എന്‍.ഡി.പി.എസ് ആക്ടില്‍ ഭേദഗതി; പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന മയക്കുമരുന്ന് വ്യാപാരം തടയുന്നതിനു നാര്‍കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ്(എന്‍.ഡി.പി.എസ്) ആക്ടില്‍ ഭേദഗതി വരുത്തുന്നതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രമേയം പാസാക്കുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. രാജ്യത്തെ കരുത്തുറ്റ സര്‍ക്കാരുകളെ വെല്ലുവിളിക്കാന്‍ വരെ ശക്തരാണ് മദ്യ - മയക്കുമരുന്ന് മാഫിയ. അതിനാല്‍, മയക്കുമരുന്ന് ഉപയോഗവും വിപണനവും തടയുന്നതിനു സമൂഹത്തിന്റെ ഒന്നാകെയുള്ള പങ്കാളിത്തമുണ്ടാവണമെന്ന ഹൈബി ഈഡന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. മയക്കുമരുന്നിന്റെ വ്യാപനം തടയുന്നതിന് എക്‌സൈസ്, പൊലിസ്, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വകുപ്പുകള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. അധ്യാപകര്‍, രക്ഷിതാക്കള്‍, പത്ര-ദൃശ്യമാധ്യമങ്ങള്‍, വ്യാപാരികള്‍, ഓട്ടോ- ടാക്‌സി ഡ്രൈവര്‍മാര്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരുടെ സഹകരണം ഇക്കാര്യത്തില്‍ ആവശ്യമാണ്. വിവിധതരം ബ്രാന്‍ഡുകള്‍ ലഹരിക്കായി സ്‌കൂള്‍, കോളജ് തലങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതു തടയുന്നതിന് സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റ്, ആന്റി നാര്‍കോട്ടിക് ക്ലബ് എന്നിവയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. ജനമൈത്രി പൊലിസ് സംവിധാനത്തിലൂടെ ബോധവല്‍ക്കരണപ്രവര്‍ത്തനവും നടത്തും. രക്ഷിതാക്കള്‍ക്കും ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം ആവശ്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."