ആഗോള വിപണിയിൽ എണ്ണ ഡിമാന്റ് കുറഞ്ഞു; സഊദി അരാംകോ വിവിധ എണ്ണ, വാതക ഖനന പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി വെച്ചു
ദുബൈ: ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഖനന, കയറ്റുമതി കമ്പനിയായ സഊദി അരാംകോ എണ്ണ മേഖല പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുകയും ചില മേഖലകളിലെ വിപുലീകരണ പ്രവർത്തനങ്ങൾ നീട്ടി വെക്കുകയും ചെയ്‌തതായി ബ്ലൂം ബെർഗ് റിപ്പോർട്ട് ചെയ്‌തു. നിലവിലെ അവസ്ഥയിൽ എണ്ണ വിപണിയിൽ നേരിടുന്ന കടുത്ത പ്രതിസന്ധിയാണ് ഈ മേഖലയുമായി ബന്ധപ്പെട്ട തൊഴിലുകൾ താത്കാലികമായി നിർത്തി വെക്കുന്നതിനും ചില കേന്ദ്രങ്ങളിലെ വികസന പ്രവർത്തനങ്ങൾ വൈകിപ്പിക്കാനും കമ്പനിയെ പ്രേരിപ്പിച്ചത്. എന്നാൽ, ഈ തീരുമാനങ്ങളോടെ മലയാളികളടക്കം ആയിരക്കണക്കിന് ആളുകൾക്കാണ് പൂർണമായോ താത്കാലികമായോ തൊഴിൽ നഷ്ടപ്പെട്ടത്. വിവിധ സ്ഥലങ്ങളിലെ എണ്ണ ഖനനം തന്നെ താത്കാലികമായി കമ്പനി നിർത്തി വെച്ചതായി ബ്ലൂം ബെർഗ് റിപ്പോർട്ടിൽ വ്യക്തമാക്കി.
രണ്ടു എണ്ണ, വാതക ഖനന കരാർ ജോലികൾ ഒരു വർഷത്തേക്ക് നിർത്തി വെച്ചതായാണ് റിപ്പോർട്ടുകൾ. ഇതിനു പുറമെയാണ് ഏകദേശം 18 ബില്യൺ ഡോളർ ചിലവ് പ്രതീക്ഷിക്കുന്ന എണ്ണ, വാതക പദ്ധതികളുടെ വിപുലീകരണവും നിർത്തി വെച്ചത്. പദ്ധതികളുടെ വികസന അവസ്ഥയെക്കുറിച്ചോ പദ്ധതിയെക്കുറിച്ചോ പ്രതികരിക്കാൻ അരാംകോ വിസമ്മതിച്ചതായും ബ്ലൂം ബെർഗ് റിപ്പോർട്ടിൽ വ്യക്തമാക്കി. മാർജാൻ, ബെറി എണ്ണ, വാതക പാടത്തെ എണ്ണ, വാതക ഖനന പ്രവർത്തനങ്ങൾ ആറു മാസം മുതൽ ഒരു വര്ഷം വരെ താത്കാലികമായി നീട്ടികൊണ്ടു പോകാനാണ് അരാംകോ പദ്ധതിയെന്ന് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ബ്ലൂം ബെർഗ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അരാംകോയുമായി കരാറിലേർപ്പെട്ട ദുബായ് ആസ്ഥാനമായുള്ള ഷെൽഫ് ഡ്രില്ലിങ് ലിമിറ്റഡ്, ഹൈ ഐലൻഡ് IV- ലെ റിഗ് പ്രവർത്തനം ഒരു വർഷകാലത്തേക്ക് നിർത്തി വെക്കുന്നതായി അറിയിച്ചിട്ടുണ്ട്. അരാംകോയുടെ നിർദേശ പ്രകാരമാണ് പ്രവർത്തനം നിർത്തി വെക്കുന്നതെന്നു കമ്പനി അറിയിച്ചു. പേർഷ്യൻ ഗൾഫിലെ മർജാൻ എണ്ണപ്പാടത്ത് ഡ്രില്ലിങ് കരാറിൽ ഏർപ്പെട്ട ലണ്ടൻ ആസ്ഥാനമായുള്ള നോബിൾ കോർപ്പറേഷനും കഴിഞ്ഞ മാസം മധ്യത്തോടെ പ്രവർത്തനം നിർത്തുന്നതായി അറിയിച്ചിരുന്നു.
ഈ എണ്ണപ്പാടങ്ങളിൽ നിന്നും പ്രതിദിനം 550,000 എണ്ണയുത്പാദനവും 2.5 ക്യൂബിക് ഫീറ്റ് വാതകവും ഖനനം നടത്താനാണ് നേരത്തെ പദ്ധതി തയ്യാറാക്കിയിരുന്നതെന്നു അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയും വ്യക്തമാക്കി. ഇത്രയും ബൃഹത്തായ പദ്ധതികൾ വെട്ടി ചുരുക്കുന്നതിൽ സഊദി അരാംകോയെ പ്രേരിപ്പിക്കുന്ന വിധം കൊവിഡ് മഹാമാരി ഊർജ്ജ മേഖലയിൽ കടുത്ത നഷ്ടം ഉണ്ടാക്കിയതായാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."