വ്യാജരേഖ ചമച്ച് വായ്പാ തട്ടിപ്പ് സി.പി.എം പ്രാദേശിക നേതാവിനെതിരേ നടപടി
കൊല്ലം: വ്യാജരേഖ ചമച്ച് വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ പ്രാദേശിക നേതാവിനെതിരേ സി.പി.എം നടപടി. ശക്തികുളങ്ങര സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ്. ശശിധരനെതിരേയാണ് നടപടി. ഇയാളെ തല്‍സ്ഥാനത്തുനിന്ന് നീക്കി.
കുരീപ്പള്ളി സ്വദേശിയായ വിധവ നല്കിയ പരാതിയില്‍ ശക്തികുളങ്ങര പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. തിരിച്ചറിയല്‍ രേഖകള്‍ നല്‍കിയും വ്യാജ ഒപ്പിട്ടും സെന്‍ട്രല്‍ ബാങ്കിന്റെ കാവനാട് ശാഖയില്‍നിന്ന് ഒന്‍പതരലക്ഷം രൂപ വായ്പ എടുത്തെന്നാണ് പരാതി. കുടുംബശ്രീ എ.ഡി.എസുമായ ശശിധരന്റെ ഭാര്യയെയും മറ്റ് കുടുംബാംഗങ്ങളെയും പ്രതികളാക്കി പൊലിസ് കേസെടുത്ത സാഹചര്യത്തില്‍ ശശിധരന് സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് കഴിഞ്ഞദിവസം രാത്രി ചേര്‍ന്ന സി.പി.എം അഞ്ചാലുംമൂട് ഏരിയാ കമ്മിറ്റിയുടെ അടിയന്തര യോഗം വിലയിരുത്തി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ രണ്ടംഗ കമ്മിഷനെയും നിയോഗിച്ചു.
അതേസമയം സെന്‍ട്രല്‍ ബാങ്കിന്റെ റീജ്യനല്‍ ഓഫിസില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ ശക്തികുളങ്ങര ശാഖയില്‍ പരിശോധന നടത്തി. വായ്പ അനുവദിച്ചപ്പോള്‍ ജീവനക്കാര്‍ക്ക് ജാഗ്രതക്കുറവുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ വീട്ടമ്മയെ കൊണ്ട് പരാതി പിന്‍വലിപ്പിക്കാനുള്ള നീക്കങ്ങള്‍ സി.പി.എം ഡി.വൈ.എഫ്.ഐ പ്രദേശിക നേതൃത്വം നടത്തുന്നതായാണ് വിവരം.
എന്നാല്‍ വിധവ നല്കിയ പരാതിയില്‍ ഇതുവരെ പൊലിസ് തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന ആരോപണം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതേസമയം കേസ് പിന്‍വലിക്കാനായി സി.പി.എം പ്രാദേശിക നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതിക്കാരി നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് പൊലിസിന്റേതെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."