സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് യു.എസ്
വാഷിങ്ടണ്‍: കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ-ചൈന സൈനിക സംഘര്‍ഷം നടന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്ന് അമേരിക്ക. ഇരു രാജ്യങ്ങളും തമ്മില്‍ സമാധാനപരമായി പ്രശ്‌നം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവ് അറിയിച്ചു.
ഇന്ത്യയും ചൈനയും വിഷയത്തില്‍ അമേരിക്കയുടെ ഇടപെടല്‍ വേണമെന്ന് ആവശ്യം പ്രകടിപ്പിച്ചതായും വക്താവ് പറഞ്ഞു. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട 20 ഇന്ത്യന്‍ സൈനികര്‍ക്ക് യു.എസ് അനുശോചനം അറിയിച്ചു. ജൂണ്‍ രണ്ടിന് പ്രസിഡന്റ് ട്രംപുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിര്‍ത്തിയിലെ അവസ്ഥ ചര്‍ച്ച ചെയ്തിരുന്നുവെന്നും വക്താവ് പറഞ്ഞു.
അതിനിടെ അതിര്‍ത്തി സംഘര്‍ഷത്തില്‍ സൈനികര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ചൈനയെ ലക്ഷ്യമാക്കി അമേരിക്ക പസഫിക് സമുദ്ര മേഖലയില്‍ 24 മണിക്കൂറിനുള്ളില്‍ വന്‍ സൈനിക വിന്യാസം നടത്തിയെന്ന് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുദ്ധക്കപ്പലുകള്‍ക്ക് പുറമെ ഇന്തോ-പസഫിക് സമുദ്ര മേഖലയിലേക്ക് മൂന്ന് വിമാനവാഹിനികള്‍ അമേരിക്ക അധികമായി വിന്യസിച്ചിട്ടുണ്ട്. 2017ല്‍ ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇത്രയധികം വിമാനവാഹിനികള്‍ പസഫിക് സമുദ്ര മേഖലയില്‍ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."