വിരമിച്ചിട്ടും വിരമിക്കാതെ ഐ.എ.എസ് ഉന്നതര്‍; നികുതി പണം കൊണ്ട് 'വിശ്രമജീവിതം'
തിരുവനന്തപുരം: ചെലവ് ചുരുക്കാന്‍ അപ്രഖ്യാപിത നിയമന നിരോധനമടക്കം നടപ്പിലാക്കുമ്പോഴും സര്‍വിസില്‍ ഉള്ളപ്പോള്‍ വിനീതവിധേയരായിരുന്ന എല്ലാ ഐ.എ.എസ് ഉന്നതര്‍ക്കും പുനര്‍നിയമനം നല്‍കി സര്‍ക്കാര്‍. വിരമിച്ച ശേഷവും ഇവര്‍ക്ക് ഉയര്‍ന്ന കസേരകള്‍ കൊടുത്തതോടെ ലക്ഷങ്ങളാണ് ഓരോ മാസവും സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവാകുന്നത്.
ഈ സര്‍ക്കാര്‍ വന്നതിനു ശേഷം ചീഫ് സെക്രട്ടറി കസേരയിലിരുന്ന ഒരാളൊഴികെ എല്ലാവരേയും പ്രധാന പദവികളില്‍ പ്രതിഷ്ഠിച്ചു. കൂടാതെ ഭൂരിഭാഗം ഐ.എ.എസുകാരും റിട്ടയര്‍മെന്റ് കാലത്തും ജനങ്ങളുടെ നികുതിപ്പണം വാങ്ങി ജീവിക്കുകയാണിപ്പോള്‍. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം അഞ്ചു വര്‍ഷത്തിനിടയില്‍ അഞ്ചു ചീഫ് സെക്രട്ടറിമാരാണ് വിരമിച്ചത്. വിരമിച്ച അഞ്ചില്‍ നാലുപേര്‍ക്കും പ്രധാന പദവികള്‍ ലഭിച്ചു. അതേ സമയം, പോള്‍ ആന്റണി ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നു വിരമിച്ചപ്പോള്‍ കൊച്ചിയില്‍ ഓഫിസ് നല്‍കുന്ന നിയമനം വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും അദ്ദേഹം നിരസിച്ചു.
ഇടതു സര്‍ക്കാരിന്റെ കാലത്ത് ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിക്കുന്ന അഞ്ചാമത്തെ ചീഫ് സെക്രട്ടറിയാണ് ടോം ജോസ്. വിവാദങ്ങളുടെ അകമ്പടിയോടെയാണ് ടോം ജോസ് ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ചത്. പമ്പയിലേക്കുള്ള ഹെലികോപ്റ്റര്‍ യാത്രയും സ്വകാര്യകമ്പനിക്ക് മണല്‍ മറിച്ചു വില്‍ക്കാനുള്ള ശ്രമങ്ങളും നേരത്തെ അനധികൃത സ്വത്ത് സമ്പാദനത്തിലുള്ള വിജിലന്‍സ് കേസും വിവാദമായിരുന്നു.
എന്നാല്‍ വിരമിച്ച ശേഷം പുതിയ താവളം കണ്ടെത്താന്‍ ഇതൊന്നും ടോം ജോസിന് തടസമായില്ല. ടോം ജോസിന് പിണറായി സര്‍ക്കാര്‍ സമ്മാനിച്ചത് ഷിപ്പിങ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പറേഷന്റെ ചെയര്‍മാന്‍ സ്ഥാനമാണ്. മധ്യകേരളത്തില്‍ നിന്നുള്ള ടോം ജോസിന് ഇപ്പോള്‍ കൊച്ചിയില്‍ താമസിക്കുന്നതിനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. അദ്ദേഹത്തിനായി കൂടുതല്‍ വലിയ ചുമതലകള്‍ നല്‍കണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളത്.
