പി.രാജീവിന്റെ ആദ്യഘട്ട പൊതുപര്യടനം എറണാകുളം നഗരത്തില്‍ സമാപിച്ചു
കൊച്ചി: എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. രാജീവിന്റെ ആദ്യഘട്ട പൊതുപര്യടനത്തിന് വാണിജ്യതലസ്ഥാനമായ എറണാകുളം നഗരത്തില്‍ ആവേശകരമായ സമാപനം. തുറന്ന ജീപ്പിലെ സ്ഥാനാര്‍ഥി പര്യടനം എറണാകുളം നിയോജക മണ്ഡലത്തിലെ കലാഭവന്‍ റോഡില്‍ പണിക്കശ്ശേരി പറമ്പില്‍ കൊച്ചി നഗരസഭ മുന്‍ മേയറും സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ പ്രൊഫ. മാത്യൂ പൈലി ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി.സി സന്‍ജിത്ത് അധ്യക്ഷത വഹിച്ചു. എല്‍.ഡി.എഫ് എറണാകുളം ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ സി.എം ദിനേശ് മണി, സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ജെ ജേക്കബ്, സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം. അനില്‍കുമാര്‍, ജെ.ഡി.എസ് ജില്ലാ പ്രസിഡന്റ് സാബു ജോര്‍ജ്ജ്, സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എം.പി രാധാകൃഷ്ണന്‍, സി.പി.എം എറണാകുളം ഏരിയ സെക്രട്ടറി പി.എന്‍ സീനുലാല്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
നഗരത്തിനുള്ളില്‍ കരിത്തല കോളനി, കാരിക്കാമുറി, സൗത്ത് റെയില്‍വേ സ്റ്റേഷന്‍, വെള്ളേപ്പറമ്പ്, പടിയാത്തുകുളം, പള്ളിപ്പറമ്പ്, പൂക്കാരന്‍ മുക്ക്, എസ്.ഡി ഫാര്‍മസി കവല എന്നിവിടങ്ങളില്‍ വിഷുക്കണി ഒരുക്കിയും സെല്‍ഫികളെടുത്തും സിന്ദൂരമാലകള്‍ ചാര്‍ത്തിയും നേന്ത്രക്കുലകളും പഴവര്‍ഗ്ഗങ്ങള്‍ നല്‍കിയും പ്രിയനേതാവിനെ പ്രവര്‍ത്തകര്‍ സ്വീകരിച്ചു.
കാരിക്കാമുറി കോളനിയില്‍ സാഹിത്യകുലപതി എം.കെ സാനു മാഷ് മുല്ലമാല കഴുത്തില്‍ അണിയിച്ച് രാജീവിനെ സ്വീകരിച്ച ശേഷം ഇന്ത്യയുടെ മുഴുവന്‍ അഭിമാനമായ രാജീവിനെ വോട്ടുചെയ്ത് വിജയിപ്പിക്കണമെന്ന് വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ഥി എറണാകുളം ലോ കോളജിലേക്കും തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലേക്കുമെത്തി. രണ്ട് കലാലയങ്ങളിലും അവേശോജ്ജ്വലമായ സ്വീകരണങ്ങളാണ് വിദ്യാര്‍ഥികള്‍ ഒരുക്കിയത്. ഉച്ചക്ക് ശേഷം പച്ചാളം എസ്.ആര്‍.എം റോഡ്, അയ്യപ്പന്‍കാവ്, കോമ്പാറ പച്ചാളം, കലൂര്‍ മേഖലകളിലെത്തി പി. രാജീവ് വോട്ടര്‍മാരെ കണ്ടു. കോമ്പാറ ജങ്ഷനിലെ സ്വീകരണത്തില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം ഹൈക്കോടതിയിലെയും ജില്ലാ കോടതിയിലെയും ലോയേഴ്‌സ് യൂണിയന്‍ അംഗങ്ങളും പങ്കെടുത്തു. നാടുണര്‍ത്തി നഗരമുണര്‍ത്തി ജനഹൃദയങ്ങളെ കീഴടക്കി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. രാജീവിന്റെ ആദ്യഘട്ട പൊതു പര്യടനം എറണാകുളം നിയോജക മണ്ഡലത്തില്‍ അവസാനിച്ചു. പൊതു പര്യടനത്തിന്റെ രണ്ടാംഘട്ടം മാര്‍ച്ച് 31ന് ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."