'ചൈനയുടെ ശക്തി ഇന്ത്യ കുറച്ചുകാണരുത്' മുന്നറിയിപ്പുമായി ചൈനീസ് വിദേശകാര്യമന്ത്രി
ബെയ്ജിങ്: തങ്ങളുടെ പരമാധികാര ഭൂപ്രദേശങ്ങള്‍ സംരക്ഷിക്കാനുള്ള ചൈനയുടെ ശക്തിയെ ഇന്ത്യ വിലകുറച്ചുകാണരുതെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി. ഗല്‍വാന്‍ താഴ്‌വരയില്‍ ഇരു ഭാഗത്തെയും സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതിന് ഉത്തരവാദികളായവരെ ഇന്ത്യ ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നടന്ന കാര്യത്തെ കുറിച്ച് ഇന്ത്യ തെറ്റായി വിലയിരുത്തരുതെന്നും വാങ് യി പറഞ്ഞു. നേരത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി അദ്ദേഹം ഫോണില്‍ സംസാരിച്ചിരുന്നു.
അതേസമയം അതിര്‍ത്തിയില്‍ ചൈനയുടെ പ്രദേശത്തേക്കു കൂടി ഇന്ത്യ അടിസ്ഥാനസൗകര്യ വികസനം വ്യാപിപ്പിച്ചതായി ചൈനയുടെ ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസ് ആരോപിച്ചു. ഇന്ത്യയുടെ ധിക്കാരപരമായ മനോഭാവമാണ് അതിര്‍ത്തിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. അതിര്‍ത്തി പ്രശ്‌നത്തില്‍ ഇന്ത്യ സങ്കുചിത സമീപനമാണ് സ്വീകരിക്കുന്നത്. ചൈന ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഇന്ത്യ കരുതുന്നത്. യു.എസിന്റെ സമ്മര്‍ദമാണ് ഇതിനു കാരണമെന്നും എഡിറ്റോറിയല്‍ ആരോപിക്കുന്നു.
ഇന്ത്യയുടെ പ്രകോപനങ്ങളോട് അതേ മാതൃകയില്‍ തിരിച്ചടിക്കേണ്ടെന്നാണ് ചൈനയുടെ നിലപാട്. അതേസമയം ചൈനയുടേതിനെക്കാള്‍ ശക്തമാണ് ഇന്ത്യന്‍ സൈന്യമെന്ന് ഇന്ത്യയിലെ ചിലര്‍ തെറ്റിദ്ധരിക്കുന്നുണ്ട്. ചൈന ഇന്ത്യയുമായി സംഘര്‍ഷം ആഗ്രഹിക്കുന്നില്ല. ഉഭയകക്ഷി ചര്‍ച്ചയിലൂടെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാലിത് ചൈനയുടെ ദൗര്‍ബല്യമായി കാണരുത്. സമാധാനത്തിനായി പരമാധികാരം ബലികഴിക്കാന്‍ ചൈനയ്ക്കാവില്ല. സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെങ്കിലും ഏറ്റുമുട്ടലുണ്ടാവുന്നതിനെ ഭയക്കുന്നില്ല.
ചൈനയിലെ ജനങ്ങള്‍ അതിര്‍ത്തി പ്രശ്‌നത്തില്‍ സര്‍ക്കാരിനെയും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെയും വിശ്വസിക്കണമെന്നും രാജ്യത്തിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കാന്‍ ചൈനക്ക് കഴിവുണ്ടെന്നും പറഞ്ഞാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കീഴിലുള്ള പത്രമായ ഗ്ലോബല്‍ ടൈംസ് എഡിറ്റോറിയല്‍ അവസാനിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."