ഗെയില്‍ സര്‍വേക്കെതിരേ പ്രതിഷേധം ശക്തം
മുക്കം: നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം ഗെയില്‍ വാതക പൈപ്പ് ലൈന്‍ സര്‍വേക്കെതിരേ ജനവികാരം ശക്തമാകുന്നു. കാരശ്ശേരി പഞ്ചായത്തിലെ സര്‍ക്കാര്‍പറമ്പ്, വലിയപറമ്പ്, കക്കാട്, നെല്ലിക്കാപറമ്പ്, കാരശ്ശേരി എന്നീ ജനവാസ മേഖലയിലൂടെ കടന്നു പോകുന്ന ഗെയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനെതിരേ മലയോര മേഖലയില്‍ വമ്പിച്ച പ്രതിഷേധമാണ് നടക്കുന്നത്. അതിനിടെ കാരശ്ശേരി പഞ്ചായത്തില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ഇന്നലെ കാരശ്ശേരിയില്‍ നടന്ന സര്‍വേ സമാധാനപരമായിരുന്നു.
പൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ എന്ത് വിലകൊടുത്തും തടയുമെന്നും ഇതിനെതിരേയുള്ള ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് ഉടന്‍ തുടക്കം കുറിക്കുമെന്നും ഗെയില്‍ വിക്ടിം ഫോറത്തിന്റെ ഭാരവാഹികളും വ്യക്തമാക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലിസ് സന്നാഹവുമായാണ് ഇന്നലേയും അധികൃതര്‍ സര്‍വേക്കെത്തിയത്.
എന്നാല്‍ കാരശ്ശേരിയില്‍ നാട്ടുകാരില്‍ നിന്ന് കാര്യമായ എതിര്‍പ്പുകള്‍ ഉണ്ടായില്ല. വര്‍ഷങ്ങളോളം ഇതിനെതിരേ പ്രതിഷേധിച്ച പ്രദേശവാസികളില്‍ പലരേയും പൊലിസ് കള്ളക്കേസില്‍ കുടുക്കിയെന്നും ഇതാണ് ഇപ്പോള്‍ ജനങ്ങളുടെ ഭാഗത്തു നിന്നുള്ള എതിര്‍പ്പ് കുറയാന്‍ കാരണമെന്നും നാട്ടുകാര്‍ പറയുന്നു.
ജനവാസ മേഖലയില്‍ ഗെയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കരുതെന്ന നിര്‍ദേശം കാറ്റില്‍ പറത്തിയാണ് അധികൃതര്‍ സര്‍വേ നടത്തിയതെന്നും വികസനത്തിന്റെ പേരു പറഞ്ഞ് ജീവനും സ്വത്തിനും ഭീഷണിയായ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നത് സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."