മത്സ്യ ലേലം: പെര്‍മിറ്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം
കോഴിക്കോട്: ഫിഷ് ലാന്‍ഡിങ് സെന്ററുകളിലെയും ഫിഷിങ് ഹാര്‍ബറുകളിലെയും മാര്‍ക്കറ്റുകളിലെയും മത്സ്യ ലേലം പെര്‍മിറ്റ് അടിസ്ഥാനത്തില്‍ നിയന്ത്രിക്കാന്‍ നിര്‍ദേശം. മത്സ്യത്തൊഴിലാളികളെ ചൂഷണങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ മത്സ്യമേഖലയില്‍ മാറ്റങ്ങള്‍കൊണ്ടു വരുന്നതിനുള്ള ബില്‍ സംബന്ധിച്ച് ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച ശില്‍പശാലയിലാണ് നിര്‍ദേശം മുന്നോട്ടു വച്ചത്.
ഹാര്‍ബറുകള്‍ മാര്‍ക്കറ്റിങ് സെന്ററുകള്‍ എന്നിവടങ്ങളിലല്ലാതെയുള്ള മത്സ്യ ലേലം നിരോധിക്കും. ഫിഷ് ലാന്‍ഡിങ് സെന്ററുകളുടെയും ഫിഷിങ് ഹാര്‍ബറുകളുടെയും മത്സ്യ വിപണന കേന്ദ്രങ്ങളുടെയും നടത്തിപ്പിനും പരിപാലനത്തിനുമായി ജനപ്രതിനിധികള്‍, മത്സ്യത്തൊഴിലാളി പ്രതിനിധികള്‍, ഉദ്യാഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി മാനേജ്‌മെന്റ് സൊസൈറ്റികളും കമ്മിറ്റികളും രൂപീകരിക്കും.
ഫിഷ് ലാന്‍ഡിങ് സെന്റര്‍, ഹാര്‍ബര്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ മത്സ്യം ശുചിത്വത്തോടെ കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് സംവിധാനമൊരുക്കും. മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ ശുപാര്‍ശ ചെയ്യുന്നവര്‍ക്ക് മാത്രമേ മത്സ്യം ലേലം ചെയ്യുന്നതിന് പെര്‍മിറ്റ് അനുവദിക്കുകയുള്ളൂ. കമ്മിഷന്‍ അഞ്ചു ശതമാനത്തില്‍ അധികരിക്കാതെ നിജപ്പെടുത്തും. എണ്ണത്തിന്റെയോ കിലോഗ്രാമിന്റെയോ തൂക്കത്തിന്റെയൊ ബോക്‌സ്-ബാസ്‌കറ്റ് എന്നിവയുടെയോ അളവിന്റെ അടിസ്ഥാനത്തിലായിരിക്കണം മത്സ്യ ലേലം നിര്‍ണയിക്കേണ്ടതെന്നാണ് മറ്റൊരു നിര്‍ദേശം.
ഐസ് പ്ലാന്റ്, മത്സ്യം കയറ്റുന്ന വാഹനം, എന്നിവയ്ക്ക് പെര്‍മിറ്റ് ഏര്‍പ്പെടുത്താനും പദ്ധതിയുണ്ട്. സംസ്ഥാനത്തിന് പുറത്തുനിന്ന് കൊണ്ടുവരുന്ന മത്സ്യങ്ങളുടെ ഗുണനിലവാരം ചെക്ക് പോസ്റ്റുകള്‍ വഴി ഉറപ്പുവരുത്തും.
വിവിധ ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍ പങ്കെടുത്ത പരിപാടിയില്‍ ഇരുപതോളം നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ചര്‍ച്ച നടന്നത്. ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍, കെ.കെ സതീഷ് കുമാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബി.കെ സുധീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."