ്പെടുന്ന ചുക്കര്‍ പാട്രിജ് പക്ഷികളെ വീട്ടില്‍ വളര്‍ത്തിയ വീട്ടമ്മ പിടിയില്‍. വംശനാശം നേരിടുന്ന അപൂര്‍വയിനം ചുക്കര്‍ പാട്രിജ് പക്ഷികളെയാണു നെടുമ്പാശ്ശേരി സ്വദേശിനിയുടെ വീട്ടില്‍ നിന്ന് എസ്.പി. സി.എ.സംഘം പിടികൂടിയത്. ചുക്കര്‍ പാട്രിജ് പാകിസ്ഥാന്റെ ദേശീയ പക്ഷിയാണ്.
വീട്ടില്‍ പ്രത്യേകം സജ്ജീകരിച്ച കൂടുകളില്‍ വളര്‍ത്തിയിരുന്ന പക്ഷികള്‍ക്ക് 25,000 രൂപ മോഹവില വരുന്നവയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. തണുപ്പ് കാലാവസ്ഥയില്‍ മാത്രം വളരുന്ന പക്ഷികളെ നാട്ടിലെത്തിച്ച് മുട്ട വിരിയിച്ചാണ് വില്പനക്കെത്തിക്കുന്നതെന്ന് എസ്.പി.സി.എ. ഇന്‍സ്പെക്ടര്‍ ടി.എം.സജിത്ത് പറഞ്ഞു. ഇവരുടെ വീട്ടില്‍ സ്ഥാപിച്ചിരുന്ന ഇന്‍ക്യുബിലേറ്ററില്‍ നിന്ന് പക്ഷികളുടെ മുട്ടകളും കണ്ടെത്തി. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുക്കുക.
പിടികൂടിയ പക്ഷികളും മുട്ടകളും ഹിമാലയന്‍ നിരകളിലേക്ക് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. തല്ക്കാലം പക്ഷികളും മുട്ടകളും തട്ടേക്കാട് പക്ഷി സങ്കേതത്തിലെത്തിച്ച് ശാസ്ത്രജ്ഞരുടെ സംരക്ഷണത്തില്‍ നിരീക്ഷിച്ച ശേഷം ഹിമാലയത്തില്‍ എത്തിക്കാന്‍ നടപടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."