ഒളിംപിക്‌സ് : സുരക്ഷാ പ്രശ്‌നത്തില്‍ അധികൃതര്‍ രണ്ടു തട്ടില്‍
റിയോ ഡി ജനീറോ: ഒളിംപിക്‌സ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സുരക്ഷയുടെ കാര്യത്തില്‍ ബ്രസീല്‍ അധികൃതര്‍ രണ്ടു തട്ടില്‍. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ഒളിംപിക് അസോസിയേഷന്‍ റിയോയില്‍ സുരക്ഷാ പ്രശ്‌നങ്ങളില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഈ വാദത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമാണ് ആളുകള്‍ രംഗത്തെത്തിയിരിക്കുന്നത്.
റിയോയിലെ മത്സരങ്ങളുടെ ചുമതലയുള്ള സെക്രട്ടറി ആന്‍ഡ്രെ റോഡ്രിഗസ് സുരക്ഷയുടെ കാര്യത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. ഒളിംപിക്‌സിന് യാതൊരു പ്രതിസന്ധിയും ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ കഴിഞ്ഞ ദിവസം വോളിബോള്‍ മത്സരങ്ങള്‍ നടക്കുന്ന കോപ്പ കബാന ബീച്ചില്‍ നിന്ന് ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചത് സന്ദര്‍ശകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വിദേശീയര്‍ ഏറ്റവുമധികം സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലൊന്നാണ് കോപ്പ കബാന.
ഈ വര്‍ഷം റിയോയില്‍ മാത്രം 2,083 പേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷത്തിനെ അപേക്ഷിച്ച് 14 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മോഷണങ്ങളും കൊലപാതകങ്ങളും ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. നേരത്തെ ജര്‍മന്‍ ബ്രോഡ്കാസ്റ്റേഴ്‌സിന്റെ ടെലിവിഷന്‍ ഉപകരണങ്ങളടങ്ങിയ വാഹനം മോഷ്ടിക്കപ്പെട്ടിരുന്നു. പിന്നീട് ഇത് പൊലിസ് കണ്ടെത്തുകയായിരുന്നു.
അതേസമയം റിയോയിലേത് ദുര്‍ബലമായ സുരക്ഷാ സന്നാഹങ്ങളാണെന്ന് സുരക്ഷാ വിദഗ്ധനായ റോബര്‍ട്ട മുഗ പറഞ്ഞു. തീവ്രവാദ ഗ്രൂപ്പുകള്‍ ഒളിംപിക്‌സിനിടെ രാജ്യത്ത് ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെ മുന്‍കൂട്ടി കണ്ട് സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല.
റിയോയിലേക്ക് നിരവധി വിദേശികളാണ് നിത്യേന വരുന്നത്. ഇവരിലൂടെ തീവ്രവാദികള്‍ രാജ്യത്തെത്താനുള്ള സാഹചര്യമുണ്ട്. അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളായ പരാഗ്വെയില്‍ നിന്ന് ആയുധങ്ങള്‍ വന്‍തോതില്‍ ബ്രസീലിലേക്കെത്തുന്നുണ്ട്. കഴിഞ്ഞ മാസം ഇസ്‌ലാമിക് സ്റ്റേറ്റിന്റെ സന്ദേശം ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പോര്‍ച്ചുഗീസ് ഭാഷയിലുള്ള സന്ദേശങ്ങളില്‍ പാരിസിന് ശേഷം ഐ.എസ് ഭീകരാക്രമണം നടത്താന്‍ ഉദേശിക്കുന്നത് ബ്രസീലിലാണെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. അതേസമയം സൈബര്‍ ആക്രമണങ്ങളെയും കരുതിയിരിക്കണമെന്ന് മുഗ പറഞ്ഞു. എന്നാല്‍ 85,000 പൊലിസുകാരെ സുരക്ഷയ്ക്ക് ഏര്‍പ്പാടാക്കിയിട്ടുണ്ടെങ്കിലും ഇവര്‍ക്ക് ശമ്പളം നല്‍കാത്ത നടപടി സുരക്ഷയെ ദുര്‍ബലമാക്കിയിട്ടുണ്ടെന്നും മുഗ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."