മക്കള്‍ വീട്ടിനുള്ളില്‍ പൂട്ടിയിട്ട പിതാവ് പുഴുവരിച്ച നിലയില്‍
പുനലൂര്‍: മക്കള്‍ വീട്ടിനുള്ളില്‍ പൂട്ടിയിട്ട വയോധികനായ പിതാവിനെ തലയിലെ മുറിവില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തി. പുനലൂര്‍ പത്തേക്കര്‍ വാര്‍ഡില്‍ ഉദയഭവനില്‍ ഗോപാലക്കുറുപ്പിനെയാണ് (84) വീട്ടിനുള്ളില്‍ പൂട്ടിയിട്ട നിലയില്‍ നഗരസഭയിലെ ആശ വര്‍ക്കര്‍മാര്‍ കണ്ടെത്തിയത്.
ഒരാഴ്ചയായി പട്ടിണിയിലായി അവശനായ വയോധികനെ നാട്ടുകാരുടെ സഹായത്തോടെ ജനമൈത്രി പൊലിസെത്തി രക്ഷപെടുത്തി ആശുപത്രിയിലാക്കി. പട്ടിണി കിടന്ന് അവശനായി തലയിലെ മുറിവ് വ്രണമായി പുഴുവരിച്ച നിലയിലായിരുന്നു ഗോപാലക്കുറുപ്പ്. രണ്ട് ആണും ഒരു പെണ്ണും ഉള്ള ഗോപാലക്കുറുപ്പിന് മക്കള്‍ ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് നാട്ടുകാരായിരുന്നു ആശയം.
ഗുജറാത്തില്‍ താമസക്കാരിയായ മകള്‍ അമ്പിളിക്ക് വീടും സ്ഥലവും എഴുതി നല്‍കിയതിനെ തുടര്‍ന്ന് മറ്റ്മക്കളായ ബാബുവും അജയനും ഇവിടെ നിന്നും മാറി താമസം തുടങ്ങി. സ്ഥലമെഴുതി വാങ്ങിയ മകളും സ്ഥലം വിട്ടതോടെ പിതാവ് പട്ടിണിയായി. ഇതിനിടെ പുറത്തേക്കിറങ്ങവേ തലമുറിഞ്ഞ് പനിയായി കിടപ്പിലുമായി. വിവരമറിഞ്ഞെത്തിയ മക്കള്‍ പിതാവ് വെളിയിലിറങ്ങാതെ കതക് വെളിയില്‍ നിന്ന് കയറിട്ട് കെട്ടിയിട്ട് കടന്നു.
വീട് അടച്ചിട്ടിരിക്കുന്നത് കണ്ട നാട്ടുകാര്‍ മക്കള്‍ക്കൊപ്പം പോയെന്ന് കരുതി പിന്നെ ശ്രദ്ധിക്കാതെയുമായി. പത്തേക്കര്‍ വാര്‍ഡിലെ ആശ വര്‍ക്കര്‍മാരായ ശാന്തമ്മ, ലൈല എന്നിവര്‍ വീട്ടിലെത്തിയപ്പോള്‍ അകത്ത് നിന്ന് ഞരക്കവും മറ്റും കേട്ട് ജനാല വഴി നോക്കിയപ്പോഴാണ് അവശനിലയിലായ വയോധികനെ കണ്ടെത്. പൊലിസ് മകന്‍ ബാബുവിനെ വിളിച്ച് വരുത്തി താക്കീത് നല്‍കിയ ശേഷം മറ്റ് മക്കളെ വിവരമറിയിച്ച് തുടര്‍ ചികിത്സ ഏര്‍പ്പാടാക്കാനും ബാബുവിനെ ചുമതലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."