കാപ്പെക്‌സില്‍ എ.ഐ.ടി.യു.സി സമരം വിജയിച്ചു
കൊല്ലം: കൊപ്പെക്‌സ് എം.ഡിയുടെ ഏകാധിപത്യ നിലപാടിലും തൊഴിലാളിവിരുദ്ധ നടപടികളിലും പ്രതിഷേധിച്ച് എ.ഐ.ടി.യു.സി നേതൃത്വത്തില്‍ നടന്ന പണിമുടക്ക് വിജയിച്ചു. ചെയര്‍മാന്റെയും ഡയറക്ടര്‍ ബോര്‍ഡിന്റെയും അനുമതി കൂടാതെ മാനേജിങ് ഡയറക്ടര്‍ എ.ഐ.ടി.യു.സി യൂനിയനില്‍പെട്ട തൊഴിലാളികളെ തെരഞ്ഞുപിടിച്ച് ജോലിയില്‍ നിന്ന് ഒഴിവാക്കിയ നടപടി പിന്‍വലിച്ചതായി യൂനിയന്‍ നേതൃത്വത്തെ അറിയച്ചതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ ജോലിയില്‍ പ്രവേശിച്ചത്.
എ.ഐ.ടി.യു.സി നേതൃത്വത്തിലുള്ള കശുവണ്ടി തൊഴിലാളി കേന്ദ്രകൗണ്‍സില്‍ തിങ്കളാഴ്ച മുതലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. കാപ്പെക്‌സിന്റെ കീഴിലുള്ള വിവിധ ഫാക്ടറികളില്‍ ശക്തമായ സമരമാണ് നടന്നത്. കക്ഷിരാഷ്ട്രീയത്തിനതീതമായി തൊഴിലാളികള്‍ സമരത്തെ പിന്തുണച്ചു. ഇതിനെ ചെറുക്കാന്‍ എം.ഡി നേരിട്ട് ഗുണ്ടാസംഘങ്ങളെ രംഗത്തിറക്കിയെന്ന് എ.ഐ.ടി.യു.സി ആരോപിച്ചു. ഈ പ്രകോപനങ്ങളെയെല്ലാം അതിജീവിച്ചാണ് സമരം വിജയിപ്പിക്കാനായതെന്ന് യൂനിയന്‍ അറിയിച്ചു.
എ.ഐ.ടി.യു.സി ജീവനക്കാരെ ഇതിനിടയില്‍ തലങ്ങും വിലങ്ങും ദൂരസ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റിക്കൊണ്ട് പലതരത്തിലുള്ള പ്രതികാര നടപടികളും മാനേജിങ് ഡയറക്ടര്‍ നടത്തി. യൂനിയനില്‍ നിന്ന് ജീവനക്കാരെ രാജിവയ്പ്പിക്കാനും മറ്റൊരു യൂനിയനില്‍ ചേരാനും പ്രേരിപ്പിച്ചു. അങ്ങനെവന്നാല്‍ സ്ഥലംമാറ്റം റദ്ദ് ചെയ്യാമെന്നും മാനേജിങ് ഡയറക്ടര്‍ പരസ്യമായി പ്രഖ്യാപിച്ചു. അതിന് വഴങ്ങിയ ഏതാനും ജീവനക്കാരെ പിറ്റേദിവസം തന്നെ അവരുടെ പഴയ ലാവണത്തില്‍ തിരിച്ച് നിയമിക്കുകയും ചെയ്തു.
അതിനുവേണ്ടി അവര്‍ എ.ഐ.ടി.യു.സി നിന്ന് രാജിവച്ചതായി രേഖ എഴുതിവാങ്ങുകയും ചെയ്തതായും എ.ഐ.ടി.യു.സി നേതാക്കള്‍ പറഞ്ഞു. സമരം വിജയിച്ചതിനെ തുടര്‍ന്ന് പണിമുടക്കിയ തൊഴിലാളികള്‍ ഫാക്ടറികള്‍ക്ക് മുന്നില്‍ യോഗം നടത്തി. കിളികൊല്ലൂര്‍ കാപ്പെക്‌സ് ഫാക്ടറി പടിക്കല്‍ നടന്ന യോഗത്തില്‍ ജി. ലാലു, ജി. ചെല്ലപ്പന്‍, ബി. രാജു, എന്‍. സോമരാജന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."