മുന്‍ ചീഫ് സെക്രട്ടറിമാര്‍
ഇപ്പോഴും 'തലപ്പത്ത്' തന്നെ
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ചീഫ് സെക്രട്ടറി ആയിരുന്ന എസ്.എം വിജയാനന്ദ് ആറാം ധനകാര്യ കമ്മിഷന്‍ ചെയര്‍മാനാണിന്ന്. തുടര്‍ന്ന് വന്ന കെ.എം എബ്രഹാം ചീഫ് സെക്രട്ടറിയായി വിരമിച്ചെങ്കിലും കിഫ്ബി സി.ഇ.ഒ സ്ഥാനത്ത് സ്വന്തമായി തന്നെ തീരുമാനിച്ച ശമ്പളത്തില്‍ ലക്ഷങ്ങള്‍ വാങ്ങി തുടരുന്നു. പിന്നീട് വന്ന നളിനി നെറ്റോയാകട്ടെ വിരമിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി. അവര്‍ പിന്നീട് രാജിവച്ച് പോകുകയായിരുന്നു. സി.പി നായര്‍, ഷീലാ തോമസ്, നീലാ ഗംഗാധരന്‍ എന്നിവരെ ഭരണപരിഷ്‌കാര കമ്മിഷനില്‍ അംഗളാക്കി. കമ്മിഷന്‍ ഇതുവരെ നല്‍കിയ റിപ്പോര്‍ട്ടുകളില്‍ ഒന്നുപോലും ഈ സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല എന്നത് വേറെ കാര്യം. കമ്മിഷന്റെ നടത്തിപ്പിനായി ഇതുവരെ ചെലവഴിച്ചത് ഒന്‍പത് കോടി രൂപയും. മുന്‍ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ മലയാളം സര്‍വകലാശാല വി.സിയായി. അവിടെ നിന്നും ഇറങ്ങിയപ്പോള്‍ അടുത്ത ലാവണം നല്‍കി പിണറായി സര്‍ക്കാര്‍. നിലവില്‍ ഐ.എം.ജി ഡയറക്ടറാണ്.
അഡീഷണല്‍ ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ നിന്ന് വിരമിച്ച ശേഷം മുഖ്യമന്ത്രിയുടെ ഓഫിസില്‍ വരെ പുതിയ ലാവണം കണ്ടെത്തിയവരും നിരവധിയാണ്. പി. ചന്ദ്രശേഖരന്‍, രമണ്‍ ശ്രീവാസ്തവ ഉള്‍പ്പെടെ ഐ.പി.എസ് ഉദ്യോഗസ്ഥരെയും പിണറായി വിജയന്‍ ഇഷ്ട കസേരകളില്‍ കൊണ്ടിരുത്തിയിട്ടുണ്ട്.
'വിശ്രമ ജീവിത'ത്തിലും
നികുതിപണത്തില്‍ നിന്നും
മാസം ഏഴു ലക്ഷം വീതം
മികച്ച ഉദ്യോഗസ്ഥരുടെ കഴിവ് അവര്‍ വിരമിച്ച ശേഷവും സംസ്ഥാനത്തിന് ലഭ്യമാക്കുകയാണ് ഉദ്ദേശമെന്ന് സര്‍ക്കാരിന്റെ വാദം. എന്നാല്‍ മികച്ച കഴിവുള്ള ഉദ്യോഗസ്ഥര്‍ സര്‍വിസിലുണ്ടായിരുന്നിട്ടും അവരെയൊന്നും ഈ പദവികളിലേക്ക് പരിഗണിക്കാതെയാണ് സര്‍വിസിലുള്ളപ്പോള്‍ എല്ലാ കാര്യങ്ങളും മുറപോലെ ചെയ്തു കൊടുത്തവര്‍ക്ക് വിശ്രമ ജീവിതത്തില്‍ ഉന്നത പദവി നല്‍കിയത്. ലഭിക്കുന്ന പദവിയുടെയും സ്ഥാപനത്തിന്റെയും വലിപ്പം അനുസരിച്ച് ശരാശരി മൂന്ന് ലക്ഷം രൂപ വരെ ഇവര്‍ക്ക് ശമ്പളം ലഭിക്കുന്നുണ്ട്. പുറമേ പ്രൈവറ്റ് സെക്രട്ടറി, ഡ്രൈവര്‍, വസതി, കാര്‍, ഗണ്‍മാന്‍ തുടങ്ങിയ സൗകര്യങ്ങള്‍ വേറയെും. ഇതു കൂടാതെയാണ് ഇവര്‍ക്ക് ലഭിക്കുന്ന പെന്‍ഷനും. മാസം ഏഴ് ലക്ഷം രൂപയെങ്കിലും ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് മുന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് നല്‍കേണ്ട അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."