കെ.എം.സി.ടി എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥികളുടെ ആത്മഹത്യാ ഭീഷണി
മുക്കം: അധികൃതര്‍ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവച്ചെന്ന് ആരോപിച്ച് മുക്കം കളന്‍തോട് കെ.എം.സി.ടി എന്‍ജിനീയറിങ് കോളജില്‍ മൂന്നു വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിന്റെ ക്യാബിന് മുന്നില്‍ പെട്രോളുമായെത്തി ആത്മഹത്യാ ഭീഷണി മുഴക്കി. രക്ഷിതാക്കള്‍ നോക്കി നില്‍ക്കെ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. മറ്റു വിദ്യാര്‍ഥികള്‍ അറിയിച്ചതിനെ തുടര്‍ന്ന് മുക്കത്തു നിന്ന് ഫയര്‍ഫോഴ്‌സും പൊലിസുമെത്തി വിദ്യാര്‍ഥികളെ പിന്തിരിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വിവിധ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ കോളജ് ഉപരോധിച്ചു. ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയും ഉടലെടുത്തു.
2015-16 അധ്യയന വര്‍ഷത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളില്‍ ചിലര്‍ ഇയര്‍ ഔട്ടായതിനെ തുടര്‍ന്ന് പഠനം അവസാനിപ്പിക്കുകയും തങ്ങളുടെ പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കോളജിനെ സമീപിച്ചിരുന്നു. എന്നാല്‍ നാലു വര്‍ഷത്തെ കോഴ്‌സ് ഫീ മുഴുവന്‍ അടയ്ക്കാതെ സര്‍ട്ടിഫിക്കറ്റുകള്‍ വിട്ടുതരില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. തടഞ്ഞുവച്ച സര്‍ട്ടിഫിക്കറ്റുകള്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നിരവധി തവണ കോളജില്‍ കയറിയിറങ്ങിയെങ്കിലും അധികൃതര്‍ നല്‍കാന്‍ തയാറായില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ചില വിദ്യാര്‍ഥികള്‍ കോളജ് അധികൃതരുടെ ഭീഷണി കാരണം മുഴുവന്‍ ഫീസും അടച്ച് സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റിയെങ്കിലും ഭൂരിഭാഗം വിദ്യാര്‍ഥികളും അതിനു തയാറായിരുന്നില്ല. ഏറെ ശ്രമത്തിനൊടുവില്‍ ചൊവ്വാഴ്ച ഒരു വിദ്യാര്‍ഥിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയ വിവരമറിഞ്ഞ് ഇന്നലെ രാവിലെ നിരവധി വിദ്യാര്‍ഥികളാണ് രക്ഷിതാക്കള്‍ക്കൊപ്പം കോളജിലെത്തിയത്. എന്നാല്‍ വിദ്യാര്‍ഥികളും സംഘടനകളും രക്ഷിതാക്കളും മണിക്കൂറുകളോളം പ്രിന്‍സിപ്പല്‍ ജനാര്‍ദനന്‍ നായരുമായി ചര്‍ച്ച നടത്തിയിട്ടും മുന്‍ തീരുമാനത്തില്‍ മാറ്റം വരുത്താന്‍ അധികൃതര്‍ തയാറായില്ല. ഇതോടെ വിദ്യാര്‍ഥികള്‍ ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.
തുടര്‍ന്ന് സ്ഥലത്തെത്തിയ താമരശേരി ഡിവൈ.എസ്.പി കെ. അഷ്‌റഫ്, കൊടുവള്ളി സി.ഐ ബിശ്വാസ്, മുക്കം എസ്.ഐ സനല്‍രാജ് അടക്കമുള്ള പോലിസ് ഉദ്യോഗസ്ഥരുടെ മധ്യസ്ഥതയില്‍ കോളജ് അധികൃതരും വിദ്യാര്‍ഥി പ്രതിനിധികളും തമ്മില്‍ നടന്ന ധാരണ പ്രകാരം അടുത്ത ശനിയാഴ്ച വിശദമായി ചര്‍ച്ച ചെയ്തു പ്രശ്‌നം പരിഹരിക്കാന്‍ തീരുമാനിച്ചു. ചര്‍ച്ച വിദ്യാര്‍ഥികള്‍ക്കെതിരായാല്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് വിദ്യാര്‍ഥി സംഘടനകള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
അതേസമയം വിദ്യാര്‍ഥികള്‍ അടക്കാനുള്ള നാലു വര്‍ഷത്തെ ഫീസ് പകുതിയാക്കി കുറക്കുകയും പിന്നീട് നടന്ന ചര്‍ച്ചയില്‍ 12,000 രൂപ അടച്ചാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിട്ടു കൊടുക്കാന്‍ തങ്ങള്‍ തയാറായിരുന്നെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. സാങ്കേതിക സര്‍വകലാശാലയുമായി അഫ്‌ലിയേറ്റഡ് ചെയ്തതിനാല്‍ ഇയര്‍ ഔട്ടായ വിദ്യാര്‍ഥികള്‍ക്ക് രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശനം സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."