നിര്‍ധന കുടുംബത്തിനു വീടൊരുക്കി എം.ഇ.എസ് കോളജ് എന്‍.എസ്.എസ് യൂനിറ്റ്
നെടുങ്കണ്ടം: നിര്‍ധനയായ വീട്ടമ്മയ്ക്ക് സ്നേഹവീടൊരുക്കി നെടുങ്കണ്ടം എം.ഇ.എസ് കോളജ് എന്‍.എസ്.എസ് യൂനിറ്റ് മാതൃകയായി. കോളജും എന്‍.എസ്.എസ് യൂനിറ്റും നടത്തിവരുന്ന സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ ചെന്നാപ്പാറയില്‍ തകടിയേല്‍ ലിസി സിബിച്ചന് അഞ്ചരലക്ഷം രൂപയുടെ വീട് നിര്‍മിച്ചുനല്‍കിയത്. കിഡ്നി രോഗം ബാധിച്ചാണ് ലിസിയുടെ ഭര്‍ത്താവ് മരിച്ചത്. ഈ കുടുംബത്തിന് സ്വന്തമായി സുരക്ഷിതമായ വീടില്ലായിരുന്നു. മൂന്ന് പെണ്‍കുട്ടികളുമായാണ് ലിസി താമസിക്കുന്നത്.
നിര്‍ധനര്‍ക്ക് എന്‍.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ വീട് നിര്മിച്ചുനല്കാന് തീരുമാനിച്ചപ്പോള്‍ കോളജിലെ പൂര്‍വവിദ്യാര്‍ഥിയും വാര്‍ഡ് മെമ്പറുമായ ജിജോ മരങ്ങാട്ടാണ് ഇവരുടെ അവസ്ഥ കോളജ് അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് ഇവര്‍ക്ക് വീടുനല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. എന്‍.എസ്.എസ് യൂനിറ്റ് അംഗങ്ങള്‍ നെടുങ്കണ്ടം, കട്ടപ്പന, കുമളി തുടങ്ങിയ സ്ഥലങ്ങളില്‍ ഇതിനായി സംഭാവനകള്‍ പിരിക്കുകയും കോളജിലെ വിദ്യാര്‍ഥികളുടെ സംഭാവനകളും സ്വരൂപിച്ചാണ് വീട് പൂര്‍ത്തിയാക്കിയത്. 3,95,000 രൂപയാണ് വിദ്യാര്‍ഥികളുടെ സംഭാവനയായി ലഭിച്ചത്.
മാനേജ്മെന്റ് ഈ ഉദ്യമത്തിനായി 50,000 രൂപയും നല്കി. ബാക്കി തുക കോളജ് അധ്യാപകരുടെ സംഭാവനയാണ്.എം.ഇ.എസ് കോളജ് സെക്രട്ടറി പി.എസ്. അബ്ദുള്‍ ഷുക്കൂര്‍ വീടിന്റെ താക്കോല്‍ കൈമാറി. പ്രിന്‍സിപ്പല്‍ പ്രഫ. എ.എം. റഷീദ് അധ്യക്ഷതവഹിച്ചു. വി.പി. മുഹമ്മദ് റഹ്മത്തുള്ള മുഖ്യപ്രഭാഷണം നടത്തി. ജിജോ മരങ്ങാട്ട്, വി.ടി. ഷാനവാസ്, കെ.എ. റമീന, കെ. ഷെരീഫ്, സമീര്‍ സലിം, അഞ്ജലി സെബാസ്റ്റ്യന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."